ബുള്ളറ്റ് വിൽപനയെ മുന്നിൽ നിന്ന് നയിച്ച് ക്ലാസിക് 350
Mail This Article
കൊറോണ വൈറസ് വ്യാപനം സൃഷ്ടിച്ച വെല്ലുവിളികളെയും വിപണിയിലെ പ്രതികൂല സാഹചര്യങ്ങളെയും അതിജീവിച്ച് കഴിഞ്ഞ സാമ്പത്തിക വർഷം 5,72,438 മോട്ടോർ സൈക്കിളുകൾ വിറ്റതായി ‘ബുള്ളറ്റ്’ നിർമാതാക്കളായ റോയൽ എൻഫീൽഡ്. 2019 – 20ൽ വിറ്റ 6,09,932 യൂണിറ്റിനെ അപേക്ഷിച്ച് 6.15 ശതമാനത്തോളം കുറവാണിത്.
‘കോവിഡ് 19’ മഹാമാരിയും തുടർന്നു പ്രഖ്യാപിച്ച രാജ്യവ്യാപക ലോക്ക്ഡൗണും 2020 – 21ൽ വാഹന വ്യവസായത്തിനാകെ തന്നെ വമ്പൻ വെല്ലുവിളിയാണു സൃഷ്ടിച്ചത്. ഇത്രയേറെ പ്രതിബന്ധങ്ങൾക്കിടയിലും 2019 — 20നെ അപേക്ഷിച്ച് വിൽപ്പനയിൽ 37,493 യൂണിറ്റ് ഇടിവു മാത്രമാണു കഴിഞ്ഞ സാമ്പത്തിക വർഷം നേരിട്ടത് എന്നത് ഐഷർ ഗ്രൂപ്പിൽപെട്ട റോയൽ എൻഫീൽഡിന് ആത്മവിശ്വാസം പകരുന്ന നേട്ടമാണ്.
റോയൽ എൻഫീൽഡ് ശ്രേണിയിൽ ‘ക്ലാസിക് 350’ തന്നെയാണു വിൽപ്പന കണക്കെടുപ്പിൽ മുന്നിൽ; കഴിഞ്ഞ സാമ്പത്തിക വർഷം 3,61, 140 ‘ക്ലാസിക് 350’ ആണു കമ്പനി വിറ്റത്. 2019 — 20ൽ വിറ്റ 3,98,144 എണ്ണത്തെ അപേക്ഷിച്ച് 9.29% കുറവാണിത്. മൊത്തം 98,008 യൂണിറ്റ് വിൽപ്പനയുമായി ‘ബുള്ളറ്റ് 350’ ആണു പട്ടികയിൽ രണ്ടാം സ്ഥാനത്ത്; 50,579 യൂണിറ്റ് വിൽപ്പന നേടി ‘ഇലക്ട്ര 350’ മൂന്നാമതെത്തി.
റോയൽ എൻഫീൽഡിന്റെ പുത്തൻ അവതരണമായ ‘മീറ്റിയൊർ 350’ കഴിഞ്ഞ സാമ്പത്തിക വർഷം 38,893 യൂണിറ്റ് വിൽപ്പനയാണു കൈവരിച്ചത്. 2020 നവംബറിലായിരുന്നു ‘മീറ്റിയൊർ 350’ വിൽപ്പനയ്ക്കെത്തിയത്.
അഡ്വഞ്ചർ ബൈക്കായ ‘ഹിമാലയ’ന്റെ 2020 — 21ലെ വിൽപ്പന 13,562 എണ്ണമാണ്; മുൻ സാമ്പത്തിക വർഷം വിറ്റ 15,302 യൂണിറ്റിനെ അപേക്ഷിച്ച് 11.37% കുറവാണിത്. എൻജിൻ ശേഷിയേറിയ ‘കോണ്ടിനെന്റൽ ജി ടി 650’, ‘ഇന്റർസെപ്റ്റർ ജി ടി 650’ എന്നിവ ചേർന്ന് 10,256 യൂണിറ്റ് വിൽപ്പനയാണ് 2020 - 21ൽ കൈവരിച്ചത്; മുൻ സാമ്പത്തിക വർഷം ഇരു മോഡലുകളും ചേർന്ന് 20,188 യൂണിറ്റ് വിൽപ്പന നേടിയിരുന്നു.
English Summary: Royal Enfield FY 2021 Sales