ADVERTISEMENT

മഹീന്ദ്ര ബൊലേറൊ പവർ പ്ലസ്, ടിയുവി 300, സ്കോർപ്പിയോ, ഥാർ എന്നിവയുടെ അടിസ്ഥാന വകഭേദങ്ങൾ... പരമാവധി പഴയ ഥാറിന്റെ സിആർഡിഇ മോഡൽ. അതിൽ കൂടുതൽ വിലയുള്ളതോ സൗകര്യങ്ങൾ ഉള്ളതോ ആയ വാഹനങ്ങൾ കേരള പൊലീസിനു സമീപകാലത്തൊന്നും കിട്ടിയിട്ടില്ല. നിയമപാലനം, ഗതാഗത നിയന്ത്രണം, കുറ്റാന്വേഷണം, നിരീക്ഷണം എന്നീ ദൈനംദിന ജോലികൾ നിർവഹിക്കുന്ന പൊലീസ് ഉദ്യോഗസ്ഥർക്കൊന്നും മേൽപറഞ്ഞ 4 വാഹനങ്ങളൊഴികെ മറ്റൊന്നും കിട്ടിയിട്ടില്ലെന്നു കട്ടായം. 

പിങ്ക് പൊലീസിന്റെ കുറച്ചു മാരുതി സുസുക്കി ഡിസയറുകളും ഫോക്സ്‌വാഗൺ അമിയോകളും ഇന്റർസെപ്റ്റർ ക്യാമറകൾ ഘടിപ്പിക്കാനും ഇതര ആവശ്യങ്ങൾക്കുമായി വാങ്ങിയ മാരുതിയുടെ തന്നെ എർട്ടിഗകളും ആണ് ആഭ്യന്തര വകുപ്പ് മഹീന്ദ്രയിൽ നിന്നു മാറിചിന്തിച്ചു സമീപകാലത്തു വാങ്ങിയ കാറുകൾ‌. മുൻപ് ഹൈവേ നിരീക്ഷണ വാഹനങ്ങളായി ക്വാളിസും ഇന്നോവയും വാങ്ങിയിരുന്നെങ്കിലും ഇപ്പോൾ ഇന്നോവ ക്രിസ്റ്റ, ജീപ്പ് കോംപസ് പോലെയുള്ള വാഹനങ്ങൾ ഉയർന്ന ഉദ്യോഗസ്ഥർക്ക് ഉപയോഗിക്കാനായി മാത്രമാണ് അനുവദിക്കുന്നത്. 

ഗവർണർക്കും മുഖ്യമന്ത്രിക്കും എസ്കോർട്ട് പോകാനും ക്രിസ്റ്റകൾ ഉപയോഗിക്കുന്നുണ്ട്. സൈലോയും ടവേരയും നിർത്തിപ്പോയതും നമ്മുടെ പൊലീസ് സേനയിലെ വാഹനപ്രേമികൾക്കു തിരിച്ചടിയായി. സൈലോയ്ക്കു പകരക്കാരനായി വന്ന മരാസോയിലേക്ക് കേരള പൊലീസിന്റെ ശ്രദ്ധ പതിഞ്ഞു വരുന്നതേയുള്ളു.  സുദീർഘമായ ഈ ആമുഖം നൽകിയത് ഒന്ന് അമ്പരപ്പിക്കാൻ വേണ്ടിയാണ്. സ്പെയിനിലെ ഗാർഡിയ സിവിൽ എന്ന പൊലീസ് സേന കുറച്ചു ദിവസങ്ങൾക്കു മുൻപു സ്വന്തമാക്കിയത് ആൽഫാ റോമിയോ സ്റ്റെൽവിയോ എന്ന ആഡംബര ക്രോസോവർ എസ്‌യുവി ആണ്. അതും ചില പൊലീസ് സേനകൾ സൽപേരു വർധിപ്പിക്കാൻ വാങ്ങുന്നതുപോലെ ഒരെണ്ണമൊന്നുമല്ല, 62 സ്റ്റെൽവിയോകൾ ആണു ഗാർഡിയ സിവിൽ സ്വന്തമാക്കിയിരിക്കുന്നത്. 

alfa-romeo-stelvio-1

ഇവയിൽ ഭൂരിഭാഗം വാഹനങ്ങളും ഗതാഗത നിയന്ത്രണ വിഭാഗത്തിലേക്ക് ആകും നിയോഗിക്കപ്പെടുക.ഒന്നിന് 50000 യൂറോ ആണു വില. രൂപയിൽ നോക്കിയാൽ വില 50 ലക്ഷത്തിനടുത്ത്. സർക്കാർ‌ സംവിധാനത്തിൽ സംസ്ഥാനത്ത് 50 ലക്ഷം രൂപയുടെ കാർ ആകെ ഉപയോഗിക്കുന്നതു ഗവർണർ മാത്രമായിരിക്കും. മുഖ്യമന്ത്രി പോലും ഉപയോഗിക്കുന്നത് 30 ലക്ഷം രൂപയിൽ താഴെ വിലയുള്ള ഇന്നോവ ക്രിസ്റ്റയാണ്. ഒരു തലമുറ മുൻപുള്ള ബെൻസ് ഇ ക്ലാസ് ആണ് ഗവർണറുടെ കാർ. 

2000 സിസി 4 സിലിണ്ടർ പെട്രോൾ എൻജിനുള്ള സ്റ്റെൽവിയോ മോഡൽ ആണു ഗാർഡിയ സിവിൽ സ്വന്തമാക്കിയിരിക്കുന്നത്. 200 കുതിരശക്തിയാണ് ഇവ പുറത്തെടുക്കുക. 330 ന്യൂട്ടൻ മീറ്ററാണ് കുതിപ്പുശേഷി. 2200 സിസി ഡീസൽ എൻജിനുള്ള (190 കുതിരശക്തി – 450 എൻഎം കുതിപ്പുശേഷി) മോഡൽ കൂടി ഇവർ സ്വന്തമാക്കുമെന്നു റിപ്പോർട്ടുകൾ ഉണ്ടായിരുന്നെങ്കിലും നിലവിൽ കൈമാറിയതിൽ ഇവയില്ല.

എല്ലാ വാഹനങ്ങൾക്കും അത്യാധുനിക 4 വീൽ ഡ്രൈവ് സംവിധാനം നൽകിയിട്ടുണ്ട്. ‘ക്യൂ4’ എന്നാണ് ആൽഫാ റോമിയോ ഇതിനെ വിളിക്കുന്നത്. മഞ്ഞുകാലത്തും കാര്യക്ഷമമായി നിരീക്ഷണ ജോലികളിൽ ഏർപ്പെടുന്നതിന് 4 വീൽ ഡ്രൈവ് അത്യാവശ്യമാണെന്ന സേനയുടെ കണക്കുകൂട്ടൽ പ്രകാരമാണ് എല്ലാ സ്റ്റെൽവിയോകൾക്കും ഈ സൗകര്യം കമ്പനി നൽകിയത്. 2000 സിസി പെട്രോൾ മോഡൽ 7 സെക്കൻഡുകൾ കൊണ്ടും ഡീസൽ മോഡൽ ഏഴര സെക്കൻഡുകൾ കൊണ്ടും പൂജ്യത്തിൽ നിന്ന് 100 കിലോമീറ്റർ വേഗം കൈവരിക്കും (സ്റ്റെൽവിയോയ്ക്ക് 2900 സിസി ആറു സിലിണ്ടർ എൻജിനുള്ള മറ്റൊരു മോഡൽ കൂടി ഉണ്ട്. അതിന്റെ പെർഫോമൻസ് ഫിഗറുകൾ വ്യത്യസ്തമാണ്). 8 സ്പീഡ് ഓട്ടമാറ്റിക് ഗീയർബോക്സാണ് ഇവയ്ക്കുള്ളത്. പ്രശസ്ത ഓട്ടമാറ്റിക് ഗീയർബോക്സ് നിർമാതാക്കളായ ജർമനിയിലെ ഇസഡ്എഫിന്റെ ടോർക്ക് കൺവെർട്ടർ ഗീയർബോക്സുകളാണിവ. യൂറോ 6 ഡി മലിനീകരണ നിയന്ത്രണ നിയമങ്ങളും ഇവ പാലിക്കുന്നു.

alfa-romeo-stelvio-2

ഇറ്റാലിയൻ പൊലീസിനു പിന്നാലെയാണ് സ്പാനിഷ് ഗാർഡിയ സിവിൽ രണ്ടു വർഷങ്ങൾക്കു മുൻപ് ആദ്യമായി സ്റ്റെൽ‌വിയോ സ്വന്തമാക്കിയത്. അന്ന് 97 സ്റ്റെൽവിയോകൾ ആണ് ഇവർ വാങ്ങിയത്. ആൽഫാ റോമിയോയുടെ ആഡംബര സ്പോർട്സ് സെഡാൻ മോഡലായ ജ്യൂലിയ റൊമേനിയൻ പൊലീസും മുൻപു സ്വന്തമാക്കിയിരുന്നു.

ബിഎംഡബ്യൂ, ഔഡി, മെഴ്സിഡെസ് ബെൻസ് എന്നിവരെ മറികടന്നാണ് സ്റ്റെലന്റിസ് ഗ്രൂപ്പ് ആൽഫാ റോമിയോ ബ്രാൻഡിലൂടെ ടെൻഡറിൽ വിജയിച്ചത്. നമ്മുടെ നാട്ടിലേതു പോലെ തന്നെ വാഹനത്തിന്റെ അടിസ്ഥാന വകഭേദമാണ് ഗാർഡിയ സിവിൽ തിരഞ്ഞെടുത്തിരിക്കുന്നത്. എന്നാൽ ബോഡിയിൽ മാത്രമല്ല, മറിച്ചു സാങ്കേതികമായും മാറ്റങ്ങൾ വരുത്തിയാണ് സ്റ്റെൽവിയോയെ സേനയിലേക്ക് എത്തിച്ചത്. സ്റ്റെൽവിയോയുടെ രൂപഭംഗിക്കൊപ്പം ഗാർഡിയ സിവിലിന്റെ ഗ്രാഫിക്സ് കൂടിയായപ്പോൾ വാഹനത്തിന്റെ കാഴ്ചഭംഗിയും വർധിച്ചിട്ടുണ്ട്. 

പിറ്റ്സ്റ്റോപ്പ്: സംസ്ഥാന പൊലീസിലെ ഏറ്റവും മികച്ച ഹൈവേ പട്രോൾ വാഹനങ്ങൾ വർഷങ്ങൾക്കു മുൻപു വാങ്ങിയ ഇന്നോവകൾ ആണെന്നു പൊലീസ് ഉദ്യോഗസ്ഥർ പറയുന്നു. ആ പരമ്പരയിലെ പല വാഹനങ്ങളും ഇന്നും സാങ്കേതികപരമായ കുഴപ്പങ്ങൾ ഒന്നുമില്ലാതെ അവരുടെ ‘ഡ്യൂട്ടി’ ചെയ്യുന്നുണ്ട്. ക്രിസ്റ്റയായി ഇന്നോവ രൂപാന്തരം പ്രാപിക്കുകയും വാഹനത്തിന്റെ വില കൂടുകയും ചെയ്തതോടെയാണ് പൊലീസ് ഇവയെ കൈ വിട്ടത്. 

നിലവിൽ മന്ത്രിമാർ ഉപയോഗിക്കുന്ന വാഹനങ്ങൾ മിക്കതും ഇന്നോവ ക്രിസ്റ്റകൾ ആണ്. അവ മാറുന്ന ഘട്ടം വരുമ്പോൾ അറ്റകുറ്റപ്പണി മികച്ച രീതിയിൽ പൂർത്തീകരിച്ച് ഈ ക്രിസ്റ്റകൾ സേനയുടെ ഹൈവേ പട്രോൾ പോലെ വാഹനത്തിന്റെ മികവു കൂടി ആവശ്യമുള്ള വിഭാഗങ്ങൾക്കു നൽകിയാൽ അതൊരു മികച്ച തീരുമാനമായിരിക്കുമെന്നും ഉദ്യോഗസ്ഥർ പറയുന്നു. 

English Summary: Spanish Police Bought Alfa Romeo Stelvio

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com