240 എണ്ണം മാത്രം, ക്ലാസിക് 500 ട്രിബ്യൂട്ട് ബ്ലാക്ക് ഓസ്ട്രേലിയയിൽ; വില 5.39 ലക്ഷം രൂപ
Mail This Article
കറുപ്പിന്റെ ഏഴഴകിനൊപ്പം സ്വർണ സ്പർശവുമായി റോയൽ എൻഫീൽഡിന്റെ ‘ക്ലാസിക് 500 ട്രിബ്യൂട്ട് ബ്ലാക്ക്’ പരിമിതകാല പതിപ്പ് ഓസ്ട്രേലിയയിലും ന്യൂസീലൻഡിലും വിൽപനയ്ക്കെത്തി. പരിമിതകാല പതിപ്പെന്ന നിലയിൽ ഇത്തരത്തിലുള്ള 240 മോട്ടോർ സൈക്കിൾ മാത്രമാവും റോയൽ എൻഫീൽഡ് വിൽപ്പനയ്ക്ക് എത്തിക്കുക; ഇതിൽ 200 എണ്ണം ഓസ്ട്രേലിയയിലും ബാക്കി ന്യൂസീലൻഡിലുമാണു ലഭ്യമാവുക. കഴിഞ്ഞ വർഷം ഇന്ത്യയിൽ പരിമിതകാല പതിപ്പായി ‘ട്രിബ്യൂട്ട് ബ്ലാക്ക്’ അവതരിപ്പിച്ച പിന്നാലെ റോയൽ എൻഫീൽഡ് ‘ക്ലാസിക് 350’ വിപണിയിൽ നിന്നു പിൻവലിച്ചിരുന്നു.
ഓസ്ട്രേലിയയിൽ 9,590 ഡോളർ(ഏകദേശം 5.39 ലക്ഷം രൂപ) വിലയ്ക്കാണു ‘ക്ലാസിക് 500 ട്രിബ്യൂട്ട് ബ്ലാക്ക്’ എത്തുന്നത്. മാസാവസാനത്തോടെ ഷോറൂമുകളിലെത്തുമെന്നു കരുതുന്ന ബൈക്കിന് രണ്ടു വർഷ വാറന്റിയും റോഡ് സൈഡ് അസിസ്റ്റൻസുമാണു റോയൽ എൻഫീൽഡ് വാഗ്ദാനം ചെയ്യുന്നത്. കറുപ്പിൽ മുങ്ങിയാണു ‘ക്ലാസിക് 500 ട്രിബ്യൂട്ട് ബ്ലാക്ക്’ പരിമിതകാല പതിപ്പിന്റെ വരവ്; ഒപ്പം പകിട്ടേകാനായി സ്വർണ വർണത്തിന്റെ സ്പർശവുമുണ്ട്. വിദഗ്ധ ജീവനക്കാർ കൈ കൊണ്ട് പെയ്ന്റ് ചെയ്ത ‘മദ്രാസ് സ്ട്രൈപ്സ്’ ആണു ബൈക്കിന്റെ പ്രധാന ആകർഷണം; ഇതിന് അനുയോജ്യമായ റിം സ്റ്റിക്കറുകളും ബൈക്കിൽ ഇടംപിടിക്കുന്നുണ്ട്. പരിമിതകാല പതിപ്പിനു വേറിട്ട വ്യക്തിത്വം ഉറപ്പാക്കാൻ ക്രമനമ്പർ രേഖപ്പെടുത്തിയ ഫലകവും ‘ക്ലാസിക് 500 ട്രിബ്യൂട്ട് ബ്ലാക്ക്’ ബൈക്കിലുണ്ട്.
ബൈക്കിനു കരുത്തേകുന്നത് ചെന്നൈയ്ക്കടുത്ത് ഒരഗടത്തെ ഫാക്ടറിയിൽ നിർമിച്ച 499 സി സി, സിംഗിൾ സിലിണ്ടർ, ഫോർ സ്ട്രോക്ക് എൻജിനാണ്; 27.6 പി എസ് വരെ കരുത്തും 41.3 എൻ എം ടോർക്കും സൃഷ്ടിക്കുന്ന ഈ യൂണിറ്റ് കൺസ്ട്രക്ഷൻ എൻജിനും പൂർണമായും കറുപ്പ് നിറത്തിലാക്കിയിട്ടുണ്ട്. അഞ്ചു സ്പീഡ് ഗീയർബോക്സാണു ട്രാൻസ്മിഷൻ.ഔദ്യോഗിക അക്സസറികളിൽ പെടുന്ന ടൂറിങ് മിററും ടൂറിസ് സീറ്റും സഹിതമാണ് ‘ക്ലാസിക് 500 ട്രിബ്യൂട്ട് ബ്ലാക്ക്’ എത്തുന്നത്. അതേസമയം, യു കെയിൽ ഈ മോഡലിനൊപ്പം നൽകിയിരുന്ന മിലിട്ടറി സാഡിൽ ബാഗ് ഓസ്ട്രേലിയയിലും ന്യൂസീലൻഡിലും വിൽപ്പനയ്ക്കെത്തുന്ന ‘ക്ലാസിക് 500 ട്രിബ്യൂട്ട് ബ്ലാക്കി’ലില്ല.
English Summary: RE Classic 500 Tribute Black Edition Unveiled