ADVERTISEMENT

ആഡംബര കാറുകൾ ദുബായിലെയും അബുദാബിയിലെയുമൊന്നും പൊലീസിനു പുതുമയല്ല. പേരിലും പെരുമയിലും ആഡംബരത്തിലുമൊക്കെ ഒന്നിനൊന്നു മുന്നിൽ നിൽക്കുന്ന അത്യാധുനിക കാറുകളിലും എസ് യുവികളിലുമേറിയാണ് ഈ വൻനഗരങ്ങളിലെ പൊലീസ് സേനാംഗങ്ങളുടെ  കൃത്യനിർവഹണം.  ഇപ്പോഴിതാ ആഡംബര സ്പോർട് യൂട്ടിലിറ്റി വാഹന(എസ് യു വി)മായ ‘2022 ടൊയോട്ട ലാൻഡ് ക്രൂസർ 300’ ആണു ദുബായ്, അബുദാബി പൊലീസിന്റെയും സിവിൽ ഡിഫൻസിന്റെയും വാഹന ശേഖരത്തിൽ അണി ചേർന്നിരിക്കുന്നത്. 

ദുബായ് ഫെസ്റ്റിവൽ സിറ്റിയിൽ നടന്ന പ്രത്യേക ചടങ്ങിലായിരുന്നു ദുബായ്, അബുദാബി പൊലീസ് അടക്കമുള്ള പുത്തൻ ‘ലാൻഡ് ക്രൂസറി’ന്റെ ആദ്യ 50 ഉടമസ്ഥർക്കുള്ള വാഹന കൈമാറ്റം. അർധരാത്രിയോടടുത്തു നടന്ന ഡ്രൈവിൽ ‘ലാൻഡ് ക്രൂസർ’ ഉടമസ്ഥരെ വരവേൽക്കാനായി വെടിക്കെട്ടും ഒരുക്കിയിരുന്നു. ഒപ്പം ദുബായ് സിവിൽ ഡിഫൻസിന്റെയും ദുബായ് പൊലീസിന്റെയും വക ‘ജലപീരങ്കി’  അഭിവാദ്യവുമുണ്ടായിരുന്നു. ദുബായ് പൊലീസിന്റെ ശേഖരത്തിൽ ആസ്റ്റൻ മാർട്ടിൻ ‘വൺ 77’, ലൈകൻ ‘ഹൈപ്പർ സ്പോർട്’, ഔഡി ‘ആർ എയ്റ്റ്’, ബെന്റ്ലി ‘കോണ്ടിനെന്റൽ ജി ടി’ തുടങ്ങിയവയൊക്കെ ഉണ്ടെങ്കിലും ദൃഢതയിൽ ‘ലാൻഡ് ക്രൂസർ 300’ എസ് യു വിയെ വെല്ലാൻ പോന്ന കാറില്ലെന്നാണു വിലയിരുത്തൽ.

രാജ്യാന്തരതലത്തിൽ വിൽപ്പനയ്ക്കെത്തുന്ന ‘ലാൻഡ് ക്രൂസറി’നു കരുത്തേകുന്നത് 3.3 ലീറ്റർ, വി സിക്സ്, ഇരട്ട ടർബോ ഡീസൽ എൻജിനാണ്; 308 ബി എച്ച് പി വരെ കരുത്തും 700 എൻ എമ്മോളം ടോർക്കുമാണ് ഈ എൻജിൻ സൃഷ്ടിക്കുക. അതേസമയം, മധ്യപൂർവ രാജ്യങ്ങളിൽ ലഭ്യമാവുന്ന ‘ലാൻഡ് ക്രൂസറി’ലുള്ളത് 3.5 ലീറ്റർ, വി സിക്സ് പെട്രോൾ എൻജിനാണ്; 10 സ്പീഡ് ഓട്ടമാറ്റിക് ഗീയർബോക്സാണു ട്രാൻസ്മിഷൻ. 414 ബി എച്ച് പിയോളം കരുത്തും 650 എൻ എം വരെ ടോർക്കുമാണ് ഈ പെട്രോൾ എൻജിൻ സൃഷ്ടിക്കുക.

ടൊയോട്ടയുടെ ടി എൻ ജി എ പ്ലാറ്റ്ഫോമിന്റെ ലാഡർ പതിപ്പ് സഹിതമാണ് ‘ലാൻഡ് ക്രൂസർ 300’ എത്തുന്നത്. ഭാരം കുറവെങ്കിലും ദൃഢതയിൽ വിട്ടുവീഴ്ച ചെയ്യാതെയും ‘ലാൻഡ് ക്രൂസർ 200’ എസ് യു വിയെ അപേക്ഷിച്ചു കൂടുതൽ സാങ്കേതിക തികവോടെയുമാണ് ഈ പുത്തൻ ‘ലാൻഡ് ക്രൂസറി’ന്റെ വരവ്.

Source: Al Futtaim Automotive

English Summary: Abu Dhabi, Dubai police add Toyota’s 2022 Land Cruiser to fleet

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com