കാറിന് ലേലത്തിൽ ലഭിച്ചത് 152 കോടി രൂപ ! ചരിത്രമായി മക്ലാരൻ എഫ് വൺ
Mail This Article
നിരത്തിലോടിക്കാവുന്ന കാറുകളിൽ ഏറ്റവും ഉയർന്ന വില സ്വന്തമാക്കിയ വാഹനമെന്ന പെരുമ ബ്രിട്ടീഷ് സ്പോർട്സ് കാർ നിർമാതാക്കളായ മക്‌ലാരന്റെ എഫ് വണ്ണിന്. ഗുഡിങ് ആൻഡ് കമ്പനിയുടെ പെബ്ൾ ബീച്ച് ഓക്ഷനിൽ 2.0465 കോടി ഡോളർ(അഥവാ 152.24 കോടി രൂപ) ആണ് 1995ൽ നിർമിച്ച ഈ മക്‌ലാരൻ എഫ് വൺ നേടിയത്. രണ്ടു മാസം മുമ്പായിരുന്നു ഗുഡിങ് ആൻഡ് കമ്പനി ഈ മക്‌ലാരൻ എഫ് വൺ കാർ ലേലത്തിനായി അവതരിപ്പിച്ചത്. കാറിന് 1.50 കോടിയിലേറെ ഡോളർ ലഭിക്കുമെന്നായിരുന്നു പ്രതീക്ഷ.
നിർമാണം 1995ലെങ്കിലും ഈ സൂപ്പർ കാറിന്റെ സവിശേഷതകളും അപൂർവതകളുമാവാം ലേലത്തുക ഇത്രത്തോളം ഉയരാൻ കാരണമെന്നാണു വിലയിരുത്തൽ. 29 എന്ന ഷാസി നമ്പറുള്ള ഈ കാറിനു മാത്രമാണു മക്‌ലാരൻ ക്രെയ്റ്റൻ ബ്രൗൺ - ലൈറ്റ് ടാൻ വർണസങ്കലനം നൽകിയിട്ടുള്ളത്. മൂന്നു പേർക്ക് ഇരിപ്പിടമുള്ള അകത്തളത്തിലാവട്ടെ കടും ബ്രൗൺ നിറത്തിലുള്ള അപ്ഹോൾസ്ട്രിയുമുണ്ട്. ഇതുവരെ വെറും 390 കിലോമീറ്റർ മാത്രമാണ് ഓടിയത് എന്നതിനാൽ കാറിലിപ്പോഴും യഥാർഥ ഗുഡ്ഇയർ ഈഗിൾ എഫ് വൺ ടയറുകൾ തന്നെയാണ് ഇടംപിടിക്കുന്നത്.
ജപ്പാൻകാരനായ ഉടമ മക്‌ലാരന്റെ തന്നെ ധാരാളം അക്സസറികളും കാറിനായി തിരഞ്ഞെടുത്തിരുന്നു. സർവീസ് ബുക്ക്, ടൈറ്റാനിയം ടൂൾ കിറ്റ്, ഓണേഴ്സ് മാന്വൽ, കസ്റ്റം ലഗേജ് സെറ്റ്, സവിശേഷ ടാഗ് ഹ്യു വാച്ച്, നിർമാണശാലയിൽ നിന്നു പുറത്തെത്തുന്ന ഓരോ ‘എഫ് വണ്ണി’നൊപ്പവുമുള്ള ഡ്രൈവിങ് അംബീഷൻ ബുക്ക്, ഫാകോം ടൂൾ ചെസ്റ്റ് എന്നിവയൊക്കെ ഈ കാറിനൊപ്പം ലഭ്യമാണ്. 1992 — 1998 കാലത്തിനിടെ 106 എഫ് വൺ കാറുകവാണു മക്ലാരൻ നിർമിച്ചത്; ഇതിൽ 64 എണ്ണം റോഡുകളിലെ ഉപയോഗത്തിനുമായിരുന്നു.
ഗോർഡൻ മുറേ രൂപകൽപന ചെയ്ത മക്ലാരൻ എഫ് വണ്ണിനു കരുത്തേകുന്നത് മധ്യത്തിലായി ഘടിപ്പിച്ച നാച്ചുറലി ആസ്പിറേറ്റഡ് 6.1 ലീറ്റർ വി 12 എൻജിനാണ്; 618 ബി എച്ച് പിയോളം കരുത്തും 650 എൻ എം വരെ ടോർക്കുമാണ് ഈ എൻജിൻ സൃഷ്ടിക്കുക. റിയർ വീൽ ഡ്രൈവ് ലേ ഔട്ടോടെ എത്തുന്ന കാറിലെ ട്രാൻസ്മിഷൻ ആറു സ്പീഡ് മാനുവൽ ഗീയർബോക്സാണ്.
കാർബൺ ഫൈബർ, കെവ്ലാർ, ടൈറ്റനിയം എന്നിവയ്ക്കു പുറമെ സ്വർണം വരെ ഈ കാറിന്റെ ബോഡിയുടെ നിർമാണത്തിനായി ഉപയോഗിച്ചിട്ടുണ്ട്; 1,240 കിലോഗ്രാമാണു കാറിന്റെ ഭാരം. ഏറോഡൈനമിക് രൂപകൽപ്പനയുടെ പിൻബലത്തിൽ മണിക്കൂറിൽ 386.4 കിലോമീറ്ററാണ് കാറിനു മക്ലാരൻ വാഗ്ദാനം ചെയ്യുന്ന പരമാവധി വേഗം. അതുകൊണ്ടുതന്നെ നാച്ചുറലി ആസ്പിറേറ്റഡ് എൻജിനോടെ നിരത്തിലെത്തിയവയിൽ ഏറ്റവും വേഗമേറിയ കാറും ഇതുതന്നെ.
English Summary: 1995 McLaren F1 fetches a staggering amount of ₹151 crores in auction