400 കി.മീ റേഞ്ച്, അടിപൊളി സ്റ്റൈൽ: ഇലക്ട്രിക് താരമാകാൻ ഫോക്സ്വാഗൺ ഐഡി ലൈഫ്
Mail This Article
ന്യായമായ വിലയ്ക്ക് ലഭിക്കുന്ന വൈദ്യുത കാർ എന്ന അവകാശവാദത്തോടെ പുത്തൻ ഐഡി ലൈഫ് അനാവരണം ചെയ്തു ജർമൻ വാഹന നിർമാതാക്കളായ ഫോക്‌സ്‌വാഗൻ. 2025ൽ വാണിജ്യാടിസ്ഥാനത്തിൽ വിൽപനയ്ക്കെത്തുമെന്നു കരുതുന്ന ചെറുകാറിനു പ്രതീക്ഷിക്കുന്ന വില 20,000 യൂറോ(ഏകദേശം 17.35 ലക്ഷം രൂപ) ആണ്. ഇത്തരത്തിൽ വില നിയന്ത്രിക്കുന്നതിലൂടെ ബാറ്ററിയിൽ ഓടുന്ന ഈ ചെറു കാർ യുവതലമുറയ്ക്കും സ്വീകാര്യമാവുമെന്ന കണക്കുകൂട്ടലിലാണു ഫോക്‌സ്‌വാഗൻ.
പൂർണമായും ബാറ്ററിയിൽ നിന്നുള്ള കരുത്തിനെ ആശ്രയിച്ചുള്ള നഗര സഞ്ചാരത്തിലെ പുതുയുഗത്തെക്കുറിച്ചുള്ള കമ്പനിയുടെ കാഴ്ചപ്പാടാണ് ഐഡി ലൈഫ് എന്ന് ഫോക്‌സ്‌വാഗൻ ബ്രാൻഡ് ചീഫ് എക്സിക്യൂട്ടീവ് ഓഫിസർ റാൾഫ് ബ്രാൻഡ്സ്റ്റെറ്റർ അഭിപ്രായപ്പെട്ടു. വൈദ്യുത കാർ കൂടുതൽ പേരിലെത്തിക്കുക എന്നതാണു കമ്പനി ലക്ഷ്യമിടുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
നിലവിൽ ആശയ ഘട്ടത്തിലുള്ള ഐഡി ലൈഫിലൂടെ ലോകത്തിലെ തന്നെ ഏറ്റവും വലിയ വൈദ്യുത വാഹന(ഇ വി) നിർമാതാക്കളായി മാറാനാണു ഫോക്‌സ്‌വാഗന്റെ പദ്ധതി. വിലയുടെ കാര്യത്തിൽ അദ്ഭുതം രചിച്ച്, നിലവിൽ വൈദ്യുത വാഹന വിഭാഗത്തിൽ നേതൃപദത്തിലുള്ള ടെസ്‌ല ഇൻകോർപറേറ്റഡിനെ 2025ൽ അട്ടിമറിക്കാനാവുമെന്നും ഫോക്‌സ്‌വാഗൻ സ്വപ്നം കാണുന്നു. ഹാച്ച്ബാക്കായ പോളൊയ്ക്കു സമാനമായ വലിപ്പമുള്ള ഐഡി ലൈഫിന്റെ നിർമാണചുമതല സ്പെയിനിലെ സീറ്റിനെയാണു ഫോക്‌സ്‌വാഗൻ ഏൽപ്പിച്ചിരിക്കുന്നത്. വൈദ്യുത വാഹനങ്ങൾക്കായി കമ്പനി വികസിപ്പിച്ച പ്രത്യേക പ്ലാറ്റ്ഫോമാവും ‘ഐഡി ലൈഫി’ന്റെയും അടിത്തറ. വിഡിയൊ ഗെയിം കൺസോളിനൊപ്പം സിനിമ പ്രദർശിപ്പിക്കാനായി പ്രൊജക്ടറും സ്ക്രീനും സഹിതമാവും ‘ഐഡി ലൈഫി’ന്റെ വരവ്. 234 പിഎസ് കരുത്തുള്ള ഇലക്ട്രിക് മോട്ടർ ഉപയോഗിക്കുന്ന കാറിന് 400 കിലോമീറ്റർ റേഞ്ചും കാണും.
നാളത്തെ ഉപയോക്താവ് ഒരിടത്തു നിന്നു മറ്റൊരിടത്തേക്കുള്ള യാത്രയ്ക്കു മാത്രമാവില്ല കാറിനെ ആശ്രയിക്കുക എന്നാണു ബ്രാൻഡ്സ്റ്റെറ്ററുടെ വിലയിരുത്തൽ. വെറും യാത്രയ്ക്കപ്പുറമുള്ള അനുഭവങ്ങളും ആകർഷണങ്ങളുമൊക്കെയാവും ഭാവി കാർ ഉടമ ആഗ്രഹിക്കുക. ഈ ദശാബ്ദം അവസാനിക്കുമ്പോഴേക്ക് യൂറോപ്പിലെ കാർ വിൽപനയുടെ 70% എങ്കിലും വൈദ്യുത വാഹനങ്ങളിലൂടെയാവണമെന്നാണു ഫോക്സ്വാഗന്റെ മോഹം. നോർത്ത് അമേരിക്കയിലെയും ലോകത്തിലെ തന്നെ ഏറ്റവും വലിയ കാർ വിപണിയായ ചൈനയിലെയും വിൽപനയിൽ പകുതിയും വൈദ്യുത വാഹന വിഭാഗത്തിൽ നിന്നു നേടാനാണു കമ്പനി ലക്ഷ്യമിട്ടിരിക്കുന്നത്. എന്നാൽ ചൈനയിലെ വിൽപ്പനയിൽ കാര്യമായ നേട്ടം കൊയ്യാൻ ‘ഐഡി’ ശ്രേണിക്ക് ഇതുവരെ സാധിച്ചിട്ടില്ല എന്നതു ഫോക്‌സ്‌വാഗനു ഗണ്യമായ തലവേദനയും സൃഷ്ടിക്കുന്നുണ്ട്.
English Summary: Volkswagen ID. Life Concept Makes Global Debut