ഒറ്റ ചാർജിൽ 270 കി.മീ; ഒരു ലക്ഷം നൽകി ബുക്ക് ചെയ്യാം വൈദ്യുത മിനി കൂപ്പർ
Mail This Article
ഹാച്ച്ബാക്കായ മിനിയുടെ വൈദ്യുത പതിപ്പിനുള്ള പ്രീ ഓർഡറുകൾ ജർമൻ ആഡംബര കാർ നിർമാതാക്കളായ ബി എം ഡബ്ല്യു ഗ്രൂപ് സ്വീകരിച്ചു തുടങ്ങി. ഒരു ലക്ഷം രൂപ അഡ്വാൻസ് നൽകിയാണു കാറിന്റെ മൂന്നു വാതിലുള്ള വൈദ്യുത വകഭേദമായ ‘മിനി കൂപ്പർ എസ് ഇ’ ബുക്ക് ചെയ്യാൻ അവസരം.
കാറിന്റെ തറയിൽ ‘ടി’ ആകൃതിയിൽ ഇടംപിടിക്കുന്ന 23.6 കിലോവാട്ട് അവർ ലിതിയം അയോൺ ബാറ്ററി പായ്ക്കാണു ‘മിനി കൂപ്പർ എസ് ഇ’ക്കു കരുത്തേകുന്നത്. പെട്രോൾ എൻജിനുള്ള ‘മിനി’യെ അപേക്ഷിച്ച് ‘മിനി കൂപ്പർ എസ് ഇ’ക്ക് 145 കിലോഗ്രാം അധിക ഭാരമുണ്ട്. സംഭരണ സ്ഥലത്തിൽ വിട്ടുവീഴ്ച ചെയ്തിട്ടില്ലെങ്കിലും ബാറ്ററി പായ്ക്കിന്റെ സാന്നിധ്യം മുൻനിർത്തി കാറിന്റെ ഗ്രൗണ്ട് ക്ലിയറൻസ് 18 എം എം വർധിപ്പിച്ചിട്ടുണ്ട്.
സാധാരണ 11 കിലോവാട്ട് എ സി ചാർജർ ഉപയോഗിച്ച് മൂന്നര മണിക്കൂറിൽ കാറിലെ ബാറ്ററി പൂർണമായും ചാർജ് ചെയ്യാം; 50 കിലോവാട്ട് ഡി സി ഫാസ്റ്റ് ചാർജർ വഴിയെങ്കിൽ വെറും 35 മിനിറ്റിൽ ബാറ്ററി 80% ചാർജ് ചെയ്യാം. പരമാവധി 184 എച്ച് പി(അഥവാ 135 kകിലോ വാട്ട്) വരെ കരുത്തും 270 എൻ എം ടോർക്കുമാണ് കാറിലെ വൈദ്യുത മോട്ടോർ സൃഷ്ടിക്കുക. ഒറ്റ ചാർജിൽ 235 മുതൽ 270 കിലോമീറ്റർ വരെ പിന്നിടാൻ ‘മിനി കൂപ്പർ എസ് ഇ’ക്കാവുമെന്നാണു ബി എം ഡബ്ല്യുവിന്റെ വാഗ്ദാനം. മണിക്കൂറിൽ 150 കിലോമീറ്റർ വരെയാണു കാറിന്റെ പരമാവധി വേഗം; 7.3 സെക്കൻഡിൽ നിശ്ചലാവസ്ഥയിൽ നിന്നു മണിക്കൂറിൽ 100 കിലോമീറ്റർ വേഗത്തിലേക്കു കുതിക്കാനും ഈ ‘മിനി’ക്കാവും.
തിരഞ്ഞെടുക്കാൻ രണ്ടു തരം റീജനറേറ്റീവ് മോഡുകൾക്കു പുറമെ മോഡൽ അടിസ്ഥാനത്തിൽ സ്പോർട്, മിഡ്, ഗ്രീൻ, ഗ്രീൻ പ്ലസ് എന്നീ ഡ്രൈവ് മോഡുകളും ലഭ്യമാണ്. വൈറ്റ് സിൽവർ, മിഡ്നൈറ്റ് ബ്ലാക്ക്, മൂൺവോക്ക് ഗ്രേ, ബ്രിട്ടീഷ് റേസിങ് ഗ്രീൻ നിറങ്ങളിൽ കാർ വിൽപ്പനയ്ക്കുണ്ട്.
കാഴ്ചയിലും സാധാരണ ‘മിനി കൂപ്പറി’ൽ നിന്നു നേരിയ വ്യത്യാസത്തോടെയാണ് ‘മിനി കൂപ്പർ എസ് ഇ’യുടെ വരവ്. ഗ്രില്ലിലും മിറർ ക്യാപ്പുകളിലും മഞ്ഞ ഹൈലൈറ്റിങ്, പുത്തൻ ലോഗോ, കൂടുതൽ മഞ്ഞ നിറമുള്ള ഹെഡ്ലൈറ്റ്, 17 ഇഞ്ച് അലോയ് വീൽ എന്നിവയൊക്കെ കാറിലുണ്ട്. മിനി ശ്രേണിയിൽ സാധാരണമായ എൽ ഇ ഡി ഹെഡ്ലാംപ്, ഹീറ്റ് പമ്പ് ടെക്നോളജി സഹിതം ഇരട്ട സോൺ ഓട്ടമാറ്റിക് എയർ കണ്ടീഷനിങ്, ഓക്സിലറി ഹീറ്റിങ്, ഇലക്ട്രിക് പാർക്കിങ് ബ്രേക്ക്, നാവിഗേഷൻ തുടങ്ങിയവയും ലഭ്യമാണ്.
നിലവിൽ ‘മിനി കൂപ്പർ എസ് ഇ’ക്ക് ഇന്ത്യയിൽ എതിരാളികളില്ല; 45 ലക്ഷം രൂപയാണു കാറിന് പ്രതീക്ഷിക്കുന്ന വില. കൊച്ചിക്കു പുറമെ ഡൽഹി രാജ്യതലസ്ഥാന മേഖല, പുണെ, അഹമ്മദബാദ്, മുംബൈ, ചണ്ഡീഗഢ്, ചെന്നൈ, ഹൈദരബാദ്, ബെംഗളൂരു നഗരങ്ങളിലും ‘മിനി’ അംഗീകൃത ഡീലർഷിപ്പുകളുണ്ട്.
English Summary: MINI Cooper SE electric bookings open in India ahead of launch