ADVERTISEMENT

ഇതിഹാസ മാനങ്ങളുള്ള മോട്ടോർ സൈക്കിൾ ബ്രാൻഡായ യെസ്ഡിയും ജാവ മോട്ടോർ സൈക്കിൾസും വഴി പിരിയുന്നു. കമ്പനിയുടെ ഭാഗമല്ലാതായി മാറുന്നതോടെ യെസ്ഡിയുടെ പ്രവർത്തനം സ്വതന്ത്രവും സ്വന്തം നിലയിലുമാവുകയാണെന്നും ജാവ മോട്ടോർ സൈക്കിൾസ് സമൂഹ മാധ്യമത്തിൽ വ്യക്തമാക്കി. ഇതോടെ യെസ്ഡിയുടെ തിരിച്ചുവരവിനായി  ഇന്ത്യൻ ഇരുചക്രവാഹന വിപണി കാത്തിരിപ്പും തുടങ്ങി. '

പല മുൻതലമുറ ബ്രാൻഡുകളുടെയും നിലവിലെ അവകാശികളായ ക്ലാസിക് ലെജൻഡ്സിൽ മഹീന്ദ്ര ആൻഡ് മഹീന്ദ്ര(എം ആൻഡ് എം) നിക്ഷേപം നടത്തിയതോടെ ജാവയും ബി എസ് എയും യെസ്ഡിയുമൊക്കെ ഉടൻ തിരിച്ചെത്തുമെന്ന പ്രതീക്ഷ സജീവമായിരുന്നു. ഈ വർഷം തുടക്കത്തിൽ  ക്ലാസിക് ലെജൻഡ്സ്, യെസ്ഡി റോഡ് കിങ് എന്ന വ്യാപാരനാമത്തിന്റെ റജിസ്ട്രേഷനും നേടി; 

ഇതുകൂടിയായതോടെ യെസ്ഡി ഉടൻ തിരിച്ചെത്തുമെന്ന അഭ്യൂഹവും കരുത്താർജിച്ചു.ജാവ ശ്രേണിയിലെ  പഴമയുടെ പകിട്ടുള്ള മോട്ടോർ സൈക്കിളുകൾ ഇപ്പോൾ തന്നെ ഇന്ത്യയിൽ വിൽപ്പനയ്ക്കുണ്ട്. ജാവയുമായി പിരിഞ്ഞതോടെ യെസ്ഡിയും സ്വന്തം നിലയിൽ മോട്ടോർ സൈക്കിൾ വിപണനത്തിനു  നടപടി തുടങ്ങിയേക്കും. അടുത്ത വർഷത്തോടെ യെസ്ഡി ശ്രേണിയിലെ മോട്ടോർ സൈക്കിളുകൾ വിൽപ്പനയ്ക്കെത്തുമെന്നാണു പ്രതീക്ഷ.

ക്ലാസിക് ലെജൻഡ്സ് സഹ സ്ഥാപകനായ അനുപം തരേജയും ട്വിറ്ററിൽ യെസ്ഡിയുടെ മടക്കം സംബന്ധിച്ച സൂചന നൽകിയിരുന്നു. സഹോദരനെ തിരിച്ചെത്തിക്കാൻ സമയമായില്ലേ എന്നും ഈ വിഷയത്തിൽ ജാവയുടെ അഭിപ്രായം എന്താണെന്നുമായിരുന്നു തരേജയുടെ ട്വീറ്റ്. യെസ്ഡിയെക്കുറിച്ചുള്ള സൂചനയായി ഹാഷ്ടാഗ് വൈ എന്നും ചേർത്തിരുന്നു. 

മഹീന്ദ്ര ഗ്രൂപ് ചെയർമാൻ ആനന്ദ് മഹീന്ദ്രയാവട്ടെ യെസ്ഡിയുടെ മടങ്ങിവരവിന്റെ നിഗൂഢ സൂചന നൽകുന്ന ട്വീറ്റാണു പങ്കുവച്ചത്. കാഴ്ചയിൽ ‘വൈ’ എന്ന അക്ഷരമെന്നു തോന്നിപ്പിക്കുന്ന രീതിയിലുള്ള ഫ്ളൈ ഓവറിന്റെ ആകാശദൃശ്യത്തിനൊപ്പമായിരുന്നു മഹീന്ദ്രയുടെ ട്വീറ്റ്. ‘മനസ്സിൽ ‘ഹാഷ്ടാഗ് വൈ’ ആണെന്നു തോന്നുന്നു; ഇതിഹാസം തിരിച്ചെത്തുകയാണല്ലോ. ഹാഷ്ടാഗ് യെസ്ഡി ഫോറെവർ’ എന്നായിരുന്നു ട്വീറ്റിലെ വാചകം. 

വഴി പിരിയുകയാണെന്നു  ജാവ മോട്ടോർ സൈക്കിൾസ് പ്രഖ്യാപിച്ച പിന്നാലെ സമൂഹമാധ്യമങ്ങളിൽ യെസ്ഡി പുതിയ അക്കൗണ്ടുകൾ തുറന്നു. അവയിടെ ആദ്യ പോസ്റ്റുകളും ബ്രാൻഡിന്റെ തിരിച്ചുവരവിനെ കുറിച്ചുതന്നെയാണ്. വിപണിയിൽ തിരിച്ചെത്തുമ്പോൾ ജാവയെ പോലെ  ‘ബുള്ളറ്റ്’ നിർമാതാക്കളായ റോയൽ എൻഫീൽഡുമായി തന്നെയാവും യെസ്ഡിയുടെയും പോരാട്ടം.

English Summary: Yezdi Brand's Comeback on Twitter and the Internet Cannot Keep Calm

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com