ADVERTISEMENT

ഒന്നിലേറെ ഇന്ധനങ്ങൾ ഉപയോഗിച്ചു  പ്രവർത്തിക്കാവുന്ന  ‘ഫ്ളെക്സ് എൻജിനുകൾ’ ആറു മാസത്തിനകം വാഹനങ്ങളിൽ ഘടിപ്പിക്കണമെന്നു കാർ നിർമാതാക്കൾക്കു കേന്ദ്ര സർക്കാർ നിർദേശം നൽകിയതായി കേന്ദ്ര റോഡ് ഗതാഗത, ഹൈവേ മന്ത്രി നിതിൻ ഗഢ്കരി. വാഹനങ്ങൾക്കുള്ള ഫ്ളെക്സ് ഫ്യുവൽ എൻജിനുകൾ ഉൽപ്പാദിപ്പിക്കാൻ കാർ നിർമാതാക്കളോട് ആവശ്യപ്പെടുന്ന ഫയലിൽ താൻ ഒപ്പുവച്ചതായും മന്ത്രി വെളിപ്പെടുത്തി. ഇത്തരം എൻജിനുകൾ ഘടിപ്പിക്കാൻ ആറു മാസത്തെ സമയപരിധിയും അനുവദിച്ചിട്ടുണ്ട്.

 

ബദൽ ഇന്ധനങ്ങളുടെയും മലിനീകരണ വിമുക്തമായ ഇന്ധനങ്ങളുടെയും ഉപയോഗം പ്രോത്സാഹിപ്പിക്കാനാണു കേന്ദ്ര സർക്കാരിന്റെ ശ്രമം. ഇരുചക്ര വാഹനങ്ങളിലും ത്രിചക്ര വാഹനങ്ങളിലും ഉപയോഗിക്കാവുന്ന ‘ഫ്ളെക്സ് ഫ്യുവൽ’ എൻജിനുകൾ ടി വി എസ് മോട്ടോഴ്സും ബജാജ് ഓട്ടോ ലിമിറ്റഡും മറ്റും നിർമിച്ചു തുടങ്ങിയതായും ഗഢ്കരി അറിയിച്ചു. വൈകാതെ രാജ്യത്തെ നാലു ചക്ര വാഹനങ്ങളും 100% എതനോളിൽ ഓടിത്തുടങ്ങുമെന്നു ഗഢ്കരി പ്രതീക്ഷ പ്രകടിപ്പിച്ചു. ഇതുവഴി പെട്രോളിന്റെ ഉപയോഗം ഒഴിവാകുമെന്നു മാത്രമല്ല  ഈ ഹരിത ഇന്ധന ഉപയോഗം ധനലാഭവും നേടിത്തരുമെന്ന് അദ്ദേഹം വിശദീകരിച്ചു. 

 

പെട്രോളിനൊപ്പം മെതനോളും എതനോളും പോലുള്ള വസ്തുക്കൾ കലർത്തി തയാറാക്കുന്ന ബദൽ ഇന്ധനമാണ് ‘ഫ്ളെക്സ് ഫ്യുവൽ’ അഥവാ ‘ഫ്ളെക്സിബിൾ ഫ്യുവൽ’ എന്ന് അറിയപ്പെടുന്നത്. ജൈവ ഇന്ധന സാന്നിധ്യം മൂലം ‘ഫ്ളെക്സ് ഫ്യുവൽ’ സൃഷ്ടിക്കുന്ന പരിസര മലിനീകരണം പെട്രോളിനെ അപേക്ഷിച്ചു കുറവാണെന്നും പറയപ്പെടുന്നു. പെട്രോളിലെന്ന പോലെ ഇത്തരം ജൈവ ഇന്ധനത്തിലും കാര്യക്ഷമമായി പ്രവർത്തിക്കാൻ കഴിവുള്ള എൻജിനുകളെയാണ് ‘ഫ്ളെക്സ് ഫ്യുവൽ എൻജിൻ’ ആയി പരിഗണിക്കുക. 

 

നിലവിൽ ബ്രസീലും യു എസുമാണ് എതനോൾ കലർത്തിയ ഇന്ധനങ്ങളുടെ പ്രധാന വിപണി; ഇരു രാജ്യങ്ങളിലും ഫ്ളെക്സ് ഫ്യുവൽ എൻജിനുകളും വ്യാപകമായി പ്രചാരത്തിലുണ്ട്.

അതേസമയം പാരമ്പര്യ (ഫോസിൽ) ഇന്ധന ഇറക്കുമതിയിൽ മുൻനിരയിലുള്ള രാജ്യമാണ് ഇന്ത്യ; രാജ്യത്തിന്റെ ഇന്ധന ആവശ്യത്തിൽ 80 ശതമാനവും വിദേശത്തു നിന്നാണ് ഇന്ത്യയിലെത്തുന്നത്. ഈ പശ്ചാത്തലത്തിലാണ് എതനോളിന്റെയും എതനോൾ കലർത്തിയ പെട്രോളിന്റെയും ഉൽപ്പാദനവും ഉപയോഗവും വർധിപ്പിക്കാൻ ഇന്ത്യ നടപടി സ്വീകരിക്കുന്നത്. രാജ്യത്തെ വിൽക്കുന്ന പെട്രോളിൽ കലർത്തുന്ന എതനോളിന്റെ വിഹിതം ഉയർത്താനും ഇന്ത്യ തീരുമാനിച്ചിട്ടുണ്ട്.

 

പെട്രോളിൽ കലർത്തുന്ന എതനോളിന്റെ വിഹിതം ഉയർത്തിയും ഫ്ളെക്സ് ഫ്യുവൽ എൻജിൻ അവതരിപ്പിച്ചുമൊക്കെ രാജ്യത്തിന്റെ ഇന്ധന ഇറക്കുമതി ചെലവ് നിയന്ത്രിക്കാനാണു കേന്ദ്ര സർക്കാർ ലക്ഷ്യമിടുന്നത്. ഒപ്പം ഇത്തരം നടപടികളിലൂടെ വാഹനങ്ങൾ സൃഷ്ടിക്കുന്ന പരിസ്ഥിതി മലിനീകരണം കുറയ്ക്കാനാവുമെന്നും അധികൃതർ കരുതുന്നു. 

 

English Summary: Govt has issued advisory to carmakers to introduce flex-fuel engines in vehicles

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com