3.3 സെക്കൻഡിൽ 100 കി.മീ, വേഗരാജാവാകാൻ ആസ്റ്റൻ മാർട്ടിൻ ഡി ബി എക്സ് 707
Mail This Article
ലോകത്തിലെ ഏറ്റവും വേഗമേറിയ എസ്‌യുവി എന്ന അവകാശവാദത്തോടെ ബ്രിട്ടീഷ് ആഡംബര കാർ നിർമാതാക്കളായ ആസ്റ്റൻ മാർട്ടിൻ ഡിബിഎക്സ് 707 പുറത്തിറക്കി. ഡിബിഎക്സ് അടിസ്ഥാനമാക്കി വികസിപ്പിച്ച ഈ സ്പോർട് യൂട്ടിലിറ്റി വാഹനത്തിൽ സമാനതകളില്ലാത്ത പ്രകടനക്ഷമതയാണ് ആസ്റ്റൻ മാർട്ടിന്റെ വാഗ്ദാനം.
എസ് യു വിക്കു കരുത്തേകുന്നത് നാലു ലീറ്റർ, വി എയ്റ്റ് എൻജിനാണ്. 707 പിഎസ് വരെ കരുത്തും 900 എൻ എം ടോർക്കുമാണ് ഈ എൻജിൻ സൃഷ്ടിക്കുക. സാധാരണ ഡിബിഎക്സിലെ എൻജിന്റെ പ്രകടനത്തെ അപേക്ഷിച്ച് 157 പി എസ് അധിക കരുത്തും 200 എൻ എം അധിക ടോർക്കും. അധിക കരുത്തിനായി എൻജിൻ ട്യൂണിങ് പരിഷ്കരിച്ച ആസ്റ്റൻ മാർട്ടിൻ, പുതിയ ടർബോ ചാർജറുകളും ഘടിപ്പിപ്പിച്ചിട്ടുണ്ട്. ഓട്ടമാറ്റിക്, മാനുവൽ മോഡുകളോടെ ഒൻപതു സ്പീഡ്, വെറ്റ് ക്ലച് ട്രാൻസ്മിഷനും കാറിലുണ്ട്.
ഇതോടെ നിശ്ചലാവസ്ഥയിൽ നിന്നു വെറും 3.3 സെക്കൻഡിൽ ഡിബിഎക്സ് 707 മണിക്കൂറിൽ 100 കിലോമീറ്റർ വേഗത്തിലേക്കു കുതിക്കുമെന്നാണു നിർമാതാക്കളുടെ അവകാശാവദം. മണിക്കൂറിൽ 319 കിലോമീറ്ററാണു കാറിന്റെ പരമാവധി വേഗം. ബോഡി റോൾ പരിമിതപ്പെടുത്താനായി പരിഷ്കരിച്ച ഡാംപറുകളും സ്പ്രിങ്ങുമൊക്കെയായാണ് ഡിബിഎക്സ് 707 എത്തുന്നത്. നവീകരിച്ച എയർ സസ്പെൻഷൻ കാറിലെ യാത്ര കൂടുതൽ സുഖകരവുമാക്കുന്നുണ്ട്.
കൂടുതൽ വലിപ്പമുള്ള മുൻ ഗ്രിൽ, പേശീബലമേറിയ മുൻ ബംപർ, സ്പോർട്ടി ഫണ്ട് സ്പോയ്ലർ, വലിപ്പമേറിയ എയർ ഇൻടേക്ക് എന്നിവയ്ക്കൊപ്പം മുന്നിലെ എൽഇഡിഡേ ടൈം റണ്ണിങ് ലാംപിന്റെ രൂപകൽപനയും ആസ്റ്റൻ മാർട്ടിൻ പരിഷ്കരിച്ചിട്ടുണ്ട്. 23 ഇഞ്ച് അലോയ് വീൽ സഹിതമാണു കാറിന്റെ വരവ്. അതേസമയം, പ്രകടനക്ഷമതയേറിയ ഡി ബി എക്സ് 707 ആസ്റ്റൻ മാർട്ടിൻ ഇന്ത്യയിൽ വിൽപനയ്ക്കെത്തിച്ചിട്ടില്ല. ഇന്ത്യയിൽ 3.82 കോടി രൂപ വിലമതിക്കുന്ന അടിസ്ഥാന വകഭേദമായ ഡി ബി എക്സ് മാത്രമാണു ലഭ്യമാവുക.
ബെന്റ്ലി ബെന്റൈഗ, ലംബോർഗ്നി ഉറുസ്, പോർഷെ കയീൻ ടർബോ, ഔഡി ആർ എസ് ക്യു എയ്റ്റ് തുടങ്ങിയവയോടാണ് ഡി ബി എക്സിന്റെ പോരാട്ടം. അഞ്ചു വർഷമായി തുടരുന്ന വികസന പദ്ധതിക്കൊടുവിലാണു ഡി ബി എക്സ് യാഥാർഥ്യമായത്. വരുംവർഷങ്ങളിൽ കമ്പനിയുടെ വാഹന വിൽപ്പനയിൽ പകുതിയും ഡി ബി എക്സിന്റെ സംഭാവനയാകുമെന്നും ആസ്റ്റൻ മാർട്ടിൻ കരുതുന്നു.
മെഴ്സീഡിസ് ബെൻസ് എ എം ജിയിൽ നിന്നു കടമെടുത്ത നാലു ലീറ്റർ, ഇരട്ട ടർബോ വി എയ്റ്റ് എൻജിനാണ് ഡിബിഎക്സിൽ ഇടംപിടിക്കുന്നത്. 550 പി എസ് വരെ കരുത്തും 700 എൻ എം ടോർക്കുമാണ് ഈ എൻജിൻ സൃഷ്ടിക്കുക. ഇന്ധനക്ഷമത മെച്ചപ്പെടുത്താനായി വേഗം കുറയുമ്പോൾ സിലിണ്ടറുകളുടെ പ്രവർത്തനം നിർത്തുന്ന സിലിണ്ടർ ഡീആക്ടിവേഷൻ സാങ്കേതികവിദ്യയോടെയാണ് എൻജിന്റെ വരവ്. 4.5 സെക്കൻഡിൽ നിശ്ചലാവസ്ഥയിൽ നിന്നു മണിക്കൂറിൽ 100 കിലോമീറ്ററിലേക്കു കുതിക്കുന്ന ഡിബി എക്സിന്റെ പരമാവധി വേഗം മണിക്കൂറിൽ 291 കിലോമീറ്ററാണ്.
English Summary: Aston Martin DBX 707 unveiled; Is World’s Most Powerful SUV