ADVERTISEMENT

കുട്ടിയായിരുന്നപ്പോള്‍ ലണ്ടനിലെ ലുട്ടന്‍ വിമാനത്താവളത്തില്‍ വച്ച് വിമാനങ്ങള്‍ പറന്നുയരുന്നത് കണ്ടപ്പോള്‍ മുതലാണ് ബ്രിട്ടീഷുകാരനായ ജാമി ഹള്ളിന് വൈമാനികനാകാനുള്ള ആഗ്രഹം ആരംഭിക്കുന്നത്. പിന്നീട് പൈലറ്റാവുകയും ബ്രിട്ടീഷ് സൈന്യത്തില്‍ ചേരുകയും ചെയ്ത ഹള്ളിന് ഒരിക്കലും മറക്കാനാവാത്ത അനുഭവം സമ്മാനിച്ചതും ഒരു വിമാനയാത്ര ആയിരുന്നു. ജാമി ഹള്‍ പറത്തിക്കൊണ്ടിരുന്ന ചെറു വിമാനം 1000 അടി മുകളില്‍ വച്ച് തീ പിടിച്ച സംഭവമായിരുന്നുവത്.

 

'ഇത് അഭ്യാസമല്ല, യാഥാര്‍ഥ്യമാണ്. ജീവിതത്തിലെ അടിയന്തര സാഹചര്യത്തിലൂടെയാണ് കടന്നുപോകുന്നത്' എന്ന ചിന്തയായിരുന്നു തന്റെ തലയിലൂടെ ആദ്യം വന്നതെന്ന് ജാമി ഹള്‍ പറയുന്നു. ചെറു വിമാനങ്ങള്‍ പറത്തുമ്പോള്‍ പരമാവധി ഭാരം കുറയ്ക്കുകയെന്ന ലക്ഷ്യത്തില്‍ പൈലറ്റുമാര്‍ സാധാരണ പാരച്യൂട്ട് കൂടെ കൊണ്ടുപോകാറില്ല. അതുകൊണ്ടുതന്നെ വിമാനത്തില്‍ നിന്നും താഴേക്ക് ചാടുകയെന്നത് ആത്മഹത്യാപരമായിരുന്നു. എന്നാല്‍ പരമാവധി വിമാനം താഴേക്ക് കൊണ്ടുവന്ന് ചാടുകയെന്നത് മാത്രമായിരുന്നു മുന്നിലുള്ള വഴി.

 

വിമാനത്തിന്റെ ഒരു വശത്തു നിന്നു ആരംഭിച്ച തീ കൂടുതലായി പടര്‍ന്നു പിടിക്കുന്നത് കോക്പിറ്റില്‍ ഇരുന്നുകൊണ്ട് ഹള്ളിന് കാണാമായിരുന്നു. പൂര്‍ണമായും കത്തി തീരും മുമ്പ് എത്രത്തോളം സമയം കിട്ടുമെന്നതായിരുന്നു പ്രധാന ആശങ്ക. ഒരുവേള താന്‍ വിമാനത്തില്‍ വച്ച് കത്തി തീരുമെന്ന് പോലും തോന്നിയെന്നും ജാമി ഹള്‍ യുനിലാഡിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു.

 

വിമാനത്തില്‍ നിന്നു പുറത്തുചാടാതെ രക്ഷപ്പെടാനാവില്ലെന്ന കാര്യത്തില്‍ ഹള്ളിന് ഉറപ്പായിരുന്നു. അതിനായി പരമാവധി താഴേക്ക് വിമാനം എത്തിക്കാനായി തുടര്‍ന്നുള്ള ശ്രമം. വിമാനം പറത്തുമ്പോള്‍ അടിയന്തര സാഹചര്യമുണ്ടായാല്‍ അവസാന നിമിഷം വരെ വിമാനം പറത്തണമെന്ന ഒരു വൈമാനിക പരിശീലകന്റെ വാക്കുകളായിരുന്നു ആ സമയം തന്റെ ചിന്തയിലേക്കെത്തിതെന്നും ഹള്‍ പറയുന്നു.

 

ഇതിനായി പരമാവധി വേഗത കുറക്കുകയും വിമാനം താഴേക്ക് കൊണ്ടുവരികയും ചെയ്തു. തന്റെ താടിയില്‍ വരെ തീയുടെ ചൂട് ഏല്‍ക്കുന്നത് ഓർമയുണ്ടെന്ന് ഹള്‍ പറയുന്നു. വിമാനം തറനിരപ്പില്‍ നിന്നും ഏതാണ്ട് 15 അടി ഉയരത്തിലായതോടെ ഡോര്‍ തുറന്ന് ചിറകിലേക്ക് ഇറങ്ങിയ ശേഷം താഴേക്ക് ചാടുകയായിരുന്നു. കുറച്ചുകൂടി മുന്നോട്ട് പറന്നു നീങ്ങിയ വിമാനം തകര്‍ന്ന് തീഗോളമായി പൊട്ടിത്തെറിക്കുന്നത് താഴെ കിടുന്നുകൊണ്ടാണ് ഹള്‍ കണ്ടത്.

 

വിമാനം തകര്‍ന്നപ്പോഴുണ്ടായ ചൂടും അസഹനീയമായിരുന്നുവെന്നും വേദന ഒരു സുനാമി പോലെ വന്നു മൂടുകയായിരുന്നുവെന്നും ഹള്‍ പറയുന്നു. അപകടത്തിൽ ഗുരുതരമായി പരുക്കേറ്റ നിലയിലായിരുന്നു ഹള്‍. ശരീരത്തിന്റെ 63 ശതമാനം ഭാഗത്തും തേഡ് ഡിഗ്രി പൊള്ളലേറ്റു. അപകടസ്ഥലത്ത് അവശ നിലയിലായി കിടന്ന ഹള്ളിനെ തിരച്ചില്‍ സംഘമാണ് കണ്ടെത്തിയത്. ഡോക്ടര്‍മാര്‍ ഹള്ളിന് അന്ന് 5 ശതമാനം മാത്രമാണ് ജീവിതത്തിലേക്ക് മടങ്ങി വരാന്‍ സാധ്യത കല്‍പിച്ചിരുന്നത്. എന്നാല്‍ മുത്തശ്ശി കഥയിലെ നായകനെ പോലെ ആ ബ്രിട്ടീഷ് മുന്‍ സൈനികന്‍ ജീവിതത്തിലേക്ക് മടങ്ങി വരിക തന്നെ ചെയ്തു.

 

English Summary: Plane Crash Survivor Reveals How He Escaped From Cockpit After It Caught Fire

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com