റെനോ ഡസ്റ്ററിന്റെ നിർമാണം അവസാനിപ്പിച്ചു, എത്തുമോ പുതിയ മോഡൽ ?
Mail This Article
റെനോ ഡസ്റ്റർ, ഇന്ത്യൻ വാഹന വിപണിക്ക് പകരം വയ്ക്കാനില്ലാത്ത പേരുകളിലൊന്നാണിത്. മോണോകോക്ക് ചെറു എസ്‍യുവികളുടെ ജൈത്രയാത്രയ്ക്ക് തുടക്കം കുറിച്ച വാഹനങ്ങളിലൊന്നായിരുന്നു ഡസ്റ്റർ എന്ന എസ്‍യുവി. 2012ൽ വിപണിയിലെത്തി റെനോയ്ക്ക് ഇന്ത്യയിൽ അടിത്തറ നൽകിയ വാഹനം നീണ്ട 10 വർഷത്തെ സേവനം അവസാനിപ്പിക്കുന്നു.
2012 ജൂണിൽ റെനോയുടെ ശ്രീപെരുമ്പത്തൂർ ശാലയിൽ നിന്ന് പുറത്തിറങ്ങിയ ഡസ്റ്ററിന്റെ 40000 യൂണിറ്റ് ആദ്യ വർഷം തന്നെ വിപണിയിലെത്തി. തുടക്കത്തിൽ 1.6 ലീറ്റർ പെട്രോൾ എൻജിനും 1.5 ലീറ്റർ കെ9കെ ഡീസൽ എൻജിനുമായിരുന്നു ഡസ്റ്ററിന്റെ ഹൃദയം. പുറത്തിറങ്ങി രണ്ടു വർഷം കൊണ്ടു തന്നെ വിൽപന ഒരു ലക്ഷം പിന്നിട്ട ഡസ്റ്റിന്റെ ഓൾവീൽ ഡ്രൈവ് മോഡലും എഎംടി മോഡലും കമ്പനി വിപണിയിലെത്തിച്ചിട്ടുണ്ട്.
റെനോയുടെ ബി0 പ്ലാറ്റ്ഫോമിലാണ് ഡസ്റ്ററിന്റെ നിർമാണം. ലോഗൺ, വെറിറ്റോ, ലോഡ്ജി, ടെറാനോ, ക്യാപ്ച്ചർ, കിക്സ് തുടങ്ങിയ വാഹനങ്ങളും നിർമിച്ചത് ഈ പ്ലാറ്റ്ഫോമിൽ തന്നെയായിരുന്നു. രാജ്യാന്തര വിപണിയിൽ പുതിയ ഡസ്റ്റർ 2017ൽ പുറത്തിറക്കിയിട്ടും ഇന്ത്യൻ വിപണിയിൽ റെനോ അത് എത്തിച്ചിരുന്നില്ല. 2020ൽ ബിഎസ് 6 നിലവാരം പ്രാബല്യത്തിൽ എത്തിയതിനെതുടർന്ന് ഡീസൽ എൻജിൻ മോഡലിന്റെ നിർമാണം റെനോ അവസാനിപ്പിച്ചിരുന്നു.
ഡീസൽ എൻജിൻ കുറവ് പരിഹരിക്കാൻ 1.3 ലീറ്റർ ടർബോ പെട്രോൾ എൻജിനും സിവിടി ഗിയർബോക്സും കമ്പനി അവതരിപ്പിച്ചെങ്കിലും വിപണിയിൽ വലിയ ചലനങ്ങൾ സൃഷ്ടിക്കാനാവാതെ പോയി. അതേ തുടർന്നാണ് ഡസ്റ്ററിന്റെ ഉത്പാദനം റെനോ അവസാനിപ്പിക്കുന്നത്. രാജ്യാന്തര വിപണിയിലെ പുതിയ മോഡൽ ഇന്ത്യയിൽ അവതരിപ്പിക്കുന്നതിനെപ്പറ്റി റെനോ ഔദ്യേഗികമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ആ സാധ്യത തള്ളിക്കളയാതെ തന്നെയാണ് ജനപ്രിയമോഡലിന്റെ പടിയിറക്കം.
English Summary: Renault Duster Production ends in India after Almost a decade