ട്രൈബർ വിൽപന 1 ലക്ഷം കവിഞ്ഞു; ആഘോഷിക്കാൻ പ്രത്യേക പതിപ്പ്
Mail This Article
ഏഴു സീറ്റുള്ള സ്പോർട് യൂട്ടിലിറ്റി വാഹന(എസ് യു വി)മായ ‘ട്രൈബറി’ന്റെ ഇതുവരെയുള്ള വിൽപ്പന ഒരു ലക്ഷം യൂണിറ്റ് പിന്നിട്ടതിന്റെ ആഘോഷമായി ഫ്രഞ്ച് നിർമാതാക്കളായ റെനോ ‘ട്രൈബർ ലിമിറ്റഡ് എഡീഷൻ(എൽ ഇ)’ പുറത്തിറക്കി. 7.24 ലക്ഷം രൂപയാണു ‘ട്രൈബർ എൽ ഇ’യുടെ ഡൽഹി ഷോറൂമിലെ വില. ഈ പരിമിതകാല പതിപ്പിനുള്ള ബുക്കിങ് സ്വീകരിച്ചു തുടങ്ങിയതായും റെനോ അറിയിച്ചു; ഷോറൂമുകളിലും കമ്പനി വെബ്സൈറ്റ് മുഖേനയും മൈ റെനോ മൊബൈൽ ആപ് വഴിയുമെല്ലാം ‘ട്രൈബർ എൽ ഇ’ ബുക്ക് ചെയ്യാം.
ഗ്ലോബൽ എൻ സി എ പി ക്രാഷ് ടെസ്റ്റിൽ മുതിർന്നവരുടെ സുരക്ഷയിൽ ‘ട്രൈബർ’ നാലു നക്ഷത്ര റേറ്റിങ് സ്വന്തമാക്കിയിരുന്നു; കുട്ടികളുടെ സുരക്ഷയ്ക്ക് മൂന്നു നക്ഷത്ര റേറ്റിങ്ങും നേടി. മുന്നിലും ഡ്രൈവറുടെയും മുൻസീറ്റ് യാത്രികന്റെയും പാർശ്വങ്ങളിലുമായി നാല് എയർബാഗ് സഹിതമാണു ‘ട്രൈബറി’ന്റെ വരവ്.
ഇന്ത്യൻ വിപണിയിൽ 2019 ഓഗസ്റ്റിലായിരുന്നു ‘ട്രൈബറി’ന്റെ അരങ്ങേറ്റം. ആർ എക്സ് ഇ, ആർ എക്സ് എൽ, ആർ എക്സ് ടി, ആർ എക്സ് സെഡ് വകഭേദങ്ങളിൽ ലഭ്യമാവുന്ന ‘ട്രൈബറി’ന്റെ ഷോറൂം വില 5.76 ലക്ഷം രൂപ മുതലാണ്.
‘ആർ എക്സ് ടി’ വകഭേദം അടിത്തറയാക്കിയാണു റെനോ പരിമിതകാല പതിപ്പായ ‘ട്രൈബർ എൽ ഇ’ സാക്ഷാത്കരിച്ചിരിക്കുന്നത്. കാറിനു കരുത്തേകുന്നത് ഒരു ലീറ്റർ പെട്രോൾ എൻജിനാണ്; മാനുവൽ, ഈസി — ആർ ഓട്ടമേറ്റഡ് മാനുവൽ ട്രാൻസ്മിഷൻ ഗീയർബോക്സുകളോടെ ഈ പ്രത്യേക പതിപ്പ് ലഭ്യമാവും. അകാസ ഫാബ്രിക് അപ്ഹോൾസ്ട്രി, പിയാനൊ ബ്ലാക്ക് ഫിനിഷ് സഹിതം ഇരട്ട വർണ ഡാഷ് ബോഡ്, വെള്ള എൽ ഇ ഡി സഹിതം പൂർണ ഡിജിറ്റൽ ഇൻസ്ട്രമെന്റ് ക്ലസ്റ്റർ, ക്രോം റിങ് സഹിതം എച്ച് വി എസ് നോബുകൾ, കറുപ്പ് നിറത്തിലുള്ള ഇന്നർ ഡോർ ഹാൻഡിൽ എന്നിവയും കാറിലുണ്ട്. സ്റ്റീയറിങ്ങിൽ ഘടിപ്പിച്ച ഓഡിയോ, ഫോൺ കൺട്രോൾ, ആറു തരത്തിൽ ക്രമീകരിക്കാവുന്ന ഡ്രൈവർ സീറ്റ്, ഗൈഡ് ലൈൻ സഹിതം റിവേഴ്സ് പാർക്കിങ് കാമറ എന്നിവയും ലഭ്യമാണ്.
കറുപ്പ് നിറമുള്ള മുകൾഭാഗത്തോടെ, മൂൺലൈറ്റ് സിൽവർ — സെഡാർ ബ്രൗൺ പോലുള്ള ഇരട്ട വർണ സങ്കലനത്തിലാണു ‘ട്രൈബർ എൽ ഇ’ ലഭിക്കുക. 14 ഇഞ്ച് ഫ്ളെക്സ് വീലും കാറിലുണ്ട്.
‘ക്വിഡി’ലെ ഒരു ലീറ്റർ (ബി ആർ 10), മൂന്നു സിലിണ്ടർ പെട്രോൾ എൻജിന്റെ പരിഷ്കരിച്ച പതിപ്പാണു ‘ട്രൈബറി’നു കരുത്തേകുന്നത്. അഞ്ചു സ്പീഡ് മാനുവൽ ഗീയർബോക്സ് സഹിതമെത്തുമ്പോൾ ഈ എൻജിന് 72 ബി എച്ച് പിയോളം കരുത്തും 96 എൻ എം വരെ ടോർക്കും സൃഷ്ടിക്കാനാവും. ലീറ്ററിന് 20 കിലോമീറ്ററാണ് ഈ എൻജിന് എ ആർ എ ഐ സാക്ഷ്യപ്പെടുത്തിയ ഇന്ധനക്ഷമത.
ആഭ്യന്തര വിപണിക്കൊപ്പം കയറ്റുമതിയിലും ‘ട്രൈബർ’ തിളങ്ങുന്നുണ്ട്. 2019 ഡിസംബർ 24ന് ദക്ഷിണ ആഫ്രിക്കയിലേക്കാണ് 600 ‘ട്രൈബർ’ അടങ്ങിയ ആദ്യ ബാച്ച് കപ്പൽ കയറിയത്. തുടർന്ന് ആഫ്രിക്കയ്ക്കു പുറമെ സാർക് മേഖലയിലേക്കും റെനോ ‘ട്രൈബർ’ കയറ്റുമതി ചെയ്യുന്നുണ്ട്. 2020 മാർച്ച് വരെ 1,503 യൂണിറ്റ് കയറ്റുമതി ചെയ്ത റെനോ 2020 ഏപ്രിൽ മുതൽ 2021 ഫെബ്രുവരി വരെയുള്ള 11 മാസത്തിനിടെ 4,620 കാറുകൾ കൂടി വിദേശ വിപണികളിലേക്ക് അയച്ചു.
English Summary: Renault Triber Limited Edition launched at Rs 7.24 lakh