ADVERTISEMENT

കമ്പനിയുടെ ഇതുവരെയുള്ള ഇരുചക്രവാഹന നിർമാണം കാൽ ലക്ഷം യൂണിറ്റ് കവിഞ്ഞതായി വൈദ്യുത ഇരുചക്രവാഹന നിർമാതാക്കളായ എഥർ എനർജി. തമിഴ്നാട്ടിലെ ഹൊസൂർ ശാലയിൽ നിന്നാണ് 25,000–ാമത് 450 എക്സ് പുറത്തെത്തിയത്. 2020 ജനുവരിയിൽ ഉൽപ്പാദനം ആരംഭിച്ച ആതെർ എനർജി, രണ്ടു വർഷത്തോളമെടുത്താണ് ഈ നേട്ടം സ്വന്തമാക്കിയത്. 

 

സ്റ്റാർട് അപ്പുകളും പുത്തൻ സംരംഭകരും അരങ്ങുവാഴുന്ന  ഇന്ത്യൻ  വൈദ്യുത ഇരുചക്രവാഹന വിപണിയിൽ ശ്രദ്ധേയ സാന്നിധ്യമാണ് ആതെറിന്റെ ‘450 എക്സ്’. തികഞ്ഞ കാഴ്ചപ്പകിട്ടോടെയും രൂപകൽപ്പനയിലെ മികവോടെയുമാണ് ആതെറിന്റെ ‘450 എക്സ്’ എത്തുന്നത്. ഇ സ്കൂട്ടറിനു കരുത്തേകുന്നത് 2.9 കിലോവാട്ട് അവർ ലിതിയം അയോൺ ബാറ്ററി പായ്ക്കാണ്; ആതെർ ‘450 എക്സി’ലെ വൈദ്യുത മോട്ടോർ സൃഷ്ടിക്കുക എട്ടു ബി എച്ച് പിയോളം കരുത്തും 26 എൻ എം വരെ ടോർക്കുമാണ്. മുൻഗാമിയായ ‘ആതെർ 450’ ഇ സ്കൂട്ടറിനെ അപേക്ഷിച്ച് ‘450 എക്സി’ന്റെ പ്രകടനക്ഷമതയിൽ കാര്യമായ പുരോഗതിയുണ്ട്.

നാലു വ്യത്യസ്ത റൈഡിങ് മോഡ് സഹിതമാണ് ‘450 എക്സ്’ എത്തുന്നത്: ഇകോ, റൈഡ്, സ്പോർട്, വാർപ്. ഇ സ്കൂട്ടറിന്റെ മോട്ടോർ സൃഷ്ടിക്കുന്ന 26 എൻ എം ടോർക്കും പൂർണമായും വിനിയോഗിക്കാൻ അനുവദിക്കുന്നതാണ് വാർപ് മോഡ്. 

 

ഇ സ്കൂട്ടറിന് വെറും 3.3 സെക്കൻഡിൽ നിശ്ചലാവസ്ഥയിൽ നിന്നു മണിക്കൂറിൽ 40 കിലോമീറ്റർ വേഗം കൈവരിക്കാനാവുമെന്നാണ് ആതെർ എനർജിയുടെ അവകാശവാദം. വേഗം 60 കിലോമീറ്ററിലെത്താൻ വേണ്ടത് 6.5 സെക്കൻഡാണ്. യാത്ര ‘ഇകോ’ മോഡിലെങ്കിൽ ഒറ്റ ചാർജിൽ 85 കിലോമീറ്ററാണ് ‘450 എക്സി’ന് നിർമാതാക്കൾ വാഗ്ദാനം ചെയ്യുന്ന സഞ്ചാര പരിധി(റേഞ്ച്). മോഡ് റൈഡിലേക്കു മാറുമ്പോൾ ‘റേഞ്ച്’ 75 കിലോമീറ്ററായും ‘വാർപി’ലാണു യാത്രയെങ്കിൽ 50 കിലോമീറ്റരായും കുറയും. 

 

വരുംനാളുകളിൽ ഇ സ്കൂട്ടർ ഉൽപ്പാദനം ഗണ്യമായി ഉയർത്താനും ആതെർ എനർജിക്കു പദ്ധതിയുണ്ട്. ഘട്ടംഘട്ടമായി പ്രതിവർഷ ഉൽപ്പാദനം നാലു ലക്ഷം യൂണിറ്റായും മൂന്നു വർഷത്തിനുള്ളിൽ വാർഷിക ഉൽപ്പാദനം 10 ലക്ഷം യൂണിറ്റായും ഉയർത്താനാണു കമ്പനി ലക്ഷ്യമിടുന്നത്. 

 

English Summary: Ather Energy Rolls Out 25,000th 450X Electric Scooter

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com