ഥാറിൽ മോദിയുടെ റോഡ്ഷോ; വിജയം ആഘോഷിക്കാൻ ഥാർ തന്നെ ബെസ്റ്റെന്ന് ആനന്ദ് മഹീന്ദ്ര
Mail This Article
നാലു സംസ്ഥാനങ്ങളിൽ നേടിയ മികച്ച വിജയത്തിന് ബിജെപിക്ക് ഒപ്പം നിന്ന ജനങ്ങൾക്ക് നന്ദി പറയാനും വരാനിരിക്കുന്ന ഗുജറാത്ത് തിരഞ്ഞെടുപ്പിൽ ജനങ്ങളുടെ പിന്തുണ ഉറപ്പാക്കാനും പ്രധാനമന്ത്രി നരേന്ദ്രമോദി ഗുജറാത്തിൽ റോഡ് ഷോ നടത്തിയത് കഴിഞ്ഞ ദിവസമാണ്. തുറന്ന മഹീന്ദ്ര ഥാറിൽ മോദി നടത്തിയ റോഡ് ഷോയിൽ മോദിക്കൊപ്പം ഥാറും തിളങ്ങി നിന്നു.
റേഞ്ച് റോവറും ലാൻഡ് റോവറും പോലുള്ള എസ്‍യുവികൾ റോഡ് ഷോയ്ക്ക് ഉപയോഗിച്ചിരുന്ന മോദിയുടെ ഥാറിലെ യാത്ര വാഹനപ്രേമികൾക്കിടയിൽ ഏറെ ചർച്ചയായി. മോദി തന്റെ റോഡ് ഷോയ്ക്കായി ഥാറിനെ തിരഞ്ഞെടുത്തതിൽ സന്തോഷമുണ്ടെന്നായിരുന്നു വാർത്ത പങ്കുവച്ച് ആനന്ദ് മഹീന്ദ്ര ട്വീറ്റ് ചെയ്തത്. കൂടാതെ വിജയം ആഘോഷിക്കാനായി ഇതിലും മികച്ചൊരു വാഹനമില്ലെന്നും അദ്ദേഹം പറയുന്നു.
ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന സമയത്ത് മോദിയുടെ യാത്രകൾക്ക് മഹീന്ദ്രയുടെ സ്കോർപിയോയായിരുന്നു ഉപയോഗിച്ചിരുന്നത്. എന്നാൽ പ്രധാനമന്ത്രി പദവിയിൽ എത്തിയതിന് ശേഷം എസ്പിജിയുടെ നിർദ്ദേശപ്രകാരം കൂടുതൽ സുരക്ഷയുള്ള വാഹനങ്ങളാണ് ഉപയോഗിക്കുന്നത്.
മഹീന്ദ്രയുടെ ഏറ്റവും മികച്ച വാഹനങ്ങളിലൊന്നാണ് ഥാർ. 2020 ഓഗസ്റ്റിലാണ് ഥാറിന്റെ പുതിയ രൂപം മഹീന്ദ്ര പുറത്തിറക്കിയത്. 2.0 ലീറ്റര്‍ എംസ്റ്റാലിന്‍ പെട്രോള്‍, 2.2 ലീറ്റര്‍ എംഹോക്ക് ഡീസല്‍ എന്‍ജിനുകളാണ് ഥാറില്‍. പെട്രോള്‍ എന്‍ജിന്‍ 150 ബിഎച്ച്പി പവറും 320 എന്‍എം ടോര്‍ക്കും, ഡീസല്‍ എന്‍ജിന്‍ 130 ബിഎച്ച്പി പവറും 300 എന്‍എം ടോര്‍ക്കുമുണ്ട്. ഹാര്‍ഡ് ടോപ്പ്, സോഫ്റ്റ് ടോപ്പ് എന്നീ റൂഫുകളുമായി എത്തിയിട്ടുള്ള ഥാറിന് 12.10 ലക്ഷം രൂപ മുതല്‍ 14.15 ലക്ഷം രൂപ വരെയാണ് എക്സ്ഷോറും വില.
English Summary: Modi Road Show in Mahindra Thar