ADVERTISEMENT

വൈദ്യുത എംപിവിയായ ഐഡി. ബസിനു മികച്ച വിൽപന കൈവരിക്കാനാവുമെന്ന കണക്കുകൂട്ടലിൽ ജർമൻ നിർമാതാക്കളായ ഫോക്സ്‌വാഗൻ. ഐഡി. ബസിനു  പ്രതിവർഷം 1.20 ലക്ഷം യൂണിറ്റ് വിൽപനയാണു കമ്പനി പ്രതീക്ഷിക്കുന്നത്. ഇതിൽ ഒരു ലക്ഷം യൂണിറ്റും പ്രധാന വിപണിയായ യു എസിൽ നിന്നു തന്നെയാവുമെന്നും ഫോക്സ്‌വാഗൻ ഗ്രൂപ് ഓഫ് അമേരിക്ക ചീഫ് എക്സിക്യൂട്ടീവ് ഓഫിസർ സ്കോട്ട് കിയോഗ് വെളിപ്പെടുത്തി. ഫോക്സ്‌വാഗൻ ശ്രേണിയിലെ വൈദ്യുത വാഹനങ്ങൾക്ക് ആവശ്യമേറുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. 

Volkswagen ID. Buzz and ID. Buzz Cargo

 

ഇതിഹാസ മാനങ്ങളുള്ള മൈക്രോബസിന്റെ ആധുനിക, വൈദ്യുത വാഹന പതിപ്പായാണു ഫോക്സ്‌വാഗൻ ഐഡി. ബസിനെ അവതരിപ്പിക്കുന്നത്. യൂറോപ്പിൽ ഇക്കൊല്ലം അവസാനത്തോടെ ഐഡി. ബസ് വിൽപനയ്ക്കെത്തിക്കാനാണു കമ്പനി ലക്ഷ്യമിടുന്നത്. യു എസിൽ 2024ലാവും ഐഡി. ബസിന്റെ രംഗപ്രവേശം. യൂറോപ്യൻ വിപണികളിൽ ഈ മേയ് മുതൽ തന്നെ ഫോക്സ്‌വാഗൻ ഐഡി. ബസിനുള്ള ബുക്കിങ് സ്വീകരിച്ചു തുടങ്ങും. 

Volkswagen ID. Buzz

 

volkswagen-id-buzz-3

ഐഡി.ബസ് ശ്രേണിയിൽ യാത്രക്കാർക്കും ചരക്കുനീക്കത്തിനുമുള്ള പ്രത്യേക മോഡലുകൾ അവതരിപ്പിക്കാൻ ഫോക്സ്‌വാഗൻ തയാറെടുക്കുന്നുണ്ട്. ഐഡി.ബസ് യാത്രക്കാരെ കയറ്റുമ്പോൾ ചരക്കു നീക്കത്തിനായി എത്തുക ഐഡി.ബസ് കാർഗോ ആവും. ഫോക്സ്‌വാഗൻ ഗ്രൂപ്പിന്റെ മൊഡ്യുലർ ഇലക്ട്രിക് ഡ്രൈവ്(എം ഇ ബി) പ്ലാറ്റ്ഫോമാണ് വാഹനത്തിന്റെ അടിത്തറ. 4,712 എം എം നീളവും 1,980 എം എം വീതിയുമുണ്ട്. 1,938 എം എം ഉയരമുള്ള എം പി വിയുടെ വീൽബേസ് 2,988 എം എമ്മാണ്. 

volkswagen-id-buzz-1

 

ജർമനിയിലെ ഹാനോവറിലുള്ള ഫോക്സ്‌വാഗൻ വാണിജ്യവാഹന നിർമാണശാലയിൽ നിന്നാവും ഐഡി.ബസ് നിരത്തിലെത്തുക. തുടക്കത്തിൽ അഞ്ചു പേർക്കു സഞ്ചരിക്കാവുന്ന മോഡലായിരിക്കും പുറത്തിറങ്ങുക. അതിനുശേഷം അധിക വീൽബേസ് സഹിതം, ഏഴു പേർക്കു യാത്ര ചെയ്യാവുന്ന വകഭേദം അവതരിപ്പിക്കും. ഭാവിയിൽ ഐഡി.ബസിന്റെ ക്യാംപർ വാൻ പതിപ്പും പുറത്തിറക്കുമെന്നു ഫോക്സ്‌വാഗൻ പ്രഖ്യാപിച്ചിട്ടുണ്ട്. ഐഡി.കലിഫോണിയ എന്നാവും ഈ മോഡലിനു പേര്. 

 

ആദ്യഘട്ടത്തിൽ ഒറ്റ മോട്ടോറും റിയർ വീൽ ഡ്രൈവ് ലേ ഔട്ടുമായിട്ടാവും ഐഡി.ബസ്സിന്റെ വരവ്. പിന്നീട് കരുത്തുറ്റ ഇരട്ട മോട്ടോറുമായി, ഫോർ വീൽ ഡ്രൈവ് ലേ ഔട്ടുള്ള മോഡൽ പുറത്തിറങ്ങും. 2025 ആകുമ്പോഴേക്ക് സ്വയം ഓടുന്ന ഐഡി.ബസ് എത്തും. സെൽഫ് ഡ്രൈവിങ്ങിന്റെ നാലാംഘട്ട മികവോടെ എത്തുന്ന ഈ മോഡൽ പ്രധാനമായും റൈഡ് ഹെയ്ലിങ്, ഡെലിവറി സർവീസ് വിഭാഗങ്ങളെയാണു ലക്ഷ്യമിടുന്നത്. 

 

ലാളിത്യം തുളുമ്പുന്ന അകത്തളത്തോടെയാവും ഐഡി.ബസ് എത്തുക. ഫ്ളാറ്റ് ബോട്ടം സ്റ്റീയറിങ് വീൽ, 5.3 ഇഞ്ച് ഡിജിറ്റൽ ഇൻസ്ട്രമെന്റ് ഡിസ്പ്ലേ, 10 ഇഞ്ച് ഇൻഫൊടെയ്ൻമെന്റ് സിസ്റ്റം എന്നിവയൊക്കെ വാഹനത്തിലുണ്ടാവും. പോരെങ്കിൽ റീസൈക്കിൾ ചെയ്ത സിന്തറ്റിക് വസ്തുക്കളാണു ഫോക്സ്‌വാഗൻ ഐഡി.ബസ്സിന്റെ അകത്തളത്തിൽ ഉപയോഗിക്കുന്നത്. മുന്നിലെ രണ്ടു സീറ്റിനുമിടയിലെ ബസ് ബോക്സ് അടക്കം ധാരാളം സംഭരണ സ്ഥലങ്ങളും വാഹനത്തിൽ ഫോക്സ്‌വാഗൻ സജ്ജമാക്കുന്നുണ്ട്. 

 

English Summary: Volkswagen aims to sell 120,000 ID. Buzz electric vans globally every year

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com