പുതിയ റെഡി മിക്സ് കോണ്‍ക്രീറ്റ് വാഹനങ്ങളുമായി ടാറ്റ
Mail This Article
മൂന്ന് പുതിയ റെഡി മിക്സ് കോണ്‍ക്രീറ്റ് (ആര്‍എംസി) വാഹനങ്ങളുമായി ടാറ്റ മോട്ടോഴ്സ്. ടാറ്റ പ്രൈമ 3530 കെ 10എം3 ആര്‍എംസി, ടാറ്റ പ്രൈമ 2830 കെ 9എം3 ആര്‍എംസി, ടാറ്റ സിഗ്‌ന 2825 കെ 8എം3 എന്നീ മൂന്നു മോഡലുകളാണ് ടാറ്റ പുറത്തിറക്കിയത്. അത്യാധുനിക സാങ്കേതിക വിദ്യയായ റെപ്‌റ്റോ ഉപയോഗിച്ചുള്ള ഈ ട്രക്കുകള്‍ കൂടുതല്‍ പ്രവര്‍ത്തനക്ഷമത ഉറപ്പാക്കുന്നതോടൊപ്പം, പരിപാലന ചെലവ് കുറയ്ക്കാനും സഹായിക്കുമെന്ന് ടാറ്റ പറയുന്നത്.
റെപ്‌റ്റോ പ്ലാറ്റ്‌ഫോം, ആര്‍എംസി ആപ്ലിക്കേഷന്‍ എന്നിവയുടെ ഫലമായി എൻജിനില്‍ നിന്ന് നേരിട്ട് കോണ്‍ക്രീറ്റ് മിക്‌സിങ്ങിനുള്ള കരുത്ത് എടുക്കുന്നു. ഇത് വാഹനങ്ങള്‍ക്ക് ഉയര്‍ന്ന പ്രവര്‍ത്തനക്ഷമത ഉറപ്പാക്കുന്നുവെന്നാണ് ടാറ്റ പറയുന്നത്. ഫ്‌ലൈവീല്‍ ഹൗസിങ്ങിനുള്ളില്‍ സൂക്ഷിച്ചിരിക്കുന്ന എന്‍ജിന്‍ പിടിഒ, ആര്‍എംസി ഉപകരണങ്ങളിലേക്ക് 500എന്‍എം വരെ തുടര്‍ച്ചയായ ടോര്‍ക്ക് നല്‍കും. രാജ്യത്തെ മുന്‍നിര ട്രാന്‍സിറ്റ് മിക്‌സര്‍ നിര്‍മാതാക്കളില്‍ നിന്നുള്ള ഡ്രമ്മും അടക്കമാണ് വാഹനം എത്തുന്നത്, അതുകൊണ്ടുതന്നെ വാങ്ങിയ ഉടന്‍ തന്നെ നിരത്തിലിറക്കി ഉപയോഗിക്കാന്‍ സജ്ജമാണ്.
225 കിലോവാട്ട്, 186 കിലോവാട്ട് പവര്‍ ഓപ്ഷനുകളുള്ള കമിന്‍സിന്റെ 6.7ലീറ്റര്‍ ബിഎസ്6 എൻജിനാണ് വാഹനത്തിന് നല്‍കിയിരിക്കുന്നത്. ട്രക്കിലുള്ള ചരക്കിന്റെ ഭാരം, ഭൂപ്രകൃതി, വേഗത എന്നീ ഘടകങ്ങളെ അടിസ്ഥാനമാക്കി മികച്ച പവര്‍-ടോര്‍ക്ക് കോമ്പിനേഷന്‍ തിരഞ്ഞെടുക്കാന്‍ ഡ്രൈവറെ സഹായിക്കു ത്രീ മോഡ് ഫ്യുവല്‍ ഇക്കോണമി സ്വിച്ച് സഹിതമാണ് വാഹനമെത്തുന്നത്. ആറു വര്‍ഷം അല്ലെങ്കില്‍ ആറായിരം മണിക്കൂർ വാറന്റിയുമായാണ് പുതിയ വാഹനം വിപണിയിലെത്തുന്നത്.
English Summary: Tata Motor Launches Three New Ready Mix Concrete Truck