മിനി ഇലക്ട്രിക് വാങ്ങി മഞ്ജു, കറുപ്പിൽ നിന്ന് മഞ്ഞയിലേക്ക് മാറ്റി !
Mail This Article
മിനിയുടെ വൈദ്യുത കാർ മിനി കൂപ്പർ എസ് ഇ ഗാരിജിലെത്തിച്ച് മഞ്ജു വാരിയർ. കൊച്ചിയിലെ മിനി വിതരണക്കാരായ ഇവിഎം ഓട്ടോക്രാഫ്റ്റിൽ നിന്നാണ് താരം പുതിയ വാഹനം സ്വന്തമാക്കിയത്. മഞ്ജുവിന്റെ പുതിയ വാഹനത്തിന്റെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.
മഞ്ജുവാരിയരുടെ താൽപര്യപ്രകാരമാണ് കറുപ്പ് നിറത്തിലുള്ള വാഹനത്തിന് മഞ്ഞ നിറം നൽകിയത്. കൊച്ചിയിലെ കാൽഗറി എന്ന ഡീറ്റൈയ്‌ലിങ് സ്ഥാപനമാണ് മിനിക്ക് നിറം മാറ്റി നിൽകിയത്. പോർഷെ കാറുകളെ അനുസ്മരിപ്പിക്കുന്ന റേസിങ് യെല്ലോ നിറമാണ് വാഹനത്തിന്. കൂടാതെ ബോണറ്റിൽ പിയാനോ ബ്ലാക് സ്റ്റൈപ്സും സിറാമിക് കോട്ടിങ്ങും നൽകിയിട്ടുണ്ട്. ഇതുകൂടാതെ ലാൻഡ് റോവർ വേളാറും താരത്തിന്റെ ഗാരിജിലുണ്ട്. മോളിവുഡിലെ ആദ്യത്തെ ഇലക്ട്രിക് മിനിയാണ് ഇത്. ഏകദേശം 52 ലക്ഷം രൂപയാണ് വാഹനത്തിന്റെ ഓൺറോഡ് വില.
മിനി കൂപ്പർ എസ് ഇ
കഴിഞ്ഞ വർഷം അവസാനമാണ് മിനി കൂപ്പർ എസ്ഇ വിപണിയിലെത്തിയത്. മൂന്നാം തലമുറ മിനി ഹാച്ച്ബാക്കിനെ അടിസ്ഥാനമാക്കിയുള്ള ഇലക്ട്രിക് കാറാണ് മിനി കൂപ്പർ എസ്‍ഇ. 23.6 കിലോവാട്ട് അവർ ലിതിയം അയോൺ ബാറ്ററി പായ്ക്കാണു മിനി കൂപ്പർ എസ് ഇക്കു കരുത്തേകുന്നത്. പെട്രോൾ എൻജിനുള്ള മിനിയെ അപേക്ഷിച്ച് മിനി കൂപ്പർ എസ് ഇക്ക് 145 കിലോഗ്രാം അധിക ഭാരമുണ്ട്.
ഒറ്റ ചാർജിൽ 235 മുതൽ 270 കിലോമീറ്റർ വരെ പിന്നിടാൻ മിനി കൂപ്പർ എസ് ഇക്കാവുമെന്നാണു ബി എം ഡബ്ല്യുവിന്റെ വാഗ്ദാനം. പരമാവധി 184 എച്ച് പി(അഥവാ 135 kകിലോ വാട്ട്) വരെ കരുത്തും 270 എൻ എം ടോർക്കുമാണ് കാറിലെ വൈദ്യുത മോട്ടോർ സൃഷ്ടിക്കുക. മണിക്കൂറിൽ 150 കിലോമീറ്റർ വരെയാണു കാറിന്റെ പരമാവധി വേഗം. 7.3 സെക്കൻഡിൽ നിശ്ചലാവസ്ഥയിൽ നിന്നു മണിക്കൂറിൽ 100 കിലോമീറ്റർ വേഗത്തിലേക്കു കുതിക്കാനും ഈ മിനിക്കാവും. നോർമൽ ചാർജിങ് മോഡിൽ മൂന്നര മണിക്കൂറിൽ വാഹനം ഫുൾ ചാർജാകും. ഡിസി ഫാസ്റ്റ് ചാർജർ വഴി 35 മിനിറ്റിൽ ബാറ്ററി 80% ചാർജ് ചെയ്യാം.
കാഴ്ചയിലും സാധാരണ മിനി കൂപ്പറിൽ നിന്നു നേരിയ വ്യത്യാസത്തോടെയാണ് മിനി കൂപ്പർ എസ് ഇയുടെ വരവ്. ഗ്രില്ലിലും മിറർ ക്യാപ്പുകളിലും മഞ്ഞ ഹൈലൈറ്റിങ്, പുത്തൻ ലോഗോ, കൂടുതൽ മഞ്ഞ നിറമുള്ള ഹെഡ്ലൈറ്റ്, 17 ഇഞ്ച് അലോയ് വീൽ എന്നിവയൊക്കെ കാറിലുണ്ട്. മിനി ശ്രേണിയിൽ സാധാരണമായ എൽ ഇ ഡി ഹെഡ്ലാംപ്, ഹീറ്റ് പമ്പ് ടെക്നോളജി സഹിതം ഇരട്ട സോൺ ഓട്ടമാറ്റിക് എയർ കണ്ടീഷനിങ്, ഓക്സിലറി ഹീറ്റിങ്, ഇലക്ട്രിക് പാർക്കിങ് ബ്രേക്ക്, നാവിഗേഷൻ തുടങ്ങിയവയും ലഭ്യമാണ്. നിലവിൽ ‘മിനി കൂപ്പർ എസ് ഇ’ക്ക് ഇന്ത്യയിൽ എതിരാളികളില്ല
English Summary: Manju Warrier Bought Mini Cooper SE