461 കി.മീ. റേഞ്ച്, എംജി സിഎസ് ഇവിയുടെ 5 പ്രധാന സവിശേഷതകൾ
Mail This Article
പകരം വെക്കാനില്ലാത്ത ബാറ്ററിയുടെ കരുത്തും റേഞ്ചുമായാണ് എംജി സിഎസ് ഇവിയുടെ പുതിയ മോഡൽ എത്തിയത്. ഒരൊറ്റ തവണ ചാര്‍ജ് ചെയ്താല്‍ 461 കിലോമീറ്ററാണ് എംജി വാഗ്ദാനം ചെയ്യുന്ന മൈലേജ്. അകത്തും പുറത്തും നിരവധി പുതുമകളും സൗകര്യങ്ങളും സിഎസ് ഇവിയിലുണ്ട്. ഏറ്റവും പുതിയ എംജി സിഎസ് ഇവിയെക്കുറിച്ച് നിങ്ങളറിയേണ്ട അഞ്ചു കാര്യങ്ങള്‍
ബാറ്ററി കരുത്ത്, കൂടിയ മൈലേജ്
50.3kWhന്റെ ബാറ്ററിയാണ് എംജി സിഎസ് ഇവിയുടെ കരുത്ത്. ഈ ബാറ്ററിയാണ് ഒറ്റ ചാർജില്‍ 461 കിലോമീറ്ററിന്റെ മൈലേജ് വാഗ്ദാനം ചെയ്യുന്നത്. ഇന്ത്യന്‍ നഗരങ്ങളിലെ കാറുകളുടെ സഞ്ചാരത്തെക്കുറിച്ചുള്ള 2019ലെ സിഇഇഡബ്ല്യു റിപ്പോര്‍ട്ട് പ്രകാരം ശരാശരി 20 കിലോമീറ്ററാണ് ഒരു കാര്‍ പ്രതിദിനം സഞ്ചരിക്കുന്നത്. ഇതിന്റെ ഇരട്ടി ദൂരം നിങ്ങള്‍ സഞ്ചരിക്കുമെങ്കില്‍ പോലും ആഴ്ച്ചയില്‍ ഒരിക്കല്‍ മാത്രം ചാര്‍ജു ചെയ്താല്‍ മതി എംജി സിഎസ് ഇവിക്ക് എന്നു ചുരുക്കം. ഇതേ വിഭാഗത്തില്‍ പെട്ട കാറുകളെ അപേക്ഷിച്ച് കൂടുതല്‍ കരുത്തുള്ള മോട്ടോറും ഈ വാഹനത്തിന്റെ മേന്മയാണ്. പൂജ്യത്തില്‍ നിന്നും മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗത്തിലേക്കെത്താന്‍ 8.5 സെക്കന്റ് മാത്രമാണ് ആവശ്യം. സുരക്ഷയുടെ UL2580 അന്താരാഷ്ട്ര സര്‍ട്ടിഫിക്കറ്റും ബാറ്ററിക്കുണ്ട്.
അത്യാധുനിക സുരക്ഷ
ആറ് എയര്‍ ബാഗുകള്‍, 360 ഡിഗ്രി ക്യാമറ, ടയര്‍ പ്രഷര്‍ മോണിറ്റർ (TPMS), ഹിൽഹോൾഡ്, ഹിൽഡിസന്റ് സംവിധാനങ്ങൾ വാഹനത്തിന്റെ സുരക്ഷ കൂട്ടുന്നു. വാഹനം പിന്നോട്ടെടുക്കുമ്പോള്‍ സഹായിക്കുന്ന റിയര്‍ ഡ്രൈവ് അസിസ്റ്റ്, ബ്ലൈന്റ് സ്‌പോട്ട് ഡിറ്റക്ഷന്‍, ഇലക്ട്രോണിക് സ്‌റ്റെബിലിറ്റി കണ്‍ട്രോള്‍, റിയര്‍ ക്രോസ് ട്രാഫിക് അലര്‍ട്ട് എന്നിലയും സുരക്ഷിത ഡ്രൈവിങ്ങിന് സഹായിക്കും. പിന്‍ ക്യാമറയുടെ പരിധിയില്‍ പെടാത്ത ഭാഗത്തു നിന്നും പിന്നില്‍ നിന്നോ വശങ്ങളില്‍ നിന്നോ വാഹനങ്ങള്‍ വരുന്നുണ്ടെങ്കില്‍ മുന്നറിയിപ്പ് നല്‍കാനുള്ള സംവിധാനമാണ് റിയര്‍ ക്രോസ് ട്രാഫിക് അലര്‍ട്ട്.
സാങ്കേതികവിദ്യയുടെ കൂട്ട്
എംജിയുടെ ഏറ്റവും പുതിയ i-SMART ആണ് ZS EVക്കും നല്‍കിയിരിക്കുന്നത്. നൂറിലേറെ കമാന്‍ഡുകള്‍ ഇതുവഴി നല്‍കാനാകും. സ്‌കൈ റൂപ്, എ.സി, മ്യൂസിക് സിസ്റ്റം, റേഡിയോ, നാവിഗേഷന്‍ തുടങ്ങിവയെല്ലാം ഇതുവഴി നിയന്ത്രിക്കാം. 35ലേറെ Hinglish കമാന്റുകളും പാര്‍ക്ക് പ്ലസ്, മാപ് മൈ ഇന്ത്യ, ഷോര്‍ട്ട് പീഡിയ, ജിയോ തുടങ്ങിയ കാര്‍ ഫീച്ചറുകളും i-SMART വഴി ഉപയോഗിക്കാം.
ഡിജിറ്റല്‍ സൗകര്യങ്ങള്‍
പഴയ 8.0 ഇഞ്ച് ഇന്‍ഫോടെയിന്‍മെന്റ് സ്‌ക്രീനിന് പകരം പുതിയ വാഹനത്തില്‍ 10.1 ഇഞ്ച് സ്‌ക്രീനാണ് എം.ജി നല്‍കിയിരിക്കുന്നത്. മൈലേജും വേഗതയും താപനിലയുമൊക്കെ കാണിക്കുന്ന ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍ പൂര്‍ണ്ണമായും ഡിജിറ്റലാക്കിയിട്ടുണ്ട്. നേരത്തെ ഇത് അനലോഗായിരുന്നു. മുന്നിലെ ബംപറിന്റെ ഡിസൈനില്‍ മാറ്റം വരുത്തിയിട്ടുണ്ട്. എല്‍.ഇ.ഡി ഹെഡ്‌ലാംപുകളാണ് മുന്നിലെങ്കില്‍ ഡേറ്റൈം റണ്ണിങ് എല്‍ഇഡി ലൈറ്റുകളാണ് പിന്നില്‍.
എം.ജി ഇ ഷീല്‍ഡ് സുരക്ഷ
അഞ്ചു വര്‍ഷത്തേക്ക് കിലോമീറ്റർ പരിധികളില്ലാത്ത വാറന്റിയാണ് എം.ജിയുടെ ഇ ഷീല്‍ഡ് പ്രോഗ്രാം നല്‍കുന്നത്. ബാറ്ററി പാക്കിന് എട്ടു വര്‍ഷമോ/ 1.5 ലക്ഷം കിലോമീറ്റര്‍ വരെ വാറണ്ടി ലഭിക്കും. കൂടാതെ അഞ്ച് വര്‍ഷത്തേയ്ക്ക് റോഡ് സൈഡ് അസിസ്റ്റും ലേബര്‍ ചാർജ് ഇല്ലാത്ത സർവീസും എംജി ഉറപ്പു നൽകുന്നു.
English Summary: 2022 MG ZS EV Facelift: Top 5 Features to Know