ADVERTISEMENT

ഹിന്ദുസ്ഥാൻ എയ്‌റോനോട്ടിക്സ് ലിമിറ്റ‍‍ഡ് (എച്ച്എഎൽ) നിർമിച്ച ഡോണിയർ 228 വിമാനം അസമിലെ ഡിബ്രുഗഡ് വിമാനത്താവളത്തിൽനിന്ന് പറന്നുയർന്നപ്പോൾ അത് സൃഷ്ടിച്ചത് പുതിയ ചരിത്രം. രാജ്യത്ത് ആദ്യമായി നിർമിച്ച സിവിലിയൻ ഡോണിയർ 228 വിമാനമായിരുന്നു അത്. അലയൻസ് എയറിന് എച്ച്എഎൽ നിർമിച്ചു നൽകുന്ന വിമാനങ്ങളിൽ ആദ്യത്തേതിന്റെ കന്നിപ്പറക്കല്‍ കേന്ദ്ര വ്യോമയാനമന്ത്രി ജ്യോതിരാദിത്യ സിന്ധ്യ ഫ്‌ളാഗ് ഓഫ് ചെയ്തു. ചരിത്രത്തിന് സാക്ഷിയാകാൻ കേന്ദ്ര നിയമമന്ത്രി കിരൺ റിജിജുവും ഉന്നത ഉദ്യോഗസ്ഥരും എത്തിയിരുന്നു.

 

അരുണാചലും അസമും അടക്കം രാജ്യത്തിന്റെ വടക്കുകിഴക്കൻ ഭാഗങ്ങളിലേക്കുള്ള വ്യോമയാന ഗതാഗതം വർധിപ്പിക്കുന്നതിന്റെ ഭാഗമായാണ് ചെറുവിമാനത്തിന് സർവീസിന് അനുമതി നൽകിയത്. തുടക്കത്തിൽ എച്ച്എഎലിൽ നിന്ന് രണ്ടു ഡോണിയർ വിമാനങ്ങൾ പാട്ടത്തിനെടുത്താണ് അലയൻസ് എയർ സർവീസ് നടത്തുന്നത്. തുടർന്ന് കൂടുതൽ വിമാനങ്ങളെത്തുമെന്നാണ് പ്രതീക്ഷ. തുടക്കത്തിൽ ആഴ്ചയിൽ രണ്ടുദിവസമായിരിക്കും സർവീസ്. കേന്ദ്രസർക്കാരിന്റെ ഉഡാൻ പദ്ധതിയനുസരിച്ചാണ് സർവീസ്.

 

ഡോണിയർ 228

 

ജർമൻ കമ്പനിയായ ഡോണിയറിന്റെ ഈ ചെറുവിമാനം നിർമിക്കാനുള്ള അവകാശം എച്ച്എഎൽ നേടുന്നത് 1983 ലാണ്. ഇതുവരെ 125 വിമാനങ്ങൾ കമ്പനി പുറത്തിറക്കിയിട്ടുണ്ട്. ഇന്ത്യൻ എയർഫോഴ്സിനും നേവിക്കും കോസ്റ്റ്ഗാർഡിനും ഈ വിമാനം എച്ച്എഎൽ നിർമിച്ചു നൽകുന്നുണ്ട്. രണ്ടു പൈലറ്റുമാരാണ് വിമാനം പറത്തുന്നത്. 17 പേർക്ക് സഞ്ചരിക്കാം. ചെറു വിമാനത്താവളങ്ങളിലും എയർസ്ട്രിപ്പുകളിലും ഇറങ്ങാൻ കഴിയും. കൂടാതെ രാത്രിയും പകലും സർവീസ് നടത്താം. 

 

4572 മീറ്റർ ഉയരത്തിൽ വരെ പരമാവധി 370 കിലോമീറ്റർ വേഗത്തിൽ ഈ ചെറു വിമാനത്തിന് പറക്കാനാകും. ഹണിവെല്ലിന്റെ ടിപിഇ 331–10 ടർബോപ്രോപ്പ് എൻജിനാണ് വിമാനത്തിന് കരുത്തേകുന്നത്. 576 കിലോവാട്ട് കരുത്തുണ്ട് ഓരോ എൻജിനും. 5 ബ്ലേഡുകളുള്ള എംടി പ്രോപ്പലറുകളാണ് ഉപയോഗിക്കുന്നത്. 

 

English Summary: Made-in-India Dornier 228 makes maiden journey from Assam to Arunachal

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com