ADVERTISEMENT

വാഹന ലോകത്ത് ആഡംബരത്തിന്റെ അവസാന വാക്കാണ് റോൾസ് റോയ്സ്. ഗോസ്റ്റും ഫാന്റവും ഡോണും കള്ളിനനും റെയ്ത്തുമെല്ലാം അടങ്ങുന്ന ആഡംബര കാർ നിരതന്നെ ആരാധകരുടെ ഉറക്കം കെടുത്തും. ഏറ്റവും കുറഞ്ഞത് 5 കോടി രൂപയെങ്കിലും വരുന്ന ഈ കാറുകളുടെ ആഡംബരം കണ്ട് അമ്പരക്കുമെങ്കില്‍ 220 കോടി രൂപ വില വരുന്ന ഈ പ്രത്യേക പതിപ്പായ ബോട്ട് ടെയിലിനെ കണ്ടാലോ? ബോധംകെടുമെന്ന് ഉറപ്പല്ലേ.

rolls-royce-boat-tail-2

 

rolls-royce-boat-tail-3

റോൾസ് റോയ്സിന്റെ കസ്റ്റം മെയ്ഡ് വിഭാഗമായ ബോട്ട് ടെയിൽ കോച്ച് ബിൽഡ് കമ്മീഷനാണ് ഈ വാഹനത്തിന് പിന്നിൽ. ലോകത്ത് മൂന്നെണ്ണം മാത്രം നിർമിക്കുന്ന ബോട്ട് ടെയിൽ സീരിസിലെ രണ്ടാമത്തെ കാറാണിത്. പൂർണമായും കൈകൊണ്ടാണ് വാഹനം നിർമിച്ചിരിക്കുന്നത്. ഒരു ഉപഭോക്താവിന്റെ ഇഷ്ടത്തിന് അനുസരിച്ച് നിർമിച്ച വാഹനത്തിന്റെ വില 220 കോടി രൂപ കടക്കും എന്നാണ് റിപ്പോർട്ടുകൾ. ഒരു പേൾ വ്യാപാരി പിതാവിനും കുടുംബ പാരമ്പര്യത്തിനും നൽകുന്ന ഒരു ആദരം എന്ന രീതിയിലാണ് വാഹനം നിർമിക്കാൻ റോൾസ് റോയ്സിനെ സമീപിച്ചത്. ‘കൊൺകോസോ എലഗാൻസ വില്ല ഡി എസ്റ്റേ 2022’ ലാണ് ഈ കാറിനെ റോൾസ് റോയ്സ് പ്രദർശിപ്പിച്ചത്. ബോട്ട് ടെയിലിന്റെ ആദ്യ പതിപ്പ് ‘കൊൺകോസോ എലഗാൻസ വില്ല ഡി എസ്റ്റേ 2021’ ലായിരുന്നു പ്രദർശിപ്പിച്ചത്.

rolls-royce-boat-tail-1

 

rolls-royce-boat-tail-5

വാഹന ഉടമയുടെ ആവശ്യപ്രകാരം സ്വകാര്യ ശേഖരത്തിലെ അതിവിശിഷ്ട നാലു പേളുകളിൽ നിന്ന് പ്രചോദനം ഉൾകൊണ്ടാണ് ബോട്ട്ടെയിലിന്റെ നിറം തീരുമാനിച്ചത്. റോള്‍സ് റോയിസ് ഇന്നോളം നിര്‍മിച്ചിട്ടുള്ളതില്‍ ഏറ്റവും സവിശേഷമായ നിറമാണ് ഇതെന്ന് കമ്പനി പറയുന്നു. പേളിന്റെയും മൃദുവായ റോസാപ്പൂവിന്റെയും മിശ്രിതമാണ് നിറത്തിന്റെ അടിസ്ഥാനം. വലിയ വെള്ളയും വെങ്കലവുമായ മൈക്ക ഫ്ലെയറുകൾ കാറിലേക്ക് പതിക്കുന്ന പ്രകാശത്തിന്റെ തോതിന് അനുസരിച്ച് വ്യത്യസ്ത ലുക്ക് നൽകും. ബോട്ട് ടെയിലിനായി പ്രത്യേകം സൃഷ്ടിച്ച കോൺട്രാസ്റ്റിങ് കോണിയാക് നിറമുള്ള ബോണറ്റ് ഇതിൽ അടങ്ങിയിരിക്കുന്ന‌ ക്രിസ്റ്റൽ, ഐസ്ഡ് മാറ്റ് ക്ലിയർ കോട്ട് എന്നിവ പ്രത്യേക ഭംഗി വാഹനത്തിന് നൽകുന്നുണ്ട്.

 

റോസ് ഗോള്‍ഡ് ഫിനീഷിലാണ് റോള്‍സ് റോയിസ് വാഹനങ്ങളുടെയും മുഖമുദ്രയായ സ്പിരിറ്റ് ഓഫ് എക്സ്റ്റസി. മനോഹരമായി ഡിസൈൻ ചെയ്ത് ഗ്രില്ലും വാഹനത്തിലുണ്ട്. റോയല്‍ വാള്‍നട്ട് വെനീറില്‍ തീര്‍ത്ത സിഗ്നേച്ചര്‍ ഫോള്‍ഡിങ്ങ് ഡെക്കാണ് പിന്‍ഭാഗത്ത്. ഇതിലുംറോസ് ഗോള്‍ഡ് നിറം പൂശിയിരിക്കുന്നു. ആഡംബരത്തിന്റെ പൂര്‍ത്തികരണത്തിനായി ബ്ലാക്ക് അലോയ് വീലുകളും ആക്‌സെന്റുകളും ഇതില്‍ നല്‍കിയിട്ടുണ്ട്. 

 

കോണിയാക്, പേൾ കളറുകളുടെ സങ്കരമുള്ള ലെതറുകളും മതര്‍ ഓഫ് പേള്‍ ആക്‌സെന്റുകളുമാണ് അകത്തളത്തിൽ. ഷാഷ്‌ബോര്‍ഡില്‍ ഉടമയുടെ സ്വകാര്യ ശേഖരത്തിലെ മദര്‍ ഓഫ് പേള്‍ ഉപയോഗിച്ച് നിര്‍മിച്ച ഒരു ടൈംപീസുണ്ട്. ഇത് വാഹനത്തിന്റെ പ്രധാന ആകർഷണങ്ങളിലൊന്നാണ്. വാഹനത്തിലെ കണ്‍ട്രോള്‍ സ്വിച്ചുകളും ഇന്‍സ്ട്രുമെന്റ് ഡയലുകളുമെല്ലാം ഉടമയുടെ ആഗ്രഹപ്രകാരമാണ് ഒരുക്കിയിരിക്കുന്നു. റോൾ‍സ് റോയ്സിന്റെ മറ്റു കാറുകളുമായി ഈ വാഹനത്തിന് ഒരു സാമ്യവുമില്ലെങ്കിലും ഫാന്റമാണ് ഈ വാഹനത്തിന് ആധാരം. 6.75 ലീറ്റർ ട്വിൻ ടർബോ വി 12 എൻജിനാണ് വാഹനത്തിന് കരുത്തു പകരുന്നത്. 

 

English Summary: Rolls-Royce reveals ultra-exclusive Boat Tail model

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com