ADVERTISEMENT

ഇന്ത്യൻ വിപണിയിലെ ജനപ്രിയ സെഗ്‌മെന്റാണ് മിഡ് സൈസ് എസ്‍‌യുവി. പെട്രോൾ വില കുതിച്ചുയര്‍ന്നതോടെ ഈ വിഭാഗത്തിലെ ഇന്ധനക്ഷമതയുള്ള കാറുകള്‍ക്ക് പ്രിയമേറി. ഈ വിഭാഗത്തിൽ വിപണിയിലുള്ള ഏറ്റവും ഇന്ധനക്ഷമതയുള്ള പത്ത് പെട്രോൾ ചെറു എസ്‌യുവികള്‍ ഏതെല്ലാമെന്നു നോക്കാം. പല മിഡ് സൈസ് എസ്‌യുവികളിലും ഓട്ടമാറ്റിക്, മാനുവല്‍ ഗിയര്‍ ഓപ്ഷനുണ്ട്. അപ്പോൾ ഇന്ധനക്ഷമതയില്‍ മാറ്റങ്ങളുണ്ടാകും എന്നതുകൊണ്ടുതന്നെ ഇവയ്ക്കിടയിലെ ശരാശരിയെടുത്താണ് ഇന്ധനക്ഷമത കണക്കാക്കിയത്.

ഫോക്‌സ്‌വാഗണ്‍ ടൈഗൂൺ 1.0 ടിഎസ്ഐ- 18.23 കി.മീ

ടൈഗൂണിന്റെ എന്‍ട്രി ലെവല്‍ മോഡല്‍. 115 ബിഎച്ച്പി, 1.0 ലീറ്റര്‍ 3 സിലിണ്ടര്‍ ടര്‍ബോ പെട്രോള്‍ എൻജിന്‍. 6 സ്പീഡ് മാനുവല്‍, ഓട്ടമാറ്റിക് ട്രാന്‍സ്മിഷനുകളിൽ ഈ എൻജിൻ മോഡൽ ലഭ്യമാണ്. പരമാവധി ഇന്ധനം ലാഭിക്കാനായി എൻജിൻ സ്റ്റാർട്ട്, സ്റ്റോപ് സാങ്കേതികത കൂടി ഉള്‍പ്പെടുത്തിയതോടെ ആറ് ശതമാനമാണ് ഇന്ധനക്ഷമതയില്‍ വര്‍ധനവുണ്ടായത്. ഇതോടെ ഒരു ലീറ്റര്‍ പെട്രോളിന് 18.23 കിലോമീറ്റര്‍ എന്ന പരമാവധി ഇന്ധനക്ഷമത ടൈഗൂൺ 1.0 ടിഎസ്ഐക്ക് സ്വന്തമായി.

ഫോക്‌സ്‌വാഗണ്‍ ടൈഗൂൺ 1.5 ടിഎസ്ഐ - 18.18 കി.മീ

ഏറ്റവും ഇന്ധനക്ഷമതയുള്ള മീഡിയം എസ്‌യുവികളുടെ പട്ടികയില്‍ ആദ്യ രണ്ട് സ്ഥാനങ്ങളും ഫോക്‌സ്‌വാഗണ്‍ കാറുകളാണ് സ്വന്തമാക്കിയിരിക്കുന്നത്. 150 ബിഎച്ച്പി, 1.5 ലീറ്റര്‍ നാല് സിലിണ്ടര്‍ ടര്‍ബോ പെട്രോള്‍ എൻജിനാണ് ഈ ടൈഗൂൺ മോഡലിലുള്ളത്. 6 സ്പീഡ് മാനുവലോ അല്ലെങ്കില്‍ 7 സ്പീഡ് ഡിസിടി ട്രാന്‍സ്മിഷനോ ലഭ്യമാണ്. 18.18 കിലോമീറ്റര്‍ ഇന്ധനക്ഷമത തന്നെയാണ് ടൈഗൂൺ 1.5 ടിഎസ്ഐയുടെ പ്രധാന പ്രത്യേകതകളിലൊന്ന്. 

സ്‌കോഡ കുഷാക് 1.5 ടിഎസ്ഐ - 17.83 കി.മീ

സ്‌കോഡയുടെ ഏറ്റവും ശക്തിയുള്ള കുഷാക് മോഡലാണ് ഇത്. 150 ബിഎച്ച്പി കരുത്തുള്ള 1.5 ലീറ്റര്‍ നാലു സിലിണ്ടര്‍ ടര്‍ബോ പെട്രോള്‍ എൻജിനാണ് ഈ മോഡലിന്. 6 സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ 7 സ്പീഡ് ഡിസിടി കുഷാക് 1.5 ടിഎസ്ഐയില്‍ ലഭ്യമാണ്. ലീറ്ററിന് 17.83 കിലോമീറ്റര്‍ ഇന്ധനക്ഷമതയുള്ള ഈ എസ്‌യുവി മോഡല്‍ പട്ടികയില്‍ മൂന്നാമതാണ്.

സ്‌കോഡ കുഷാക് 1.0 ടിഎസ്ഐ - 16.83 കി.മീ

സ്‌കോഡയുടെ ആദ്യത്തെ മിഡ് സൈസ് എസ്‌യുവി. 1.0 ലീറ്റര്‍ മൂന്നു സിലിണ്ടര്‍ ടര്‍ബോ പെട്രോള്‍ എൻജിന്‍. 6 സ്പീഡ് മാനുവല്‍, ഓട്ടമാറ്റിക് ട്രാന്‍സ്മിഷനിലും ലഭ്യമാണ്. 999 സിസിയുള്ള കാറിന്റെ പരമാവധി ശേഷി 113 ബിഎച്ച്പിയാണ്. എആർഎഐ കണക്കുകള്‍ പ്രകാരം 16.83 കിലോമീറ്ററാണ്  ഇന്ധനക്ഷമത. 

ഹ്യുണ്ടയ് ക്രെറ്റ 1.5 ലീറ്റർ- 16.85 കി.മീ

115 ബിഎച്ച്പി കരുത്തുള്ള 1.5 ലീറ്റര്‍ നാലു സിലിണ്ടര്‍ പെട്രോള്‍ എൻജിനുമായി വരുന്ന ക്രെറ്റയ്ക്ക് 6 സ്പീഡ് മാനുവലും ഓട്ടമാറ്റിക്കും ട്രാന്‍സ്മിഷന്‍ ലഭ്യമാണ്. ലീറ്ററിന് 16.85 കിലോമീറ്ററാണ് ഈ എസ‌്‌യുവിയുടെ ഇന്ധനക്ഷമത. 

ഹ്യുണ്ടയ് ക്രെറ്റ 1.4 ലീറ്റർ ടർബോ - 16.8 കി.മീ

കിയ സെല്‍റ്റോസിന്റെ ഹ്യുണ്ടേയ് പതിപ്പായ ക്രെറ്റയുടെ 140 എച്ച്പി 1.4 ലീറ്റര്‍ പെട്രോള്‍ എൻജിൻ വേരിയന്റാണിത്. എന്നാല്‍ 7 സ്പീഡ് ഡിസിടി ട്രാന്‍സ്മിഷനാണ് വ്യത്യാസം. 1353 സിസി എൻജിനുള്ള വാഹനത്തിന് 16.8 കിലോമീറ്ററാണ് ഇന്ധനക്ഷമത. 

കിയ സെല്‍റ്റോസ് 1.5 ലീറ്റർ - 16.65 കി.മീ

ഇതേ വിഭാഗത്തിലുള്ള എതിരാളികളെ പോലെ സെല്‍റ്റോസും 4 സിലിണ്ടര്‍ 113 എച്ച്പി 1.5 ലീറ്റര്‍ പെട്രോള്‍ എൻജിന്‍ നല്‍കുന്നു. 6 സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ ഓട്ടമാറ്റിക് ട്രാന്‍സ്മിഷനാണ് കിയ സെല്‍റ്റോസിലുള്ളത്. 1497 സിസിയുള്ള എൻജിന് 16.65 കിലോമീറ്റര്‍ ഇന്ധനക്ഷമതയാണുള്ളത്. 

കിയ സെല്‍റ്റോസ് 1.4  ലീറ്റർ ടർബോ - 16.3 കി.മീ

ടര്‍ബോ പെട്രോള്‍ മോട്ടര്‍ ആദ്യമായി അവതരിപ്പിച്ച എസ‌്‌യുവികളിലൊന്നാണ് കിയ സെൽറ്റോസ്. 1.4 ലീറ്റര്‍ എൻജിന് 140 എച്ച്പിയാണ് കരുത്ത്. 7 സ്പീഡ് ഡിസിടി, 6 സ്പീഡ് മാനുവല്‍ ട്രാന്‍സ്മിഷൻ എന്നീ ഓപ്ഷനുകളിലാണ് സെല്‍റ്റോസ് എത്തുന്നത്. 6 എയര്‍ ബാഗുകളുടെ സുരക്ഷയുള്ള ഈ 5 സീറ്റ് കാറിന്റെ എൻജിൻ കപ്പാസിറ്റി 1353 സിസിയാണ്. 

നിസാന്‍ കിക്‌സ് 1.3 ലീറ്റർ ടർബോ- 15.8 കി.മീ

ജാപ്പനീസ് വാഹന നിര്‍മാതാക്കളായ നിസാന്റെ കൂടുതല്‍ സൗകര്യങ്ങളുള്ള എസ്‌യുവി. 1.3 ലീറ്റര്‍ ഫോര്‍ സിലിണ്ടര്‍ ടര്‍ബോ പെട്രോള്‍ എൻജിന്റെ കുതിരശക്തി 156 ആണ്. 6 സ്പീഡ് ഗിയര്‍ ബോക്‌സില്‍ മാനുവലോ സിവിടി ട്രാന്‍സ്മിഷനോ ലഭ്യമാണ്. 1330 സിസിയും അഞ്ച് സീറ്റ് കപ്പാസിറ്റിയുമുള്ള ഈ എസ്‌യുവിക്ക് ലീറ്ററിന് 15.8 കിലോമീറ്ററാണ് ഇന്ധനക്ഷമത. 

നിസാന്‍ കിക്‌സ് 1.5 ലീറ്റർ- 13.9 കി.മീ

മിഡ് സൈസ് എസ്‌യുവികളില്‍, ഇന്ത്യന്‍ വിപണിയിലുള്ള നിസാന്റെ ഒരേയൊരു മോഡല്‍. 5 സ്പീഡ് മാനുവല്‍ സ്പീഡ് 1.5 ലീറ്റര്‍ പെട്രോള്‍ എൻജിന് 106 എച്ച്പിയാണ് ശേഷി. ഒരു ലീറ്റര്‍ പെട്രോളിന് 13.9 കിലോമീറ്റര്‍ എന്നത് കൂട്ടത്തിലുള്ള ഏറ്റവും കുറഞ്ഞ ഇന്ധനക്ഷമതയാണ്. 

English Summary: Top 10 most fuel efficient petrol midsize SUVs in India

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com