അംബാസഡർ 2.0, എത്തുന്നു; പുതിയ രൂപത്തിൽ ഇന്ത്യയുടെ ജനകീയകാർ
Mail This Article
കാറെന്നാൽ ഒരു കാലത്ത് അംബാസഡറായിരുന്നു നമുക്ക്. രാജ്യാന്തര വാഹന നിർമാതാക്കൾ നിരത്തു കീഴടക്കും മുമ്പും അതിനു ശേഷവും കാലങ്ങളോളം ഇന്ത്യന്‍ പ്രധാനമന്ത്രി മുതല്‍ സാധാരണക്കാര്‍ വരെയുള്ളവരുടെ ഇഷ്ടവാഹനമായി വിലസി അംബാസഡർ. എന്നാൽ കാലത്തിന്റെ ഓട്ടത്തിൽ കിതച്ച് 2014 ൽ നിർമാണം അവസാനിപ്പിച്ച അംബാസഡർ പൂർണമായും പുതിയ കാറായി തിരിച്ചെത്തുന്നു.
പുതിയ അംബാസഡറിന്റെ ഡിസൈനും എൻജിനുമെല്ലാം പൂർത്തിയായിക്കൊണ്ടിരിക്കുകയാണ് എന്നാണ് പിഎസ്എ ഗ്രൂപ്പിൽനിന്ന് ലഭിക്കുന്ന വിവരം. പുതിയ രൂപത്തിലും ഭാവത്തിലും അംബാസിഡർ 2.0 ഉടൻ വിപണിയിലെത്തുമെന്നാണ് പ്രതീക്ഷ. റിട്രോ ലൈഫ്‌സ്‌റ്റൈല്‍ രീതിയിലുള്ള പുത്തന്‍ കാര്‍ തന്നെ അവതരിപ്പിച്ച് അംബാസഡറിനെ വീണ്ടും വില്‍പനയ്‌ക്കെത്തിക്കാനാണ് സാധ്യത.
പിഎസ്എ ഗ്രൂപ്പിന് കീഴിൽ സിട്രോൺ സി5 എയർ ക്രോസ് എന്ന വാഹനം 2021 ഏപ്രിലിലാണ് വിപണിയിലെത്തിയത്. രണ്ടാമത്തെ വാഹനം സി 3 എയർ ക്രോസ് ഉടൻ വിപണിയിലെത്തും. അതിനു ശേഷമായിരിക്കും അംബാസഡറിന്റെ പുതിയ രൂപം എത്തുക. 2017 ലാണ് 80 കോടി രൂപയ്ക്ക് പിഎസ്എ ഗ്രൂപ്പ് അംബാസഡര്‍ ബ്രാന്‍ഡും അനുബന്ധ വ്യാപാര മുദ്രകളും സി.കെ.ബിര്‍ല ഗ്രൂപ്പിന്റെ നിയന്ത്രണത്തിലുള്ള ഹിന്ദുസ്ഥാന്‍ മോട്ടോഴ്‌സില്‍ (എച്ച് എം) നിന്ന് സ്വന്തമാക്കിയത്.
English Summary: Ambassador 2.0 to hit roads in 2 year