കെടിഎം മിഡിൽ വെയ്റ്റ് സ്പോർട്സ് ബൈക്കുകൾ ഇന്ത്യയിലേക്ക്, എത്തുന്നത് കരുത്തൻമാരോ ?
Mail This Article
എൻട്രിലെവൽ സ്പോർട്സ് – നേക്കഡ് സ്പോർട്സ് ബൈക്ക് വിപ്ലവത്തിന് ഇന്ത്യയിൽ വിജയകരമായ തുടക്കമിട്ടത് ഓസ്ട്രിയൻ ബൈക്ക് നിർമാതാക്കളായ കെടിഎം ആണെന്ന് നിസ്സംശയം പറയാം. 125 സിസി മുതൽ 390 സിസി വരെയുള്ള വിവിധ എൻജിനുകളെ അടിസ്ഥാനപ്പെടുത്തി വിവിധ ബ്രാൻഡുകളായി വേർതിരിഞ്ഞ് കെടിഎം ഇവിടെ ഒരു സ്പോർട്സ് ബൈക്ക് വിപണി സൃഷ്ടിച്ചെടുക്കുകയായിരുന്നു. കാലങ്ങളായി യുവാക്കൾ ഏറെ കാത്തിരുന്ന കരുത്തൻ വാഹനങ്ങൾ വളരെ പെട്ടന്നു തന്നെ സ്വീകാര്യത നേടി. 10 വർഷത്തിനിടെ എൻട്രി ലെവൽ സ്പോർട്സ് ബൈക്കുകളുടെ വിൽപനയിലും വലിയ തോതിൽ വർധനയുണ്ടായി.
എൻട്രി ലെവൽ – ക്വാർട്ടർ ലീറ്റർ ബൈക്കുകളിൽ ഏറെക്കുറെ പരിശീലനം സിദ്ധിച്ച യുവാക്കളെ മുന്നിൽ കണ്ട് കെടിഎം പുതിയ തലത്തിലേക്ക് കടക്കാൻ ഒരുങ്ങുകയാണെന്ന് സൂചനകളുണ്ട്. 490 സിസി കരുത്തുള്ള പുതിയ എൻജിന്റെ പണിപ്പുരയിലാണ് നിർമാതാക്കൾ എന്നാണ് പുതിയ വാർത്തകൾ. 390 – 690 സിസി വാഹനങ്ങൾക്ക് ഇടയിൽ പുതിയ മിഡിൽ വെയ്റ്റ് വിഭാഗം സൃഷ്ടിച്ചെടുക്കാനുള്ള നെട്ടോട്ടത്തിലാണ് കമ്പനി. ഇരട്ട സിലിണ്ടർ അടിസ്ഥാനപ്പെടുത്തി കൂടുതൽ കരുത്തുള്ള വാഹനങ്ങളാണ് കമ്പനിയുടെ പുതിയ പദ്ധതി. ആദ്യമോഡൽ അടുത്ത വർഷം ആദ്യം തന്നെ വിപണിയിലെത്തുമെന്ന് അണിയറ സംസാരവുമുണ്ട്.
കെടിഎമ്മിന്റെ ഉപകമ്പനിയായ സിഎഫ് മോട്ടോയുടെ 450 സസി ലിക്വിഡ് കൂൾഡ് ഇരട്ട സിലിണ്ടർ 450 സിസി എൻജിന്റ പരിഷ്കരിച്ച് പുതിയ എൻജിനായി അവതരിപ്പിക്കുമെന്നാണ് വാഹനപ്രേമികൾ കരുതുന്നത്. നിലവിലുള്ള എൻജിൻ യൂണിറ്റുകൾ അടിസ്ഥാനപ്പെടുത്തിയുള്ള എല്ലാ മോഡലുകൾക്കും കരുത്ത് കൂടിയ പതിപ്പ് എത്തുമെന്ന് പ്രതീക്ഷിക്കാം. 52 എച്ച്പി – 56 എൻഎം ടോർക്ക് ആയിരിക്കും ഈ എൻജിന്റെ ഔട്ട്പുട്ട്. കരുത്ത് കുറച്ച് യൂറോപ്യൻ വിപണിയിലേക്കും ഇതേ വാഹനം എത്തിക്കാനും സാധ്യതയുണ്ട്. ബ്രാൻഡിന്റെ ഇന്ത്യൻ പങ്കാളികളായ ബജാജ് കുറഞ്ഞ ചെലവിൽ ഗുണനിലവാരമുള്ള ഉപ ഉൽപന്നങ്ങൾ നിർമിക്കുന്നു എന്നതിനാലും ഇന്ത്യൻ റൈഡർമാർക്കും ഏറെ പ്രതീക്ഷയ്ക്ക് വകയുണ്ട്. ഇതിൽ ഔദ്യോഗിക വിശദീകരണം കെടിഎം പുറത്തുവിട്ടിട്ടില്ല. എന്നാൽ കരുത്ത് കൂടിയ അഡ്വഞ്ചർ മോഡലുകളെ കുറിച്ച് ഒളിഞ്ഞും തെളിഞ്ഞും കമ്പനി സൂചനകൾ പുറത്തുവിട്ടിട്ടുണ്ട്.
English Summary: KTM 490 range to see the light of day later this year