എർട്ടിഗയുടെ എതിരാളിയോ സ്റ്റാർഗേസർ, ചിത്രം പുറത്തുവിട്ട് ഹ്യുണ്ടേയ്
Mail This Article
എംപിവി സ്റ്റാർഗേസറിന്റെ ആദ്യ ചിത്രങ്ങൾ പുറത്തുവിട്ട് ഹ്യുണ്ടേയ്. ഈ വർഷം ഓഗസ്റ്റിൽ ഇന്തൊനീഷ്യൻ വിപണിയിലെത്തുന്ന എംപിവിയുടെ ചിത്രങ്ങളാണ് ഹ്യുണ്ടേയ് ഇന്തൊനീഷ്യ പുറത്തുവിട്ടിരിക്കുന്നത്. പ്രീമിയം എംപിവി സ്റ്റാറിയയുടെ കീഴിൽ വിപണിയിലെത്തുന്ന വാഹനമാണ് സ്റ്റാർഗേസർ.
രാജ്യാന്തര വിപണിയിലെ പ്രീമിയം എസ്‍യുവിയായ സ്റ്റാറിയയെ അനുസ്മരിപ്പിക്കുന്ന രൂപമാണ് സ്റ്റാർഗേസറിനും. വ്യത്യസ്ത രൂപമുള്ള എൽഇഡി ഡേറ്റൈം റണ്ണിങ് ലാംപുകൾ, ക്വാഡ് ബോഡ് ഹെഡ്‌ലാംപ് സെറ്റപ്പ്, എച്ച് സ്റ്റൈൽഡ് കണക്റ്റഡ് എൽഇഡി ടെയിൽ ലാംപ് എന്നിവയുണ്ട്.
കിയയുടെ എംപിവി കാരൻസിന്റെ പാറ്റ്ഫോമിലായിരിക്കും ഹ്യുണ്ടേയ്‌യുടെ ഈ എംപിവിയും നിർമിക്കുക. 4500 എംഎം നീളമുള്ള വാഹനത്തിന് മൂന്ന് നിര സീറ്റുകളുണ്ടാകും. ആറ്, ഏഴ് സീറ്റ് ഓപ്ഷനുമായി സ്റ്റാർഗേസർ വിപണിയിലെത്തും എന്നാണ് പ്രതീക്ഷ.
തുടക്കത്തിൽ ഇന്തൊനീഷ്യൻ വിപണിയിലായിരിക്കും സ്റ്റാർഗേസർ വിൽപനയ്ക്ക് എത്തുക. ഹ്യുണ്ടേയ് ഇന്ത്യൻ വിപണിയിൽ പുതിയ എംപിവിയെ എത്തിക്കുമോ വ്യക്തമല്ല. ഇന്ത്യയിലെത്തിയാൽ കിയ കാരൻസിലെ 1.5 ലീറ്റർ പെട്രോൾ, ഡീസൽ എൻജിനുകൾ തന്നെയായിരിക്കും വാഹനത്തിന്. മാരുതി സുസുക്കി എർട്ടിഗ, എക്സ്എൽ 6, കിയ കാരൻസ് എന്നിവയോടായിരിക്കും പ്രധാനമായും മത്സരിക്കുക.
English Summary: Indonesia: Hyundai Stargazer MPV teased ahead of August unveil