തിരിച്ചുവരുമോ ഓള്‍ട്ടോ കെ10, മാറി ചിന്തിക്കുമോ മാരുതി സുസുക്കി ?
Mail This Article
രാജ്യത്തെ ഏറ്റവും വലിയ കാര്‍ നിർമാതാക്കളായ മാരുതി സുസുക്കി ഓള്‍ട്ടോ കെ 10 വീണ്ടും അവതരിപ്പിക്കാന്‍ ഒരുങ്ങുന്നു. 2020 മാര്‍ച്ചിലാണ് മാരുതി സുസുക്കി ഓള്‍ട്ടോ കെ 10 വിപണിയില്‍ നിന്നും പിന്‍വലിച്ചത്. എന്‍ട്രി ലെവല്‍ കാറുകളുടെ കൂട്ടത്തില്‍ കാര്യമായ വെല്ലുവിളികള്‍ ഇല്ലെന്നതും ഈ കാറുകള്‍ക്ക് വലിയ വിപണിയാണ് രാജ്യത്തുള്ളതെന്നുമുള്ള തിരിച്ചറിവാണ് മാറി ചിന്തിക്കാന്‍ മാരുതി സുസുക്കിയെ പ്രേരിപ്പിക്കുന്നത്.
മാരുതി സുസുക്കിയുടെ തന്നെ എസ്‌പ്രസോയും റെനോ ക്വിഡുമാണ് രാജ്യത്തെ പ്രധാന എന്‍ട്രി ലെവല്‍ ചെറുകാറുകള്‍. എന്നാല്‍ രാജ്യത്തെ കാര്‍ വിപണിയുടെ 7.8 ശതമാനം ഈ വിഭാഗത്തിനാണെന്നതും മാരുതി സുസുക്കിയുടെ നീക്കത്തെ ശരിവയ്ക്കുന്നു. 2022 സാമ്പത്തിക വര്‍ഷത്തില്‍ ഓള്‍ട്ടോയും എസ്‌പ്രസോയും ചേര്‍ത്ത് 2,11,762 വാഹനങ്ങള്‍ മാരുതി സുസുക്കി വിറ്റിരുന്നു. റെനോ 26,535 ക്വിഡുകളും ഇതേ കാലയളവില്‍ വിറ്റിട്ടുണ്ട്. ഏതാണ്ട് 2.50 ലക്ഷം കാറുകള്‍ വില്‍ക്കുന്ന വിഭാഗമെന്നത് ശക്തമായ വിപണി വിഹിതം തന്നെയാണ്.
രാജ്യത്ത് ഏറ്റവും കൂടുതല്‍ വില്‍ക്കപ്പെട്ട കാറെന്ന പേര് മാരുതി സുസുക്കിയുടെ ഓള്‍ട്ടോക്ക് സ്വന്തമാണ്. കഴിഞ്ഞ രണ്ടു ദശാബ്ദത്തിനിടെ 43 ലക്ഷം ഓള്‍ട്ടോ കാറുകളാണ് ഇന്ത്യയില്‍ വിറ്റിട്ടുള്ളത്. 2012 വരെ ആദ്യ തലമുറ ഓള്‍ട്ടോ കാറുകള്‍ വിറ്റിരുന്നു. 18 ലക്ഷം ആദ്യ തലമുറ ഓള്‍ട്ടോ കാറുകളാണ് ഇന്ത്യയില്‍ വിറ്റഴിഞ്ഞത്. രണ്ട് എൻജിന്‍ ഓപ്ഷനുകളിലാണ് ആദ്യ ഘട്ടത്തില്‍ ഓള്‍ട്ടോ പുറത്തിറക്കിയിരുന്നത്. 1061 സിസിയുടേയും 796 സിസിയുടേയും എൻജിന്‍ ഓപ്ഷനുകളായിരുന്നു ഉപഭോക്താക്കള്‍ക്കുണ്ടായിരുന്നത്. 2005 ആകുമ്പോഴേക്കും മാരുതി 800ന്റെ മറികടന്ന് രാജ്യത്ത് ഏറ്റവും കൂടുതല്‍ വിറ്റഴിഞ്ഞ കാറെന്ന പെരുമ ഓള്‍ട്ടോ സ്വന്തമാക്കി. 2018ല്‍ ഡിസെയര്‍ മറികടക്കും വരെ ഈ സ്ഥാനത്ത് ഓള്‍ട്ടോ തുടരുകയും ചെയ്തു.
998 സിസി എൻജിന്‍ ശേഷിയുമായി 2010ലാണ് ഓള്‍ട്ടോ കെ10 അവതരിപ്പിക്കുന്നത്. 2020 മാര്‍ച്ചില്‍ പിന്‍വലിക്കും വരെ 8.80 ലക്ഷം ഓള്‍ട്ടോ കെ10 വില്‍ക്കുകയും ചെയ്തു. ഓള്‍ട്ടോ 800 എന്ന പേരില്‍ 2012ല്‍ രണ്ടാം തലമുറയില്‍ പെട്ട ഓള്‍ട്ടോ കാറുകളെ അവതരിപ്പിക്കുകയും ചെയ്തു. 16 ലക്ഷത്തിലേറെ ഓള്‍ട്ടോ 800 കാറുകള്‍ ഇന്ത്യന്‍ നിരത്തുകളിലെത്തുകയും ചെയ്തു.
വില്‍പന കൂടി കണക്കാക്കിയാണ് കെ 10 ഒഴിവാക്കുകയും ഓള്‍ട്ടോ 800 നിലനിര്‍ത്തുകയും ചെയ്തത്. അതിന് മാരുതി സുസുക്കിക്ക് വ്യക്തമായ കാരണവും ഉണ്ടായിരുന്നു. ഓള്‍ട്ടോ 800 നും സ്വിഫ്റ്റ് പോലുള്ള വലിയ കാറുകള്‍ക്കും ഇടയിലായിരുന്നു കെ 10ന്റെ വില. ബജറ്റിന്റെ കാര്യത്തില്‍ പരിമിതികളുള്ള ഉപഭോക്താവ് ഓള്‍ട്ടോ 800 തിരഞ്ഞെടുക്കുകയും പണം ബുദ്ധിമുട്ടില്ലാത്തവര്‍ സ്വിഫ്‌റ്റോ എന്‍ട്രി ലെവല്‍ എസ്‌യുവിയായ ബ്രെസയോ തിരഞ്ഞെടുക്കുകയും ചെയ്തു. ഇതോടെ കെ 10ന്റെ വില്‍പന ഇടിയുകയായിരുന്നു.
എന്‍ട്രി ലെവല്‍ ചെറുകാറുകള്‍ക്ക് ആകെ 13.6 ശതമാനം വിപണി വിഹിതമുണ്ടെന്ന് 2019ലെ വില്‍പന വിവരങ്ങള്‍ വ്യക്തമാക്കുന്നുണ്ട്. ഓള്‍ട്ടോക്ക് പുറമേ പഴയ വാഗണ്‍ ആര്‍, ഹ്യുണ്ടേയ് ഇയോൺ, റെനോ ക്വിഡ്, ടാറ്റ നാനോ എന്നീ കാറുകള്‍ ചേര്‍ന്നായിരുന്നു ഈ വിപണി വിഹിതം 2019ല്‍ സ്വന്തമാക്കിയത്. എന്നാല്‍ 2020 സാമ്പത്തികവര്‍ഷത്തില്‍ ഇത് 10.6 ശതമാനമായി കുറയുകയാണുണ്ടായത്. നാനോയും ഇയോണും പിന്‍വലിക്കപ്പെടുകയും മാരുതി എസ്‌പ്രസോ അവതരിപ്പിക്കുകയും ചെയ്തു. 2021 സാമ്പത്തിക വര്‍ഷത്തില്‍ 9.8 ശതമാനവും 2022ല്‍ ഇത് 7.8 ശതമാനവുമായി കുറയുകയാണുണ്ടായത്.
എസ്‌പ്രസോയുടെ വരവും ഓള്‍ട്ടോ കാറുകള്‍ക്ക് തിരിച്ചടിയായിട്ടുണ്ട്. കെ 10ന്റെ എൻജിന്‍ ശേഷിയുള്ള എസ്‌പ്രസോ 2019ലാണ് മാരുതി അവതരിപ്പിച്ചത്. കെ 10ന് പകരമല്ലെങ്കിലും ഓള്‍ട്ടോ കാറുകളുടെ വില്‍പനയിലെ ഒരു പങ്ക് എസ് പ്രസോ സ്വന്തമാക്കുകയായിരുന്നു. കാര്യമായ വിലവ്യത്യാസമില്ലാതെ അതെ എൻജിനും കൂടുതല്‍ കാബിന്‍ സൗകര്യങ്ങളുമാണ് ഓള്‍ട്ടോ കാറുകളേക്കാള്‍ എസ്‌പ്രസോയെ തിരഞ്ഞെടുക്കാന്‍ പ്രേരിപ്പിച്ചത്. ബിഎസ് 6 മലിനീകരണ നിയന്ത്രണ ചട്ടങ്ങള്‍ 2020ല്‍ നിലവില്‍ വന്നതും ഓള്‍ട്ടോക്ക് തിരിച്ചടിയായിരുന്നു.
English Summary: Maruti Suzuki to bring back Alto K10 hatchback