കാത്തിരിക്കാം ജിംനിക്കായ്, ഉടനെത്തും വാഹനലോകത്തെ മിന്നും താരം
Mail This Article
ഇന്ത്യൻ വാഹന വിപണി ഏറ്റവും ആകാംക്ഷയോടെ കാത്തിരിക്കുന്ന വാഹനമാണ് സുസുക്കി ജിംനി. 2020 ലെ ന്യൂഡൽഹി ഓട്ടോഷോയിൽ മൂന്നു ഡോർ ജിംനി പ്രദർശിപ്പിച്ചതോടെ വാഹനപ്രേമികളും ആകാംക്ഷയിലായി മാറി. എന്നാൽ 3 ഡോർ ജിംനി ആയിരിക്കില്ല ജിംനിയുടെ 5 ഡോർ പതിപ്പ് ആയിരിക്കും ഇന്ത്യയിലെത്തുക. കഴിഞ്ഞ വർഷത്തെ ടോക്കിയോ ഓട്ടോഷോയിൽ പ്രദർശിപ്പിക്കുമെന്നാണ് അറിയിച്ചിരുന്നതെങ്കിലും കോവിഡിനെ തുടർന്ന് ഷോ റദ്ദാക്കി.
രാജ്യാന്തര വിപണിയ്ക്കായുള്ള ജിംനിയുടെ പുതിയ ഫെയ്സ് ലിഫ്റ്റ് മോഡലും 5 ഡോർ മോഡലും ഒരുമിച്ച് ഉടൻ പ്രദർശിപ്പിക്കുമെന്നാണ് ഇപ്പോൾ വരുന്ന വാർത്തകൾ. 5 ഡോർ മോഡലില്‍ 1.5 ലീറ്റർ പെട്രോൾ എന്‍ജിനും 3 ഡോർ മോഡലിന് 1.4 ലീറ്റർ ടർബോ എൻജിനുമാകും കരുത്തു പകരുക.
നേരത്തെ യൂറോപ്പിൽ പരീക്ഷണയോട്ടം നടത്തിയ 5 ഡോർ ജിംനിയുടെ ചിത്രങ്ങൾ പുറത്തുവന്നിരുന്നു. സുസുക്കി ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും 4 മീറ്ററിൽ താഴെ നീളമായിരിക്കും പുതിയ വാഹനത്തിന്. 3850 എഎം നീളവും 1645 എംഎം വീതിയും 1730 എംഎം ഉയരവും 2550 എംഎം വീൽബെയ്സുമുണ്ടാകും. ജപ്പാനിലും യൂറോപ്പിലും പുറത്തിറങ്ങിയ ജിംനിയുടെ ചെറിയ പതിപ്പിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. നേരത്തെ കയറ്റുമതിക്കായി ജിംനിയുടെ അസംബ്ലിങ് ഗുരുഗ്രാം ശാലയിൽ ആരംഭിച്ചിരുന്നു.
മാരുതിയുടെ പ്രീമിയം ഡീലർഷിപ്പായ നെക്സ വഴി വിൽപനയ്ക്കെത്തുന്ന ജിംനിയുടെ വില 10 ലക്ഷത്തിൽ താഴെ ഒതുക്കാനായിരിക്കും കമ്പനി ശ്രമിക്കുക. 2018ൽ ജപ്പാനിലായിരുന്നു നാലാം തലമുറ ജിംനിയുടെ അരങ്ങേറ്റം പിന്നാലെ വിവിധ വിദേശ വിപണികളിലും തരംഗമായി മാറി. ഓഫ് റോഡ് ഡ്രൈവിങ്ങിനു പുറമെ യാത്രാസുഖവും ഉറപ്പുവരുത്തുന്ന രീതിയിലാണ് നാലാം തലമുറ വാഹനത്തിന്റെ രൂപകൽപന. ദൃഢതയുള്ള ലാഡർ ഫ്രെയിം ഷാസിയും എയർ ബാഗ്, എ ബി എസ്, ഇ എസ് പി, പവർ സ്റ്റീയറിങ്, റിവേഴ്സ് പാർക്കിങ് സെൻസറുമൊക്കെയുള്ള ടച് സ്ക്രീൻ ഇൻഫോടെയ്ന്മെന്റ് സിസ്റ്റം വാഹനത്തിലുണ്ടാവും.
English Summary: Suzuki Jimny turbo, 5-door to debut Soon