ആഘോഷങ്ങൾക്ക് മാറ്റ് കൂട്ടാൻ ജെറ്റ് എഡിഷനുമായി ടാറ്റ
Mail This Article
ആഘോഷങ്ങൾക്ക് മാറ്റ് കൂട്ടാൻ ജെറ്റ് എഡിഷനുമായി ടാറ്റ. നെക്സോൺ, ഹാരിയർ, സഫാരി എന്നീ മോഡലുകൾക്കാണ് ജെറ്റ് എഡിഷൻ ടാറ്റ പുറത്തിറക്കിയത്. മൂന്നു മോഡലുകളുടേയും എക്സ്‌സിഎ പ്ലസ്, എക്സ്‌സിപ്ലസ് എന്നി മോഡലുകളിലാണ് ജെറ്റ് എഡിഷൻ. നെക്സോണിന്റെ പെട്രോൾ, ഡീസൽ പതിപ്പുകളിലും സഫാരിയുടെ 6,7 സീറ്റ് പതിപ്പുകളിലും ഈ പ്രത്യേക പതിപ്പ് ലഭിക്കും.
നെക്സോൺ ജെറ്റ് എഡിഷന് 12.78 ലക്ഷം രൂപ മുതൽ 13.43 ലക്ഷം രൂപ വരെയും ഹാരിയർ ജെറ്റ് എഡിഷന് 20.90 ലക്ഷം മുതൽ 22.20 ലക്ഷം രൂപ വരെയും സഫാരി ജെറ്റ് എഡിഷന് 21.45 ലക്ഷം മുതൽ 22.65 ലക്ഷം രൂപ വരെയുമാണ് വില.
സഫാരിയുടേയും ഹാരിയറിന്റേയും ജെറ്റ് എഡിഷന് കൂടുതൽ സുരക്ഷാ സംവിധാനങ്ങളും നെക്സോൺ ജെറ്റ് എഡിഷന് വയർലെസ് ചാർജറും അധികമായി ലഭിക്കും. സ്റ്റാർലൈറ്റ് എന്ന് പേരിട്ടിരിക്കുന്ന പെയിന്റ് ഫിനിഷിലാണ് (ബ്രോൺസ് ബോഡികളറും സിൽവർ റൂഫും) ജെറ്റ് എഡിഷൻ. കൂടാതെ ബ്ലാക് അലോയ് വീലും സിൽവ്വ സ്കിഡ് പ്ലേറ്റുമുണ്ട്.
സഫാരിക്കും ഹാരിയറിനും ഡ്രോനെസ് അലേർട്ട്, പാനിക് ബ്രേക് അലേർട്ട്, ഇംപാക്റ്റ് ബ്രേക്കിങ്ങിന് ശേഷമുള്ള അലേർട്ട്ചാർജർ എന്നിവയുണ്ട്. കൂടാതെ സഫാരിയുടെ എല്ലാ റോയിലും സി ടൈപ് ചാർജർ, പുതിയ ഹെഡ്റെസ്റ്റ് എന്നിവയും ഹാരിയറിന് ഇലക്ട്രോണിക് പാർക്കിങ് ബ്രേക്കും നാല് ഡിസ്ക് ബ്രേക്കുകളും ലഭിക്കും. നെക്സോണിന്റെ ജെറ്റ് പതിപ്പിന് വയർലെസ് ചാർജറാണ് ലഭിക്കുന്നത്. എൻജിനും മറ്റ് മെക്കാനിക്കൽ ഘടകങ്ങൾക്കും മാറ്റങ്ങളൊന്നും തന്നെയില്ല. നെക്സോണിൽ 120 ബിഎച്ച്പിയുള്ള 1.2 ലീറ്റർ പെട്രോൾ എൻജിനും 1.5 ലീറ്റർ ഡീസൽ എൻജിനും സഫാരിയിലും ഹാരിയറിലും 170 ബിഎച്ച്പി കരുത്തുള്ള ഡീസൽ എൻജിനുമാണ്.
English Summary: Tata Nexon, Harrier and Safari Jet Editions Launched