മത്സരം നെക്സോണുമായി, 450 കി.മീ റേഞ്ച്; മഹീന്ദ്ര എക്സ്യുവി 400 ടീസർ വിഡിയോ
Mail This Article
സെപ്റ്റംബർ എട്ടിന് ആദ്യ പ്രദർശനം നടക്കുന്നതിന് മുന്നോടിയായി ഇലക്ട്രിക് എസ്‍യുവി, മഹീന്ദ്ര എക്സ്‌യുവി 400ന്റെ ടീസർ വിഡിയോ പുറത്തുവന്നു. വാഹനം ചാർജ് ചെയ്യുന്നതിന്റെയും മുൻഭാഗത്തിന്റെയും വിഡിയോയാണ് പുറത്തുവന്നിരിക്കുന്നത്. ടാറ്റ നെക്സോണുമായി നേരിട്ട് മത്സരത്തിനെത്തുന്ന എക്സ്‍യുവി 400യ്ക്ക് 450 കിലോമീറ്റർ റേഞ്ചുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
എക്സ്‌യുവി 300ന്റെ ഇലക്ട്രിക് പതിപ്പായ എക്സ്‌യുവി 400 സെപ്റ്റംബർ 6ന് പുറത്തിറങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്. 2020 ന്യൂഡൽഹി ഓട്ടോ എക്സ്പോയിൽ പ്രദർശിപ്പിച്ച ഇ എക്‌സ്‌യുവി 300യുടെ പ്രൊഡക്‌ഷൻ പതിപ്പായിരിക്കും പുതിയ വാഹനം.
നീളം നാലുമീറ്ററിൽ താഴെ ഒതുക്കാതെ 4.2 മീറ്റർ നീളവുമായി പുതിയ വാഹനം എത്തുമെന്നാണ് മഹീന്ദ്ര പറയുന്നത്. എക്സ്‌യുവി 300ന് സമാനമായ ഹെഡ്‌ലാംപ് കൺസോൾ, ഗ്രിൽ, ടെയിൽ ലാംപ് എന്നിവയുണ്ടാകും. ഇലക്ട്രിക് മോട്ടറിനെപ്പറ്റിയോ റേഞ്ചിനെപ്പറ്റിയോ കൂടുതൽ വിവരങ്ങളൊന്നും പുറത്തുവിട്ടിട്ടില്ലെങ്കിലും 150 എച്ച്പി കരുത്തുള്ള മോട്ടറായിരിക്കും വാഹനത്തിൽ. കൂടാതെ രണ്ട് ബാറ്ററി പാക്ക് ഓപ്ഷനുമുണ്ടാകും.
കഴിഞ്ഞ ഓട്ടോ എക്സ്പോയിൽ തന്നെ മഹീന്ദ്ര ബാറ്ററിയിൽ ഓടുന്ന ഇ എക്സ് യുവി 300 പ്രദർശിപ്പിച്ചിരുന്നു. സന്ദർശകരിൽ മികച്ച പ്രതികരണം സൃഷ്ടിക്കാനും ഈ മാതൃകയ്ക്കു സാധിച്ചു. മഹീന്ദ്ര ഇലക്ട്രിക് സ്കെയ്ലബ്ൾ ആൻഡ് മൊഡ്യുലാർ ആർക്കിടെക്ചർ(എം ഇ എസ് എം എ) പ്ലാറ്റ്ഫോമാവും എക്സ് യു വി 400 ഇ വിക്ക് അടിത്തറയാവുകയെന്നാണു പ്രതീക്ഷ. കൂടാതെ മഹീന്ദ്രയിൽ നിന്നുള്ള ആദ്യ, സമ്പൂർണ ഇലക്ട്രിക് എസ്‌യുവിയുമാവും ഇ എക്സ് യു വി 300.
English Summary: Mahindra XUV400 Teased Ahead Of Debut On September 8