കാടും മലയും കയറണം, ലഡാക്കിൽ പരീക്ഷണയോട്ടം നടത്തി സുസുക്കി ജിംനി
Mail This Article
അടുത്ത വർഷം ജനുവരിയിൽ നടക്കുന്ന ഓട്ടോ എക്സ്പോയിൽ മാരുതി സുസുക്കി ജിംനിയുടെ ഇന്ത്യൻ പതിപ്പ് പുറത്തിറക്കും. വിപണിയിലെത്തുന്നതിന്റെ മുന്നോടിയായി വാഹനം പരീക്ഷണയോട്ടം നടത്തുന്നതിന്റെ നിരവധി ചിത്രങ്ങളാണ് പുറത്തുവന്നിട്ടുള്ളത്. ഇപ്പോഴിതാ ഹൈ ആൾട്ടിട്യൂഡിൽ, ലഡാക്കിൽ പരീക്ഷണയോട്ടം നടത്തുന്ന 5 ഡോർ ജിംനിയുടെ ചിത്രങ്ങളും പുറത്തു വന്നിരിക്കുന്നു.
ഹൈ ആൾട്ടിട്യൂഡ് ടെസ്റ്റ്
കടുത്ത കാലാവസ്ഥയുള്ള സാഹചര്യങ്ങളില്‍ പരീക്ഷിക്കുന്നതിന്റെ ഭാഗമായാണ് ലഡാക്കിൽ പരീക്ഷണയോട്ടം നടത്തുന്നത്. ഈ കാലാവസ്ഥയിലും മോശം റോഡുകളിലും വാഹനം എങ്ങനെ പെരുമാറുന്നു എന്ന് മനസിലാക്കും. കൂടാതെ വാഹനത്തിന്റെ എൻജിൻ തപനില, ക്യാബിനകത്തെ താപനില എന്നിവയും ഈ ഹൈ ആൾട്ടിട്യൂഡ് പരീക്ഷണയോട്ടങ്ങളിലൂടെ മനസിലാക്കി അതിനനുസരിച്ച് മാറ്റങ്ങൾ വരുത്തിയായിരിക്കും വിപണിയിലെത്തിക്കുക.
സുസുക്കി ഓൾഗ്രിപ്പ് പ്രോ
മാരുതി സുസുക്കി ഗ്രാൻഡ് വിറ്റാരയിലുള്ള ഓൾഗ്രിപ്പ് ഓൾവീൽ ഡ്രൈവ് സാങ്കേതിക വിദ്യയുടെ ഏറ്റവും അഡ്വാൻസിഡ് മോഡായ ഓൾഗ്രിപ്പ് പ്രോയാണ് ജിംനിയിൽ. കഠിനമായ ഓഫ് റോഡ് സാഹചര്യങ്ങളിലും മികച്ച പ്രകടനം ഇത് കാഴ്ചവയ്ക്കും. ഫോർവീൽ ഡ്രൈവ് ഹൈ, ഫോർവീൽ ഡ്രൈവ് ലോ എന്നി മോഡുകളും ഇതിലുണ്ട്.
ഇന്റീരിയറിലും ചെറിയ മാറ്റങ്ങള്‍
വിദേശ രാജ്യങ്ങളിൽ വിപണിയിലുള്ള വാഹനത്തിൽനിന്ന് ഇന്റീരിയറിൽ ചെറിയ മാറ്റങ്ങൾ പ്രതീക്ഷിക്കാം. 5 ഡോർ വാഹനമായതിനാൽ കൂടുതൽ ഇടം സൗകര്യപ്പെടുത്തിയിട്ടാണ് വാഹനം നിർമിക്കുന്നത്. സീറ്റുകളുടെ നിലവാരവും പുതിയ ഇൻഫോടെയ്ൻമെന്റ് സംവിധാനവും ഇന്ത്യൻ നിലവാരത്തിലേക്ക് മാറ്റാൻ സാധ്യതയുണ്ട്.
മൈൽഡ് ഹൈബ്രിഡ് എൻജിൻ
സുസുക്കിയുടെ നിരവധി ഇന്ത്യൻ വാഹനങ്ങളിൽ ഉപയോഗിക്കുന്ന മൈൽഡ് ഹൈബ്രിഡ് എൻജിനായിരിക്കും ജിംനിയിൽ.കെ15സി 1.5 ലീറ്റർ ഡ്യുവൽജെറ്റ് എൻജിന് 5 സ്പീഡ് മാനുവൽ, 6 സ്പീഡ് ഓട്ടമാറ്റിക് വകഭേദങ്ങളും പ്രതീക്ഷിക്കാം. കോവിഡ് പ്രതിസന്ധികളെ തുടർന്ന് മാറ്റി വയ്ക്കപ്പെട്ടിരുന്ന ഇന്ത്യ ഓട്ടോ എക്സ്പോയുടെ 2023 പതിപ്പിലെ ഹോട്ട് അട്രാക്‌ഷനായിരിക്കും ജിംനി. മഹീന്ദ്ര ഥാർ, ഫോഴ്സ് ഗൂർഖ എന്നിവയ്ക്ക് നേരിട്ട് വെല്ലുവിളി സൃഷ്ടിക്കുന്ന വിധത്തിലായിരിക്കും നിർമാതാക്കൾ ഇന്ത്യയിൽ വാഹനം പൊസിഷൻ ചെയ്യുന്നത്.
English Summary: Upcoming Maruti Suzuki Jimny 5 door undergoes high altitude tests