ADVERTISEMENT

ജര്‍മന്‍ കാര്‍ നിര്‍മാതാക്കളായ മെഴ്‌സിഡീസ് കഴിഞ്ഞ വര്‍ഷം പുറത്തിറക്കിയ മെയ്ബ എസ്‌യുവി ജിഎല്‍എസ്600ന് വലിയ തോതിലുള്ള സ്വീകരണമാണ് ഇന്ത്യയിലും ലഭിച്ചത്. സിനിമാ താരങ്ങളുടേയു വന്‍കിട ബിസിനസുകാരുടേയുമെല്ലാം അഭിമാനമായി ഈ ആഡംബര വാഹനം മാറിക്കഴിഞ്ഞു. ഇപ്പോഴിതാ മൂന്നു കോടിയിലേറെ വിലയുള്ള എസ്‌യുവി ജിഎല്‍എസ്600 ഭാര്യക്ക് പിറന്നാള്‍ സമ്മാനമായി നല്‍കിയിരിക്കുകയാണ് ഗുജറാത്തില്‍ നിന്നുള്ള വ്യാപാരി. ഈ അപൂര്‍വ സമ്മാനത്തിന് പിന്നില്‍ പതിറ്റാണ്ടുകള്‍ പഴക്കമുള്ള ഒരു അപൂര്‍വ സൗഹൃദത്തിനു കൂടി പങ്കുണ്ട്.

mercedes-maybach-gls-1

 

അമിത് ഗൊറോഡിയ എന്ന ആഭരണ വ്യാപാരിയാണ് ഭാര്യ ഗീത ഗൊറോഡിയക്ക് മെഴ്‌സിഡീസ് മെയ്ബ സമ്മാനിച്ചത്. ഗീത ഗൊറോഡിയക്കുവേണ്ടി പ്രത്യേകം നിര്‍മിച്ചതാണ് ഈ എസ്‌യുവി ജിഎല്‍എസ്600 എന്ന പ്രത്യേകതയുമുണ്ട്. ഐഐടി ബോംബെയിലെ 1968 ബാച്ചില്‍ അമിത്തിനൊപ്പം പഠിച്ച ആത്മസുഹൃത്ത് ഡോ. സുബ്രഹ്‌മണ്യമാണ് ഇങ്ങനെയൊരു അപൂര്‍വ വാഹനം നിര്‍മിക്കാന്‍ സഹായിച്ചത്. 

 

അലബാമ സര്‍വകലാശാലയിലെ ആധുനിക വാഹന സാങ്കേതികവിദ്യാ വിഭാഗം എക്‌സിക്യൂട്ടീവ് ഡയറക്ടറാണ് ഡോ. ബാലസുബ്രഹ്‌മണ്യം. ഇതിന് മുമ്പ് ഡെയ്‌മല ബെന്‍സില്‍ ജോലി ചെയ്തിട്ടുള്ള അദ്ദേഹം മെഴ്‌സിഡസ് ബെന്‍സ് ആര്‍ആന്റ്ഡി ഇന്ത്യ ചെയര്‍മാനുമായിരുന്നു. പതിറ്റാണ്ടുകള്‍ നീണ്ട സൗഹൃദത്തിന്റെ കൂടി ഫലമായാണ് ഇങ്ങനെയൊരു വാഹനം യാഥാര്‍ഥ്യമായതെന്നും ഇത് നല്‍കാനായതില്‍ മെഴ്‌സിഡീസ് ബെന്‍സ് കുടുംബം അഭിമാനിക്കുന്നുവെന്നും മെഴ്‌സിഡെസ് ഇന്ത്യ എംഡിയും സിഇഒയുമായ മാര്‍ട്ടിന്‍ ഷ്വെന്‍ക് പറഞ്ഞു. 

 

പിറന്നാള്‍ ദിനത്തില്‍ അവിചാരിത സമ്മാനമായാണ് ഗീത ഗൊറാഡിയക്ക് റെഡ് മെറ്റാലിക് നിറത്തിലുള്ള ഈ വാഹനം നല്‍കിയത്. ഇതിന്റെ വീഡിയോ മെഴ്‌സിഡീസ് ബെന്‍സ് ഇന്ത്യയും പങ്കുവെച്ചിട്ടുണ്ട്. വഡോദരയിലെ ഇവരുടെ വീട്ടിലേക്ക് വാഹനം എത്തിക്കുകയായിരുന്നു. ഫുള്ളി ആക്ടീവ് ഇ സസ്‌പെന്‍ഷന്‍, ത്രി ഡി സറൗണ്ട് സൗണ്ട് സിസ്റ്റം, പിന്‍സീറ്റിലെ MBUX സ്‌ക്രീന്‍, മാജിക് വിഷന്‍ കണ്‍ട്രോള്‍ എന്നിങ്ങനെ നിരവധി കസ്റ്റമൈസ്ഡ് ഫീച്ചറുകളും വാഹനത്തില്‍ ഒരുക്കിയിട്ടുണ്ട്. നിലവില്‍ ഇന്ത്യയില്‍ മെഴ്‌സിഡീസ് വില്‍ക്കുന്ന ഏറ്റവും വിലയേറിയ മോഡലാണ് എസ്‌യുവി ജിഎല്‍എസ്600. എന്നാല്‍ ഗീത ഗൊറാഡിയക്ക് സമ്മാനിച്ച വാഹനത്തിന് പ്രത്യേക ഫീച്ചറുകള്‍ ഉള്‍പ്പെടുത്തിയതിനാല്‍ അതിലേറെ വില വരും. നിലവില്‍ സ്റ്റാന്‍ഡേഡ് ജിഎല്‍എസ്600ന് 3.06 കോടി രൂപയാണ് അഹമ്മദാബാദിലെ ഓണ്‍റോഡ് വില.

 

നിരവധി ആഡംബര സൗകര്യങ്ങള്‍ മെഴ്‌സിഡസ് മെയ്ബ ജിഎല്‍എസ് 600 വാഹനത്തിലുണ്ട്. വായുസമ്പര്‍ക്കമുള്ള താപവ്യതിയാനങ്ങള്‍ സൃഷ്ടിക്കാനാവുന്ന സീറ്റുകള്‍, സീറ്റുകളിലെ മസാജറുകള്‍, പല തരം ക്ലൈമറ്റ് കണ്‍ട്രോള്‍, പനോരമിക് സണ്‍റൂഫ്, 360 ക്യാമറ, ആക്ടീവ് സ്ട്രീറ്റ് അസിസ്റ്റ്, ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയിന്‍മെന്റ് സംവിധാനം എന്നിവയെല്ലാം അതില്‍ ചിലതു മാത്രം. 4.0 ലീറ്റര്‍ ട്വിന്‍ ടര്‍ബോ വി8 എൻജിനാണ് വാഹനത്തിലുള്ളത്. 9 സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനാണ് മെഴ്‌സിഡീസ് മേബാക് ജിഎൽഎസ് 600ല്‍ ഉള്ളത്.

 

English Summary: Husband gifts wife Maybach GLS on old IIT Bombay batchmate’s recommendation

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com