ഇലക്ട്രികിന് സ്പീഡ് കുറവാണോ ? പരിചയപ്പെടാം വേഗം കൂടിയ 5 ബൈക്കുകളെ
Mail This Article
വൈദ്യുതി വാഹന വിപ്ലവം ഇന്ത്യയിലും അതിവേഗത്തില്‍ മുന്നേറുകയാണ്. പരമ്പരാഗത ഇന്റേണൽ കംമ്പസ്റ്റിൻ എൻജിന്‍ വാഹനങ്ങളോളം തന്നെ കരുത്തും പ്രകടനവുമുള്ള വൈദ്യുതി വാഹനങ്ങള്‍ വിപണിയില്‍ അവതരിച്ചുകൊണ്ടിരിക്കുകയാണ്. അടുത്തിടെ പുറത്തിറങ്ങുകയും ഇന്ത്യന്‍ ഇരുചക്രവാഹന വിപണിയില്‍ തരംഗമാവുകയും ചെയ്ത ഏറ്റവും വേഗമുള്ള അഞ്ച് വൈദ്യുതി ഇരുചക്രവാഹനങ്ങളെ പരിചയപ്പെടാം.
സിംപിള്‍ വണ്‍
ബെംഗളൂരില്‍ നിന്നുള്ള വൈദ്യുതി ഇരുചക്രവാഹന നിര്‍മാണ കമ്പനിയാണ് സിംപിള്‍. അടുത്തിടെ അവര്‍ പുറത്തിറക്കിയ വണ്‍ എന്ന മോഡലിന് 236 കിലോമീറ്ററാണ് റേഞ്ച്. പൂജ്യത്തില്‍ നിന്നും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വേഗത്തിലേക്ക് കുതിക്കാന്‍ ആകെ വേണ്ടത് 2.77 സെക്കൻഡ് മാത്രം. നിയന്ത്രിത സാഹചര്യങ്ങളില്‍ കമ്പനി 236 കിലോമീറ്റര്‍ റേഞ്ച് അവകാശപ്പെടുമ്പോഴും പ്രായോഗികമായി 190 കിലോമീറ്ററാണ് റേഞ്ച് ലഭിക്കുന്നത്.
ഒബെന്‍ റോര്‍
ഒബെന്‍ പുറത്തിറക്കിയ റോര്‍ എന്ന ഇലക്ട്രിക്ക് സ്‌കൂട്ടറിന് ഒറ്റ ചാര്‍ജില്‍ 200 കിലോമീറ്റര്‍ സഞ്ചരിക്കാനാവും. 4.4 കിലോവാട്ടിന്റെ ബാറ്ററിയാണ് വാഹനത്തിന്റെ കരുത്ത്. ഇക്കോ, സിറ്റി, ഹാവോക് എന്നിങ്ങനെ മൂന്ന് ഡ്രൈവിങ് മോഡുകള്‍ വാഹനത്തിനുണ്ട്. പരമാവധി വേഗത മണിക്കൂറില്‍ 70 കിലോമീറ്ററാണ്. നിയോ ക്ലാസിക്കല്‍ ഡിസൈനുള്ള വാഹനനത്തില്‍ റൗണ്ട് എല്‍ഇഡി ലാംപുകളാണ് നല്‍കിയിരിക്കുന്നത്. ബംഗളൂരിലാണ് ഒബെന്റെ വാഹന നിര്‍മാണ യൂണിറ്റ്. ഇവിടെ നിന്നും വര്‍ഷത്തില്‍ മൂന്നു ലക്ഷം വാഹനങ്ങള്‍ വരെ നിര്‍മിക്കാനാവും.
ഹോപ് ഒക്‌സോ
യൂത്ത്ഫുള്‍ ഡിസൈനും മികച്ച പ്രകടനവുമാണ് ഹോപിന്റെ ഒസ്‌കോ എന്ന ഇലക്ട്രിക് സ്‌കൂട്ടറിനെ ഈ പട്ടികയിലേക്കെത്തിച്ചത്. റിവേഴ്‌സ് അസിസ്റ്റ്, സ്മാര്‍ട്ട്‌ഫോണ്‍ കണക്ടിവിറ്റി, ആന്റി തെഫ്റ്റ് അലാം, യുഎസ്ബി ചാര്‍ജിങ്, ബ്ലൂടൂത്ത് തുടങ്ങിയ സൗകര്യങ്ങളും ഒക്‌സോയിലുണ്ട്. 3.75 കിലോവാട്ട് ലിത്തിയം അയേണ്‍ ബാറ്ററിയുള്ള ഒസ്‌കോയില്‍ മൂന്ന് കിലോവാട്ട് മോട്ടോറാണ് ഉപയോഗിച്ചിരിക്കുന്നത്.
ഇകോ, പവര്‍, സ്‌പോര്‍ട് എന്നിങ്ങനെ മൂന്ന് ഡ്രൈവിങ് മോഡുകള്‍ വാഹനത്തിലുണ്ട്. ഇകോ മോഡില്‍ 150 കിലോമീറ്റര്‍ മൈലേജ് ലഭിക്കുന്ന വാഹനത്തിന്റെ പരമാവധി വേഗത മണിക്കൂറില്‍ 90 കിലോമീറ്ററാണ്. അഞ്ചു മണിക്കൂറാണ് മുഴുവനായി ചാര്‍ജ് കയറാനെടുക്കുന്ന സമയം.
ഓല എസ് 1 പ്രൊ
ഇന്ത്യന്‍ വിപണിയില്‍ ഡിസൈന്‍ കൊണ്ടും കരുത്തുകൊണ്ടും വ്യത്യസ്തമായാണ് ഓല തരംഗമായത്. ഓല എസ് 1 പ്രൊയ്ക്ക് ഒറ്റ ചാര്‍ജില്‍ 181 കിലോമീറ്റര്‍ പോകാന്‍ സാധിക്കും. ഓല എസ്1 പ്രോയ്ക്ക് ഇകോ, നോര്‍മല്‍ സ്‌പോര്‍ട്, ഹൈപര്‍ എന്നിങ്ങനെ നാലു ഡ്രൈവിങ് മോഡുകളാണുള്ളത്. മണിക്കൂറില്‍ 116 കിലോമീറ്റര്‍ എന്ന മികച്ച വേഗതയില്‍ വരെ സഞ്ചരിക്കാന്‍ ഈ വൈദ്യുതി സ്‌കൂട്ടറിനാവും. 7.0 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ കണ്‍സോളില്‍ ബ്ലൂടൂത്ത് കണക്ടിവിറ്റി, ബ്രൗസിങ്, മ്യൂസിക്, ക്രൂയിസ് കണ്‍ട്രോള്‍ തുടങ്ങി പല സൗകര്യങ്ങളുമുണ്ട്.
എഥർ 450 എക്‌സ്
വൈദ്യുതി സ്‌കൂട്ടര്‍ വിപണിയില്‍ അതിവേഗം മുന്നോട്ട് കുതിക്കുന്ന കമ്പനികളിലൊന്നാണ് ബെംഗളുരു ആസ്ഥാനമായുള്ള സ്റ്റാര്‍ട്ട്അപ്പായ എഥർ. ഒറ്റ ചാര്‍ജില്‍ 85 കിലോമീറ്ററാണ് കമ്പനി വാഗ്ദാനം ചെയ്യുന്ന മൈലേജ്. ഇതു പോരെന്ന് തോന്നുന്നവര്‍ക്ക് കൂടുതല്‍ മൈലേജിനായി കൂടുതല്‍ കരുത്തുള്ള 3.7 കിലോവാട്ട് ബാറ്ററിയും കമ്പനി നല്‍കുന്നുണ്ട്. കൂടുതല്‍ കരുത്തുള്ള ബാറ്ററി ഘടിപ്പിച്ചാല്‍ മൈലേജ് 85ല്‍ നിന്നും 105 ആയി ഉയരും. മികച്ച ഉപഭോക്തൃസേവനവും ഗുണനിലവാരവുമൊക്കെയാണ് എഥറിനെ മുന്‍ നിരയിലേക്കെത്തിക്കുന്നത്.
English Summary: Top 5 recently launched High-Speed Electric 2-Wheelers