ഇന്നോവ ഹൈക്രോസ്, സഫാരി, എക്‌സ്‌യുവി 700; കണക്കിലെ കളികൾ!
Mail This Article
ഇന്നോവ എന്ന പേരിനൊപ്പം ഇന്ത്യക്കാര്‍ക്ക് സാധാരണ പരിചിതമല്ലാത്ത പല ഫീച്ചറുകളും കൂടി ചേര്‍ത്താണ് ടൊയോട്ട അവരുടെ പുത്തന്‍ ഇന്നോവ ഹൈക്രോസ് അവതരിപ്പിച്ചിരിക്കുന്നത്. ഇന്നോവ ക്രിസ്റ്റയെ പിൻവലിക്കാതെ ക്രോസ് ഓവർ എന്ന രീതിയിലാണ് ഹൈക്രോസിനെ പുറത്തിറക്കുക. മോണോകോക്ക് ഷാസി, ഫ്രണ്ട് വീല്‍ ഡ്രൈവ്, ഹൈബ്രിഡ് എൻജിൻ എന്നിവയെല്ലാം ഹൈക്രോസിന്റെ സവിശേഷതകളില്‍ ചിലതു മാത്രം. ഏകദേശം 23 ലക്ഷം മുതല്‍ 28 ലക്ഷം വരെ വില പ്രതീക്ഷിക്കുന്ന ഹൈക്രോസിന് ശക്തമായ മത്സരവുമായി ടാറ്റ സഫാരിയും മഹീന്ദ്ര എക്‌സ്‌യുവി 700ഉം ഉണ്ട്. ഈ മൂന്നു വാഹനങ്ങളുടേയും സവിശേഷതകള്‍ വിശദമായി നോക്കാം.
അഴകളവുകള്‍
കൂട്ടത്തില്‍ നീളം കൂടുതല്‍ ഹൈക്രോസിനാണ്. 4755 എംഎം നീളമുള്ള ഹൈക്രോസിന് ടാറ്റ സഫാരിയേക്കാള്‍ 94എംഎമ്മും (4661എംഎം) എക്‌സ്‌യുവി 700നേക്കാള്‍ 60എംഎമ്മും (4695എംഎം) നീളക്കൂടുതലുണ്ട്. എങ്കിലും വീതി ഹൈക്രോസിന്(1850 എം.എം) ടാറ്റ സഫാരിയേക്കാളും(1894 എം.എം) എക്‌സ്‌യുവി 700നേക്കാളും(1890 എം.എം) കുറവുമാണ്.
ഉയരത്തിന്റെ കാര്യത്തില്‍ സഫാരിയേക്കാള്‍ 9 എംഎമ്മും (1786 എംഎം) എക്‌സ്‌യുവി 700നേക്കാള്‍ 40എംഎമ്മും (1755 എംഎം) കൂടുതലുണ്ട് ഹൈക്രോസിന്. മഹീന്ദ്രയും ടാറ്റയും തങ്ങളുടെ വാഹനങ്ങളുടെ ഗ്രൗണ്ട് ക്ലിയറന്‍സ് ഔദ്യോഗികമായി പറഞ്ഞിട്ടില്ല. എന്നാല്‍ ഹൈക്രോസിന്റെ ഗ്രൗണ്ട് ക്ലിയറന്‍സ് 185 എംഎമ്മാണ്. മൂന്നു വാഹനങ്ങളിലും 17 ഇഞ്ച് അലോയ് വീലാണുള്ളത്. ഇന്നോവ ക്രിയസ്റ്റയേക്കാള്‍ 20 എംഎം നീളം കൂടുതലുള്ള ഹൈക്രോസിന്റെ വീല്‍ ബേസിനും വലുപ്പക്കൂടുതലുണ്ട്.
കരുത്ത്
പവര്‍ട്രെയിന്റെ കാര്യത്തില്‍ മൂന്നു വാഹനങ്ങള്‍ക്കും മൂന്നു തരം പ്രത്യേകതകളാണുള്ളത്. ഇന്നോവ ഹൈക്രോസ് പെട്രോളിലും ഉയര്‍ന്ന വേരിയന്റുകളില്‍ ഹൈബ്രിഡിലും ലഭ്യമാണ്. സഫാരി ഡീസല്‍ മോഡലില്‍ മാത്രമാണെങ്കില്‍ എക്‌സ്‌യുവി 700 പെട്രോളിലും ഡീസലിലുമുണ്ട്. 2.0 ലീറ്റര്‍ 4 സിലിണ്ടര്‍ എൻജിനുള്ള ഹൈക്രോസിന് 172 എച്ച്പി കുതിരശക്തിയും 205എൻഎം ടോര്‍കും ഉത്പാദിപ്പിക്കാനുള്ള ശേഷിയുണ്ട്. ഉയര്‍ന്ന വേരിയന്റുകളില്‍ ഇലക്ട്രിക് മോട്ടോര്‍ കൂടി ചേരുന്നതോടെ 186 എച്ച്പി കരുത്തുള്ള വാഹനമായി ഹൈക്രോസ് മാറും. ഇ സിവിടി ഗിയര്‍ബോക്‌സാണ് ഹൈക്രോസിന്റെ ഹൈബ്രിഡ് മോഡലിനുള്ളത്.
ഇന്നോവ ഹൈക്രോസിന്റെ രണ്ട് മോഡലുകള്‍ക്കും ടാറ്റ സഫാരിയുടെ 2 ലീറ്റർ ഡീസല്‍ എൻജിനേക്കാള്‍ കരുത്തുള്ളവയാണെങ്കിലും ടോര്‍കിന്റെ കാര്യത്തില്‍ മുന്നില്‍ സഫാരിയാണ്. അതേസമയം ഹൈക്രോസിനേക്കാള്‍ കരുത്തു കൂടുതലാണ് എക്‌സ്‌യുവി 700ന്റെ 2 ലീറ്റർ പെട്രോള്‍ മോഡലുകള്‍ക്ക്. എന്നാല്‍ ഡീസല്‍ മോഡലുമായി താരതമ്യം ചെയ്താല്‍ ഇന്നോവ ഹൈക്രോസിനാണ് കരുത്ത് കൂടുക.
ഇന്നോവ ഹൈക്രോസില്‍ മാനുവല്‍ ഗിയര്‍ബോക്‌സ് ലഭ്യമല്ല. എന്നാല്‍ സഫാരിക്കും എക്‌സ്‌യുവി 700നും 6 സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സും ലഭ്യമാണ്. ഓട്ടമാറ്റികില്‍ 6 സ്പീഡ് ഗിയര്‍ബോക്‌സാണ് എക്‌സ്‌യുവി 700നും സഫാരിക്കുമുള്ളത്. ഹോക്രോസില്‍ സിവിടി ഗിയര്‍ബോക്‌സ് നോണ്‍ ഹൈബ്രിഡിനും ഇ സി.വി.ടി ഗിയര്‍ബോക്‌സ് ഹൈബ്രിഡ് മോഡലിനും നല്‍കിയിരിക്കുന്നു. മൂന്നു വാഹനങ്ങളിലും ഫ്രണ്ട് വീല്‍ ഡ്രൈവുണ്ട്. എന്നാല്‍ എക്‌സ്.യു.വി 700ന്റെ ഡീസല്‍ എടി പവര്‍ട്രെയിനില്‍ മാത്രം മാത്രം എഡബ്ല്യുഡി സിസ്റ്റമാണുള്ളത്.
സീറ്റിങ്
മൂന്നു വാഹനങ്ങളും സീറ്റിങ്ങിന്റെ കാര്യത്തില്‍ വ്യത്യസ്തമാണ്. 7-8 സീറ്റിങാണ് ഹൈക്രോസിലുള്ളത്. നടുവിലെ വരിയില്‍ നീളത്തിലുള്ള ബെഞ്ച് സീറ്റോ മുന്‍ നിരയിലേതു പോലെ ക്യാപ്റ്റന്‍ സീറ്റോ വെയ്ക്കാം. മൂന്നാം വരിയില്‍ മൂന്ന് പേര്‍ക്കിരിക്കാവുന്ന ബെഞ്ച് സീറ്റും ഹൈക്രോസില്‍ സജ്ജീകരിച്ചിരിക്കുന്നു. എക്‌സ്‌യുവി 700 അഞ്ച് അല്ലെങ്കില്‍ ഏഴു സീറ്റ് ഓപ്ഷനോടെയും ടാറ്റ സഫാരി 6-7 സീറ്റ് ഓപ്ഷനോടെയുമാണ് ഇറക്കിയിരിക്കുന്നത്. രണ്ടാം നിരയില്‍ ക്യാപ്റ്റന്‍ സീറ്റാണ് ഇരു വാഹനങ്ങളിലുമുള്ളത്.
വില
ഹൈക്രോസിന്റെ വില 2023 ജനുവരിയില്‍ ടൊയോട്ട ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നാണ് കരുതപ്പെടുന്നത്. ടൊയോട്ടയുടെ ഇന്ത്യന്‍ ഡീലര്‍മാര്‍ നല്‍കുന്ന സൂചനകള്‍ പ്രകാരം 22-28 ലക്ഷം രൂപ വിലയുള്ള ക്രിസ്റ്റയേക്കാള്‍ അല്‍പം കൂടുതലായിരിക്കും ഹൈക്രോസിന്റെ വില. ടാറ്റ സഫാരിക്ക് 15.45-23.76 ലക്ഷം രൂപയും എക്‌സ്‌യുവി 700ന് 13.45 ലക്ഷം മുതല്‍ 24.95 ലക്ഷം രൂപയുമാണ് ഇന്ത്യന്‍ വിപണിയിലുള്ളത്.
English Summary: Innova Hycross, Tata Safari, Mahindra XUV 700; Specification comparison