200 കി.മീ, ഇലക്ട്രിക് കരുത്തില്‍ മടങ്ങിയെത്തുമോ നാനോ?
Mail This Article
സാധാരണക്കാരനു കാറെന്ന സ്വപ്‌നവുമായി പുറത്തിറങ്ങിയ വാഹനമാണ് ടാറ്റ നാനോ. നഗരവീഥികള്‍ക്ക് ഏറെ ഇണങ്ങുന്ന ഈ വാഹനം ഉൽപാദനം നിര്‍ത്തിയെങ്കിലും ഇന്നും നഗരയാത്രകള്‍ക്കായി അന്വേഷിച്ച് എത്തുന്നവര്‍ ഉണ്ടെന്നാണ് യൂസ്ഡ് കാര്‍ ഡീലര്‍മാര്‍ അവകാശപ്പെടുന്നത്. നഗര യാത്രകള്‍ക്കും ഒപ്പം സാധാരണക്കാരന്റെ ഇലക്ട്രിക് കാര്‍ എന്ന സ്വപ്‌ന പദ്ധതിക്കും ചിറക് മുളപ്പിക്കാന്‍ ഇലക്ട്രിക് കാര്‍ പദ്ധതിയിലാണ് ടാറ്റ. ഇലക്ട്രിക്കിന്റെ പിന്‍ബലത്തില്‍ നാനോ നിരത്തിലെത്തുമെന്നാണ് സൂചന.
ഇലക്ട്രിക് അവതാരത്തില്‍ നാനോ എത്തുമോ എന്ന ചോദ്യത്തിന്, പ്രതീക്ഷിക്കാമെന്നാണ് ടാറ്റ നല്‍കുന്ന മറുപടി. പുറത്തിറക്കുകയാണെങ്കിൽ ഒറ്റ ചാർജിന് കുറഞ്ഞത് 200 കിലോമീറ്റർ എങ്കിലും സഞ്ചരിക്കുന്ന ബാറ്ററി പാക്കുമായായിരിക്കും എത്തുക. ഇന്ത്യയില്‍ ഇവികള്‍ക്ക് ലഭിക്കുന്ന വലിയ സ്വീകാര്യ, നാനോയുടെ പ്രാക്ടിക്കല്‍ മികവ് എന്നിവ ചേര്‍ന്നാല്‍ പുതിയ വിപ്ലവം സൃഷ്ടിക്കാന്‍ ഈ വാഹനത്തിനു സാധിക്കുമെന്ന് തീര്‍ച്ച. ഒരു ലക്ഷം രൂപയ്ക്ക് പുതിയ കാര്‍ എന്നതായിരുന്നു നാനോയുടെ വില്‍പന സമവാക്യം. പ്ലാറ്റ്ഫോമിന്റെയും മോട്ടറിന്റെയും നവീകരണത്തില്‍ നാനോയുടെ പുനരുജ്ജീവനം യാഥാര്‍ഥ്യമാകുമെന്ന് വേണം കരുതാന്‍.
നിലവില്‍ ഇവി വിഭാഗത്തില്‍ വലിയ കുതിച്ചുചാട്ടമാണ് ടാറ്റ നടത്തുന്നത്. ഇവി വിഭാഗത്തില്‍ നെക്‌സോണ്‍, ടിയാഗോ, ടിഗോര്‍ എന്നിവ എത്തിയതോടെ ടാറ്റയുടെ വിപണി മൂല്യവും ജനപ്രീതിയും വലിയ തോതില്‍ ഉയര്‍ന്നു. ആള്‍ട്രോസ് ഇവി, പഞ്ച് ഇവി എന്നിവയും അണിയറയില്‍ ഒരുങ്ങുന്നുണ്ട്. ഇതിനു പിന്നാലെ സാധാരണക്കാരന്റെ ഇലക്ട്രിക് കാറായി നാനോയും എത്തുമെന്നു പ്രതീക്ഷിക്കാം. 2022 ഏപ്രില്‍-നവംബര്‍ കാലയളവില്‍ 24000 ഇലക്ട്രിക് വാഹനങ്ങള്‍ വിറ്റഴിക്കാന്‍ നിര്‍മാതാക്കള്‍ക്ക് സാധിച്ചു. അടുത്ത 5 വര്‍ഷത്തിനുള്ളില്‍ പത്തിലേറെ ഇലക്ട്രിക് കാറുകള്‍ ടാറ്റയുടെ ടാഗില്‍ വിപണിയിലെത്തും.
2008ല്‍ പുറത്തിറങ്ങിയ നാനോ 10 വര്‍ഷങ്ങള്‍ക്കൊടുവില്‍ 2018ലാണ് വില്‍പനയും നിര്‍മാണവും അവസാനിപ്പിച്ചത്. ഫോഡ് പ്ലാന്റ് ഏറ്റെടുത്തതിനു പിന്നില്‍ ഇലക്ട്രിക് നാനോയാണ് ടാറ്റ ലക്ഷ്യമിടുന്നതെന്ന സൂചന ഉണ്ടായിരുന്നു. പരിസ്ഥിതി സൗഹാര്‍ദ നാനോ വിപണിയിലെത്തിയാല്‍ സാധാരണക്കാരുടെ നിര്‍മാതാക്കള്‍ എന്ന നിലയില്‍ പുതിയൊരു നാഴികക്കല്ല് നേടാനും ടാറ്റയ്ക്ക് അവസരമുണ്ട്.
English Summary: Tatas to recharge Nano in EV avatar