ADVERTISEMENT

അടിസ്ഥാന രൂപത്തിന് കാര്യമായ മാറ്റങ്ങളില്ലാതെ 20 വർഷങ്ങൾ, അതായിരുന്നു ബജാജിന്റെ പൾസർ എന്ന സീരിസിന്റെ പ്രത്യേകത. 1980 – 90 കളിൽ ചേതക് ടു സ്ട്രോക് വാഹനമെന്ന മുഖമുദ്രയിൽ നിന്ന് 4 സ്ട്രോക്കിൽ തുടർച്ചയായി ഹിറ്റടിക്കാൻ ബജാജിനെ സഹായിച്ചത് പൾസർ എന്ന ബ്രാൻഡ് നെയിം ആണെന്ന് നിസംശയം പറയാം. സ്പോർട്ടി പ്രൊഫൈലിനും കരുത്തുറ്റ പ്രകടനത്തിനും മുൻഗണന നൽകിയ പൾസർ സീരിസ് യുവാക്കളുടെ ഇഷ്ടവാഹനമായി മാറിയത് ചുരുങ്ങിയ നാളുകൾ കൊണ്ടാണ്.

വിപുലീകരണങ്ങളുടെ ഭാഗമായി പല മോഡലുകൾക്കും രൂപമാറ്റവും എൻജിൻ മാറ്റവും വന്നുചേർന്നിരുന്നെങ്കിലും 150 സിസി പൾസർ മോഡലിന് കാര്യമായ മാറ്റങ്ങൾ വന്നിരുന്നില്ല. 2 പതിറ്റാണ്ടുകളോളം നീണ്ട ജൈത്രയാത്ര അവസാനിപ്പിക്കാനുള്ള സൂചനകളാണ് ബജാജ് നൽകുന്നത്. പൾസർ 150 എന്ന ബ്രാൻഡ് നെയിം നിർത്താനുള്ള ഒരുക്കത്തിലാണ് നിർമാതാക്കൾ എന്ന സൂചനകളാണ് ബജാജ്  നൽകുന്നത്.

pulsar-150

നവംബറിൽ ബജാജ് പൾസർ 150യുടെ പിൻഗാമി എന്ന നിലയിൽ പൾസർ പി–150 എന്ന മോഡൽ പുറത്തിറക്കിയിരുന്നു. പൾസർ 150 നിർത്തലാക്കുന്നതിന് ബജാജിന്റെ ശ്രമമാണ് ഇതെന്ന് ആ സമയം തന്നെ വാഹനപ്രേമികൾ പറഞ്ഞിരുന്നു. കഴിഞ്ഞ ഓഗസ്റ്റിലാണ് പൾസർ 180 മോഡൽ നിർത്തലാക്കിയത്. കഴിഞ്ഞ വർഷത്തോടെ പൾസർ സീരിസിലെ കരുത്ത് കൂടിയ വാഹനമായ 220ന്റെ നിർമാണവും അവസാനിപ്പിച്ചിരുന്നു.

പുതിയ രൂപത്തിലും ഭാവത്തിലും എൻജിനിലും പി150 ഇനി ആ സ്ഥാനത്ത് എത്തുമെന്ന് പ്രതീക്ഷിക്കാം. മികച്ച രൂപഭംഗിയും ചടുലമായ കരുതും പ്രത്യേകതയായിരുന്ന പൾസർ 150ന് ഇടയ്ക്കിടെ ഫേസ്‌ലിഫ്റ്റ് കൊണ്ടുവരാൻ ബജാജ് പ്രത്യേകം ശ്രമിച്ചിരുന്നു. ഡിടിഎസ്ഐ സാങ്കേതിക വിദ്യയായിരുന്നു വാഹനത്തിന്റെ ഏറ്റവും വലിയ അപ്ഡേറ്റ്. ഈ സാങ്കേതികതയുടെ ബലത്തിൽ പൾസർ യുവാക്കളുടെ ഉൾപ്പെടെ വാഹനപ്രേമികളുടെ മനസ്സിൽ കയറിക്കൂടി.

ഗ്യാസ് ഫിൽഡ് റിയർ സസ്പെൻഷനുകളുടെ യാത്രാസുഖം ചർച്ചയായതോടെ ബജാജിന് കരുത്ത് കൂടിയ വിഭാഗത്തിൽ തിരിഞ്ഞുനോക്കാതെ വിൽപന നേടാനായി. എതിരാളികളെയെല്ലാം നിഷ്പ്രഭം കാലയവനികയിൽ മറച്ച് 20 വർഷത്തിലേറെ കാലം ബജാജ് പൾസർ ജൈത്രയാത്ര നടത്തി. നിലവിലെ രൂപത്തിൽ 14 എച്ച്പി – 13.3 എൻഎം ടോർക്ക് കരുത്തിലാണ് വാഹനം നിരത്തിലെത്തിയിരുന്നത്. പഴയ പൾസറിന് യുവമനസ്സിൽ നേടാനായ സ്ഥാനം പുതിയ പ്ലാറ്റ്ഫോമിലെത്തുന്ന വാഹനത്തിന് ലഭിക്കുമോയെന്നു കാത്തിരുന്നു കാണണം.

English Summary: Bajaj to Discontinue Pulsar-150

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com