ഹൂറാകാൻ സ്റ്റെറാറ്റോ – റാലി ഡ്രൈവ് പോലൊരു ലംബോർഗ്‌നി
Mail This Article
സ്മൂത്ത് ട്രാക്കിൽ നിന്നു മാറി ചിന്തിക്കുകയാണ് ലംബോർഗ്‌നി. സൂപ്പർ ലക്ഷ്വറി കാർ നിർമാതാക്കളുടെ ഏറ്റവും പുതിയ വാഹനം സ്റ്റെറാറ്റോ അതിന്റെ ഓഫ്റോഡ് കഴിവുകളാലാണ് ശ്രദ്ധ നേടുന്നത്. നവംബറിൽ ആഗോള തലത്തിൽ അവതരിപ്പിക്കപ്പെട്ട വാഹനത്തിന് ആകെ 1499 യൂണിറ്റ് മാത്രമാണ് വിൽപനയ്ക്കുള്ളത്. റാലി ഡ്രൈവുകൾക്ക് ഇണങ്ങുന്ന വിധത്തിലുള്ള നിർമാണമാണ് വാഹനത്തിന്റെ പ്രത്യേകത. പ്രത്യേക പതിപ്പായി വിപണിയിലെത്തുന്ന വാഹനത്തിന് 4.61 കോടി രൂപയാണ് വില.
അഡ്വഞ്ചർ റാലികൾക്ക് ഇണങ്ങുന്ന വിധത്തിലുള്ള ഒട്ടേറെ സജ്ജീകരണങ്ങൾ വാഹനത്തിന് നൽകിയതായി കമ്പനി അറിയിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ മുന്നിലും പിന്നിലും യഥാക്രമം 30, 34 എംഎം ഉയരം വർധിപ്പിച്ചിട്ടുണ്ട്. സസ്പെൻഷൻ ട്രാവൽ കൂടുതൽ മികച്ചതാക്കാൻ ഗ്രൗണ്ട് ക്ലിയറൻസും 44 എംഎം ഉയർത്തി. ഏറെ സവിശേഷതകളോടെയാണ് ഹൂറാകാനിന്റെ സ്പെഷൽ എഡിഷൻ സ്റ്റെറാറ്റോ വിപണിയിലെത്തുന്നത്.
അലുമിനിയം അണ്ടർബോഡി പ്രൊട്ടക്ഷൻ, ഉറപ്പുള്ള സിൽസ്, എൻജിനുള്ളിലേക്ക് പൊടിപടലങ്ങൾ കടക്കാതിരിക്കുന്ന വിധത്തിൽ ഉയർത്തിയ എയർ ഇൻടേക്ക് തുടങ്ങി ഒട്ടേറെ സവിശേഷതകൾ ഹൂറാകാൻ സ്റ്റെറാറ്റോ എന്ന മോഡലിനു പുതുതായി ലഭിക്കുന്നു. അഡ്വഞ്ചർ വാഹനം എന്ന നിലയിൽ പുതിയ റാലി മോഡും ലക്ഷ്വറി സൂപ്പർകാറിനു ലഭിച്ചു. സ്ട്രാഡ, സ്പോർട് മോഡുകൾ പരിഷ്കരിക്കുന്നതിനൊപ്പം ഡൈനമിക് പാക് അഥവാ എൽഡിവിഐ (ലംബോർഗ്‌നി ഇന്റഗ്രേറ്റഡ് വെഹിക്കിൾ ഡൈനാമിക്സ്) എന്ന മോഡും വാഹനത്തിനു ലഭിച്ചു.
അഡ്വഞ്ചർ റാലി കാർ എന്ന നിലയിൽ 19 ഇഞ്ച് അലോയ് വീലുകളാണ് വാഹനത്തിനുള്ളത്. സാധാരണ ഹൂറാകാൻ മോഡലിനെക്കാൾ വലുപ്പത്തിൽ ചെറുതാണ് ഹൂറാകാൻ സ്റ്റെറാറ്റോ. എടി002 കസ്റ്റം ബ്രിഡ്ജ്സ്റ്റോൺ ഡ്യുവലർ ടയറുകളും വാഹനത്തിനു ലഭിച്ചു. മുന്നിൽ 235/40–19 പിന്നിൽ 285/40–19 ടയറുകളാണ് വാഹനത്തിലുള്ളത്. റാലി സ്പെഷൽ മോഡലായതിനാൽ റൺ ഫ്ലാറ്റ് ടയറുകളാണ് ഇവ. കരുത്തിനായി സാധാരണ മോഡലിൽ നിന്ന് അതേ വിധത്തിൽ 5.2 ലീറ്റർ നാച്ചുറൽ ആസ്പിരേറ്റഡ് വി10 എൻജിൻ ഈ വാഹനത്തിലും ഉപയോഗിക്കുന്നു. 610 എച്ച്പി – 560 എൻഎം ആണ് എൻജിന്റെ ശേഷി. സാധാരണ മോഡലിൽ നിന്ന് 30 എച്ച്പി കരുത്തിലും 40 എൻഎം ടോർക്കിലും പിന്നിലാണ് സ്റ്റെറാറ്റോ. 7 സ്പീഡ് ഡ്യുവൽ ക്ലച്ച് ഗിയർബോക്സാണ്. ഇലക്ട്രോണിക് സ്റ്റെബിലിറ്റി ഓൾ വീൽ ഡ്രൈവ് സംവിധാനമാണ് സ്റ്റെറാറ്റോയ്ക്ക്. 100 കിലോമീറ്റർ വേഗത കൈവരിക്കാൻ വാഹനത്തിന് 3.4 സെക്കൻഡുകൾ മാത്രം മതി. 260 കിലോമീറ്ററാണ് വാഹനത്തിന്റെ വേഗത.
ഇറ്റാലിയൻ പതാകയെ അനുസ്മരിപ്പിക്കുന്ന വിധത്തിൽ പച്ച–ചുവപ്പ് നിറങ്ങളിൽ ആകർഷണീയമാക്കിയ വാഹനത്തിന്റെ അടിസ്ഥാന നിറം വെളുപ്പാണ്. ഉള്ളിൽ കാര്യമായ അപ്ഗ്രേഡുകൾ ഇല്ല. ടച്ച്സ്ക്രീനിന് പുതിയ ഗ്രാഫിക്സ് ലഭിച്ചു. മാത്രമല്ല സീറ്റുകളിൽ ഉൾപ്പെടെ പുതിയ ആൽകന്റട്ര വെർഡെ ലെതറുകളാണ് ഉപയോഗിച്ചിട്ടുള്ളത്.
മൊബൈൽ ആപ് വഴി വാഹനത്തിന്റെ പെർഫോമൻസ് പരിശോധിക്കാൻ ടെലിമെട്രി സംവിധാനം വാഹനത്തിലുണ്ട്. സൂപ്പർകാർ സെഗ്മെന്റിൽ പോർഷെ 911 ഡാക്കർ മോഡലുമാ നേരിട്ട് മത്സരിക്കാനാണ് സ്റ്റെറാറ്റോ വിപണിയിലെത്തിക്കുന്നത്. ഈ മോഡൽ ഇന്ത്യയിൽ ലഭ്യമല്ലാത്തത് സ്റ്റെറാറ്റോയ്ക്ക് മുതൽക്കൂട്ടാകുമെന്ന് വേണം കരുതാൻ.
English Summary: Lamborghini Presents the new Huracan Sterrato