കോംപാക്ട് എസ്‌യുവി വിഭാഗത്തിൽ തരംഗം സൃഷ്ടിക്കാൻ 5 ഡോർ ജിമ്നി
Mail This Article
കോംപാക്ട് എസ്‌യുവി വിഭാഗത്തിൽ തരംഗം സൃഷ്ടിക്കാൻ 5 ഡോർ ജിമ്നി ഓട്ടോ എക്സ്പോയിൽ അരങ്ങേറ്റം നടത്തി. മാരുതി സുസുക്കിയുടെ എസ്‍യുവി ജിംനി . ഇന്ത്യയിലും മറ്റു രാജ്യങ്ങളിലും പരീക്ഷണയോട്ടം നടത്തിയിരുന്ന ജിംനിയുടെ 5 ഡോർ പതിപ്പ് ലോകത്തിൽ ആദ്യമായി ഡൽഹി ഓട്ടോ എക്സ്പോ 2023ലാണ് മാരുതി അവതരിപ്പിച്ചിരിക്കുന്നത്. 4 വീൽ ഡ്രൈവ്, ഓൾ ഗ്രിപ് പ്രോ, ലാഡർ ഫ്രെയിം ഷാസി തുടങ്ങിയ സംവിധാനങ്ങളോടെയാണ് ഓട്ടോ എക്സ്പോയിൽ ജിമ്നി വരവറിയിച്ചത്.
ഓൾ ടെറെയ്ൻ കോംപാക്ട് ലൈഫ്സ്റ്റൈൽ എസ്യുവി എന്നാണ് കമ്പനി ഈ എസ്യുവിയെ വിശേഷിപ്പിക്കുന്നത്. 3 ലിങ്ക് റിജിഡ് ആക്സിൽ സസ്പെൻഷനുള്ള വാഹനത്തിൽ 1.5 ലിറ്റർ കെ സീരീസ് എഞ്ചിനാണ് വരുന്നത്. ലാഡർ ഫ്രെയിം ഷാസി സുസുകി ടെക്ട് പ്ളാറ്റ്ഫോമിലാണ്. 210 എംഎം ഗ്രൗണ്ട് ക്ളിയറൻസാണ് വാഹനത്തിനുള്ളത്. കറുപ്പിൽ കുളിച്ച സ്റ്റൈലിഷായുള്ള ഇന്റീരിയറും പുതിയ ഇൻഫോടെയ്ൻമെന്റ് സംവിധാനവും വാഹനത്തിലുണ്ട്. ഫ്ളാറ്റ് റിക്ളൈയ്ൻ ഫ്രന്റ് സീറ്റുകളാണ് കൂടാതെ ഓട്ടോ എൽഇഡി ഹെഡ്‍ലാംപുകളുമാണുള്ളത്.
5 ഡോർ വാഹനമായതിനാൽ കൂടുതൽ ഇടം സൗകര്യപ്പെടുത്തിയിട്ടാണ് വാഹനം നിർമിച്ചിരിക്കുന്നത്. കയറ്റുമതി ആവശ്യങ്ങൾക്കായി ജിംനിയുടെ 3 ഡോർ വാഹനം ഇന്ത്യയിൽ നേരത്തേതന്നെ നിർമാണം ആരംഭിച്ചിരുന്നു. മഹീന്ദ്ര ഥാർ, ഫോഴ്സ് ഗൂർഖ എന്നിവയ്ക്ക് നേരിട്ട് വെല്ലുവിളി സൃഷ്ടിക്കുന്ന വിധത്തിലായിരിക്കും നിർമാതാക്കൾ ഇന്ത്യയിൽ വാഹനം പൊസിഷൻ ചെയ്യുന്നത്. 199 രാജ്യങ്ങളിൽ 3.2 ദശലക്ഷം യൂണിറ്റുകളാണ് ഇതുവരെ വിറ്റുപോയിരിക്കുന്നു. പേൾ വൈറ്റ്, ബ്ളൂയിഷ് ബ്ളാക്ക്, നെക്സ ബ്ളൂ, ഗ്രനൈറ്റ് ഗ്രേ, സിസ്ലിങ് റെഡ് കളർ ഓപ്ഷനുകളിലാണ് ലഭ്യമാകുക. നെക്സ ഡീലർഷിപ്പുകളിൽ വാഹനത്തിന്റെ ബുക്കിങ് കമ്പനി തുടങ്ങിയിട്ടുമുണ്ട്
English Summary: Maruti Suzuki unveils 5-door Jimny