ADVERTISEMENT

ഇന്ത്യന്‍ വൈദ്യുതി കാര്‍ വിപണിയിലെ ടാറ്റ മോട്ടോഴ്‌സിന്റെ അപ്രമാദിത്വം തെളിയിക്കുന്നതായിരുന്നു ഓട്ടോ എക്‌സ്‌പോ 2023ലെ ആദ്യ ദിനം. വൈദ്യുതി കാര്‍ ആശയമായ അവിന്യയുടെ പ്രത്യേകതകള്‍ ടാറ്റ ആദ്യമായി അവതരിപ്പിച്ചതും ഈ ദിനത്തിലായിരുന്നു. ടാറ്റ ഹാരിയര്‍ ഇവി, ടാറ്റ സിയറ ഇവി എന്നിവക്കൊപ്പം ടാറ്റ പഞ്ചിന്റേയും ടാറ്റ അള്‍ട്രോസിന്റേയും സിഎന്‍ജി മോഡലുകളും എക്‌സ്‌പോയുടെ ആദ്യ ദിവസം തന്നെ ടാറ്റ പുറത്തിറക്കി. ഓട്ടോ എക്‌സ്‌പോ ആദ്യ ദിനം ടാറ്റ ചെയ്തത് എന്തൊക്കെയെന്ന് നോക്കാം. 

ടാറ്റ കര്‍വ്

2024ല്‍ വിപണിയിലെത്തുന്ന ടാറ്റ കര്‍വ് ഐസിഇ കണ്‍സെപ്റ്റ് കാറിന്റെ സവിശേഷതകള്‍ ടാറ്റ പുറത്തുവിട്ടു. ഒരു എസ്‌യുവിക്കു വേണ്ട കരുത്തും ദീര്‍ഘായുസും ഒത്തു ചേര്‍ന്ന കാറായിട്ടാണ് ടാറ്റ കര്‍വിനെ കമ്പനി വിശേഷിപ്പിച്ചത്. കൂപെ കാറിന് യോജിച്ച മെലിഞ്ഞ രൂപകല്‍പനയാണ് ടാറ്റ കര്‍വിന് നല്‍കിയിരിക്കുന്നത്. 

tata3

ടാറ്റ അവിന്യ കണ്‍സെപ്റ്റ് ഇവി

വൈദ്യുതി വാഹന രംഗത്ത് മുന്നിലുള്ള ടാറ്റ അവരുടെ ഭാവിയിലെ ഇവി മോഡലായി ടാറ്റ അവിന്യയെ അവതരിപ്പിച്ചതും എക്‌സ്‌പോയുടെ ആദ്യ ദിനം തന്നെ. കമ്പനിയുടെ ഇലക്ട്രിക് കാര്‍ പ്ലാറ്റ്‌ഫോമായ ജെന്‍ 3യിലായിരിക്കും അവിന്യ പുറത്തിറങ്ങുക. ടാറ്റയുടെ പുതിയ ലോഗോയുമായി ഇറങ്ങുന്ന ആദ്യ വാഹനമായിരിക്കും ഇത്. 2025ല്‍ അവിന്യ ഇ.വി റോഡുകളിലെത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. അര മണിക്കൂര്‍ ചാര്‍ജ് ചെയ്താല്‍ 500 കിലോമീറ്റര്‍ യാത്ര ചെയ്യാനാകുമെന്നതാണ് അവിന്യയുടെ ഒരു പ്രത്യേകത. 

ടാറ്റ ഹാരിയര്‍ ഇവി

2025ല്‍ നിരത്തുകളിലെത്തുമെന്ന് പ്രതീക്ഷിക്കുന്ന ടാറ്റ ഹാരിയര്‍ എസ്.യു.വിയുടെ ഇലക്ട്രിക് മോഡലും കമ്പനി പുറത്തിറക്കി. ഡുവല്‍ ഇലക്ട്രിക് മോട്ടോറുള്ള വാഹനമായിരിക്കും ഇത്. സുരക്ഷക്കുവേണ്ടി അഡ്വാന്‍സ്ഡ് ഡ്രൈവര്‍ അസിസ്റ്റന്‍സ് സംവിധാനവും(ADAS) 360 ഡിഗ്രി ക്യാമറയും ഈ കാറിനുണ്ടാവും. മഹീന്ദ്ര എക്‌സ്‌യുവി ഇ8, എംജി സെഡ്എസ് ഇവി, ബിവൈഡി അട്ടോ 3 എന്നീ മോഡലുകളോടാണ് ടാറ്റ ഹാരിയര്‍ ഇവി മത്സരിക്കുക. 

tata2

ടാറ്റ സിയറ ഇവി

ടാറ്റയുടെ സിയേറ ഇ.വിയും ആദ്യമായി പുറത്തിറക്കുന്നത് ഓട്ടോ എക്‌സ്‌പോയില്‍ വെച്ചായിരുന്നു. 1991ലാണ് ടാറ്റ മോട്ടോഴ്‌സ് അവരുടെ ആദ്യ മൂന്ന് ഡോര്‍ എസ്‌യുവി പുറത്തിറക്കുന്നത്. ഈ മോഡലില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടുള്ള വാഹനമാണ് ടാറ്റ സിയേറ ഇവി. 

ടാറ്റ ആള്‍ട്രോസ്, പഞ്ച് സിഎന്‍ജി 

ഗ്രേറ്റര്‍ നോയ്ഡയിലെ ഓട്ടോ എക്‌സ്‌പോ വേദിയിലാണ് ടാറ്റ മോട്ടോഴ്‌സ് അവരുടെ ടാറ്റ ആള്‍ട്രോസിന്റേയും പഞ്ചിന്റേയും സിഎന്‍ജി മോഡലുകളെ അവതരിപ്പിച്ചത്. ഇരട്ട സിഎൻജി സിലിണ്ടര്‍ എൻജിനുകളുള്ള സിഎന്‍ജി മോഡലുകള്‍ 1.2 പെട്രോള്‍ എന്‍ജിനിലാണ് ലഭ്യം. സിഎന്‍ജി മോഡലുകളുടെ വില വിവരം ഇപ്പോഴും ടാറ്റ പുറത്തുവിട്ടിട്ടില്ല. 

ടാറ്റ അള്‍ട്രോസ് റേസര്‍ എഡിഷന്‍

ടാറ്റ അള്‍ട്രോസിന്റെ റേസര്‍ എഡിഷനും എക്‌സ്‌പോയുടെ ആദ്യ ദിനത്തില്‍ പുറം ലോകം കണ്ടു. കറുത്ത മുന്‍ഭാഗവും മിററുകളും റൂഫും അലോയ് വീലുകളുമുള്ള വാഹനം പുത്തന്‍ ലുക്കിലാണ് എത്തിയിരിക്കുന്നത്. റേസ് കാറുകളുടെ ഡിസൈനുകളില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടാണ് ഈ എഡിഷന്‍ പുറത്തിറക്കുന്നതെന്നും ടാറ്റ മോട്ടോഴ്‌സ് അറിയിച്ചു.

English Summary: Tata Showcased Electric car Concept at Autoexpo2023

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com