ADVERTISEMENT

മഹീന്ദ്രയുടെ സ്‌പെഷല്‍ എഡിഷൻ എക്സ്‌യുവി 400 ലേലം ചെയ്യുമെന്ന് ചെയര്‍മാന്‍ ആനന്ദ് മഹീന്ദ്ര. ജനുവരി 26ന് രാവിലെ 11 മുതല്‍ താല്‍പര്യമുള്ളവര്‍ക്ക് ഓണ്‍ലൈന്‍ ലേലത്തില്‍ പങ്കെടുക്കാം. ജനുവരി 31ന് അവസാനിക്കുന്ന ലേലത്തില്‍ വിജയിക്കുന്നവര്‍ക്കുള്ള എക്സ്‌യുവി 400 ഫെബ്രുവരി പത്തിന് കൈമാറും. വിജയിക്ക് ഫെബ്രുവരി 11ന് ഹൈദരാബാദില്‍ നടക്കുന്ന പ്രഥമ ഫോര്‍മുല ഇ റേസിന്റെ പ്രത്യേക പാസും ലഭിക്കും. 

ലേലത്തിലൂടെ ലഭിക്കുന്ന വരുമാനം മഹീന്ദ്ര റൈസ് സസ്റ്റെയ്‌നബിലിറ്റി ചാംപ്യന്‍ അവാര്‍ഡ് നേടുന്നവര്‍ക്കും സാമൂഹ്യ സേവനങ്ങള്‍ക്കുമായി വീതിച്ചു നല്‍കുമെന്നും മഹീന്ദ്ര അറിയിച്ചിട്ടുണ്ട്. മഹീന്ദ്രയുടെ ചീഫ് ഡിസൈനിങ് ഓഫീസര്‍ പ്രതാപ് ബോസും ഫാഷന്‍ ഡിസൈനര്‍ റിംസിം ദാദുവും ചേര്‍ന്നാണ് ബെസ്‌പോക് എക്സ്‌യുവി 400 രൂപകല്‍പന ചെയ്തത്. 

XUV400

ഉള്ളിലും പുറത്തുമുള്ള കോപ്പര്‍ ഡിസൈനും പ്രത്യേകം നീല നിറവും വാഹനത്തെ വ്യത്യസ്തമാക്കുന്നു. ഡുവല്‍ ടോണ്‍ കോപര്‍ റൂഫും പിയാനോ ബ്ലാക്ക് അലോയ് വീലുകളുമാണ് വാഹനത്തിന് നല്‍കിയിരിക്കുന്നത്. ഇന്റീരിയറിലും ഫീച്ചറുകളിലും എക്‌സ്‌യുവി 400ന് സമാനമാണെങ്കിലും സ്‌പെഷല്‍ എഡിഷന്‍ വാഹനത്തിന്റെ സീറ്റുകളില്‍ കോപ്പര്‍ സ്റ്റിച്ചിങും ഡിസൈനര്‍മാരുടെ പേരുകള്‍ പതിച്ച ബാഡ്ജിങും ഉണ്ടായിരിക്കും. പുറത്തും ഡിസൈനര്‍മാരുടെ ലോഗോ പതിപ്പിച്ചിട്ടുണ്ട്. എക്‌സ്‌ക്ലുസീവ് കുഷ്യനുകള്‍, സീറ്റ് ബെല്‍റ്റ് കവര്‍, കീ ഹോള്‍ഡര്‍, ചെറുതും വലുതുമായ ബാഗുകള്‍ എന്നിവയും എക്‌സ്‌ക്ലുസീവ് വാഹനത്തിനൊപ്പമുണ്ടാവും. 

മഹീന്ദ്രയുടെ എക്സ്‌യുവി 400 ഇലക്ട്രിക് എസ്‌യുവി രണ്ട് ബാറ്ററി പാക്കുകളില്‍ ലഭ്യമാണ്. ഇലക്ട്രിക് മോട്ടോറിന് 150bhp ശേഷിയും 310Nm ടോര്‍ക്കും ഉത്പാദിപ്പിക്കാനാവും. നൂറു കിലോമീറ്റര്‍ വേഗത്തിലെത്താന്‍ വാഹനത്തിന് 8.3 സെക്കന്റ് മാത്രമാണ് വേണ്ടത്. മണിക്കൂറില്‍ 150 കിലോമീറ്ററാണ് പരമാവധി വേഗത. ഫണ്‍, ഫാസ്റ്റ്, ഫിയര്‍ലെസ് എന്നിങ്ങനെ മൂന്ന് ഡ്രൈവിങ് മോഡുകളും വാഹനത്തിനുണ്ട്. 

34.5kWh ബാറ്ററിയില്‍ 375 കിലോമീറ്ററും 39.4kWh ബാറ്ററിയില്‍ 456 കിലോമീറ്ററുമാണ് മഹീന്ദ്ര വാഗ്ദാനം ചെയ്യുന്ന റേഞ്ച്. 50kW ഡിസി ഫാസ്റ്റ് ചാര്‍ജര്‍ ഉപയോഗിച്ചാല്‍ വെറും 50 മിനുറ്റുകൊണ്ട് പൂജ്യത്തില്‍ നിന്നും 80 ശതമാനം ചാര്‍ജിലേക്കെത്താനാകും. 7.2 കിലോവാട്ട് എ.സി ചാര്‍ജര്‍ ഉപയോഗിച്ചാല്‍ ആറര മണിക്കൂറിലും 3.3 കിലോവാട്ട് എ.സി ചാര്‍ജര്‍ ഉപയോഗിച്ചാല്‍ 13 മണിക്കൂറിലും എക്സ്‌യുവി 400 പൂര്‍ണമായും ചാര്‍ജ് ചെയ്യാനാകും. 15.99 ലക്ഷം മുതല്‍ 18.99 ലക്ഷം രൂപ വരെയാണ് എക്സ്‌യുവി 400ന്റെ വില.

English Summary: Anand Mahindra to hand over the Exclusive Edition XUV400 to the highest auction bidder

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com