അഞ്ച് ഡോർ ജിംനി ഓസ്ട്രേലിയയിലേക്ക്, ആവേശത്തോടെ കാത്തിരിക്കുന്നുവെന്ന് ആരാധകർ
Mail This Article
സൂപ്പർഹിറ്റായ 3 ഡോർ ജിംനിക്ക് പിന്നാലെ അഞ്ചു ഡോർ വകഭേദവും പുറത്തിറക്കുമെന്ന് സുസുക്കി ഓസ്ട്രേലിയ. സമൂഹമാധ്യമ അക്കൗണ്ടിലൂടെയാണ് സുസുക്കി ഓസ്ട്രേലിയ 5 ഡോർ ജിംനി വിപണിയിലെത്തിക്കുമെന്ന വാർത്ത പുറത്തുവിട്ടത്. എന്നാൽ വിലയോ എന്നു പുറത്തിറങ്ങുമെന്നോ സുസുക്കി പ്രഖ്യാപിച്ചിട്ടില്ല.
ഈ മാസം നടന്ന ന്യൂഡൽഹി ഓട്ടോ എക്സ്പോയിൽ വച്ച് ആദ്യ പ്രദർശനം നടത്തിയ വാഹനം ഏറെ ജനശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. ബുക്കിങ് ആരംഭിച്ച് രണ്ടു ദിവസങ്ങൾക്കുള്ളിൽ തന്നെ 3000 ബുക്കിങ്ങാണ് ജിംനിയെ തേടി എത്തിയത്.
മൈൽഡ് ഹൈബ്രിഡ് എൻജിൻ
സുസുക്കിയുടെ മൈൽഡ് ഹൈബ്രിഡ് സാങ്കേതികവിദ്യയുടെ പിൻബലമുണ്ട്. കെ 15 ബി ഡ്യുവൽജെറ്റ് എൻജിനാണ് നിലവിൽ ജിംനിയുടെ രാജ്യാന്തര മോഡലുകളിൽ. അതേ കോൺഫിഗറേഷൻ തന്നെ സുസുക്കി ഇന്ത്യയിലുമെത്തിച്ചു. 104.8 എച്ച്പി കരുത്തും 134.2 എൻ എം ടോർക്കും ഈ എൻജിനുണ്ട്. 5 സ്പീഡ് മാനുവൽ, 4 സ്പീഡ് ഓട്ടമാറ്റിക് ഗിയർബോക്സ് ഈ എൻജിനുണ്ട്. 3985 എംഎം നീളവും 1720 എംഎം ഉയരവും 1645 എംഎം വീതിയും 2590 എംഎം വീൽബെയ്‌സും വാഹനത്തിനുണ്ട്. 15 ഇഞ്ച് വീലുകളാണ് ഉപയോഗിക്കുന്നത്.
സുസുക്കി ഓൾഗ്രിപ്പ് പ്രോ
മാരുതി സുസുക്കി ഗ്രാൻഡ് വിറ്റാരയിലുള്ള ഓൾഗ്രിപ്പ് ഓൾവീൽ ഡ്രൈവ് സാങ്കേതിക വിദ്യയുടെ ഏറ്റവും അഡ്വാൻസിഡ് മോഡായ ഓൾഗ്രിപ്പ് പ്രോയാണ് ജിംനിയിൽ. കഠിനമായ ഓഫ് റോഡ് സാഹചര്യങ്ങളിലും മികച്ച പ്രകടനം ഇത് കാഴ്ചവയ്ക്കും. ഫോർവീൽ ഡ്രൈവ് ഹൈ, ഫോർവീൽ ഡ്രൈവ് ലോ എന്നീ മോഡുകളും ഇതിലുണ്ട്. 36 ഡിഗ്രി അപ്രോച്ച് ആംഗിളും 24 ഡിഗ്രി റാംപ് ബ്രേക് ഓവർ ആംഗിളും 50 ഡിഗ്രി ഡിപ്പാർച്ചർ ആംഗിളും വാഹനത്തിലുണ്ട്.
ഇന്റീരിയറിലും ചെറിയ മാറ്റങ്ങള്‍
വിദേശ രാജ്യങ്ങളിൽ വിപണിയിലുള്ള വാഹനത്തിൽനിന്ന് ഇന്റീരിയറിൽ ചെറിയ മാറ്റങ്ങളുണ്ട്. 5 ഡോർ വാഹനമായതിനാൽ കൂടുതൽ ഇടം സൗകര്യപ്പെടുത്തിയിട്ടാണ് വാഹനം നിർമിച്ചത്. 9 ഇഞ്ച് സുസുക്കി സ്മാർട്ട്പ്ലേ ഇൻഫോടെയിൻമെന്റ് സിസ്റ്റം, വയർലെസ് ആപ്പിൾ കാർ പ്ലേ, ആൻഡ്രോയിഡ് ഓട്ടോ എന്നിവയുണ്ട്. കൂടാതെ ആർക്കമീസിന്റെ സറൗണ്ട് സെൻസ് ശബ്ദ വിന്യാസവും.
സുരക്ഷ
നിരവധി സുരക്ഷാ സംവിധാനങ്ങൾ ജിംനിയിലുണ്ട്. 6 എയർബാഗുകൾ, ബ്രേക് എൽഎസ്ഡി (ലിമിറ്റഡ് സ്ലിപ് ഡിഫ്രൻഷ്യൽ, ഹിൽഹോൾഡോടു കൂടിയ ഇഎസ്പി, ഹിൽ ഡിസന്റ് കൺട്രോൾ, റിയർ വ്യൂ ക്യാമറ, എബിഎസ് ഇബിഡി എന്നിവയുമുണ്ട്.
English Summary: Suzuki Jimny Five Door in Australia