‘ബ്യൂട്ടി ആൻഡ് ദ ബീസ്റ്റ്’; ബെൻസ് ജിഎൽഇ എഎംജി കരുത്തിൽ വിശ്വസുന്ദരി
Mail This Article
മെഴ്സിഡീസ് ബെൻസിന്റെ കരുത്തിൽ മുൻ വിശ്വസുന്ദരി സുസ്മിത സെൻ. മെഴ്സിഡീസ് ബെൻസിന്റെ ജിഎൽഇ എസ്‍യുവിയുടെ പെർഫോമൻസ് പതിപ്പ് 53 എഎംജിയാണ് നടി സ്വന്തമാക്കിയത്. ഏകദേശം 1.64 കോടി രൂപയാണ് വാഹനത്തിന്റെ എക്സ്ഷോറൂം വില.
പുതിയ വാഹനം വാങ്ങിയ വിവരം സുസ്മിത തന്നെയാണ് ആരാധകരെ അറിയിച്ചത്. സമൂഹമാധ്യമങ്ങളിലൂടെ ‘ബ്യൂട്ടി ആൻഡ് ദ ബീസ്റ്റ്’ എന്ന അടിക്കുറിപ്പിൽ ചിത്രങ്ങളും പങ്കുവച്ചിട്ടുണ്ട്. ബെൻസിന്റെ പെർഫോമൻസ് നിരയായ എഎംജിയിലെ ഏറ്റവും കരുത്തൻ എസ്‍യുവികളിലൊന്നാണ് ജിഎൽഇ 53 എഎംജി.
മൂന്നു ലീറ്റർ ആറു സിലിണ്ടർ ടർബൊ പെട്രോൾ എൻജിനാണ് വാഹനത്തിൽ. 5500 മുതൽ 6100 ആർപിഎമ്മിൽ 435 എച്ച്പി കരുത്തും 1800 മുതൽ 5800 വരെ ആർപിഎമ്മിൽ 520 എൻഎം ടോർക്കും ഉത്പാദിപ്പിക്കും ഈ എൻജിൻ. വേഗം നൂറ് കടക്കാൻ വെറും 5.3 സെക്കൻഡ് മാത്രം വേണ്ടിവരുന്ന വാഹനത്തിന്റെ ഉയർന്ന വേഗം 250 കിലോമീറ്ററാണ്.
English Summary: Sushmita Sen Bought Mercedes Benz GLE 53 AMG