ADVERTISEMENT

ജാവ 42 തവാങ് എഡിഷന്‍ പുറത്തിറക്കി ജാവ യെസ്ഡി മോട്ടോര്‍ സൈക്കിള്‍സ്. അരുണാചല്‍ പ്രദേശിലേയും സമീപ പ്രദേശങ്ങളിലേയും ഉപഭോക്താക്കള്‍ക്കു മാത്രമായി ആകെ 100 ജാവ 42 തവാങ് എഡിഷന്‍ മോട്ടോര്‍സൈക്കിളുകള്‍ മാത്രമാണ് കമ്പനി പുറത്തിറക്കിയിരിക്കുന്നത്. സാധാരണ ജാവ 42 വിനേക്കാളും 20,000 രൂപ കൂടുതലുള്ള തവാങ് എഡിഷന്‍ പൂര്‍ണമായും ഇതിനകം തന്നെ വിറ്റു പോവുകയും ചെയ്തിട്ടുണ്ട്. 

 

ഹിമാലയന്‍ സംസ്‌കാരത്തിന്റെ ഭാഗമായ ലുങ്തയെന്ന വിന്‍ഡ് ഹോഴ്‌സില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടാണ് ജാവ 42 തവാങ് എഡിഷന്‍ നിര്‍മിച്ചിരിക്കുന്നതെന്നാണ് കമ്പനി അറിയിക്കുന്നത്. നല്ല ഭാവിയും വിജയവും ലഭിക്കുന്നതിനായുള്ള ശുഭ സൂചകമായും ലുങ്തയെ ഉപയോഗിക്കാറുണ്ട്. സ്‌പെഷല്‍ എഡിഷന്റെ ഇന്ധന ടാങ്കിലും മുന്‍ ഭാഗത്തും ലുങ്തയുടെ രൂപവും വാഹനത്തില്‍ ചേര്‍ത്തിട്ടുണ്ട്. സ്‌പെഷല്‍ എഡിഷനിലെ നൂറു വരെയുള്ള വാഹനങ്ങള്‍ക്കും അവയുടെ നിശ്ചിത അക്കവും വാഹനത്തിനൊപ്പം വെങ്കലത്തില്‍ പ്രത്യേകരൂപത്തില്‍ നല്‍കിയിട്ടുണ്ട്. 

 

ജാവ 42 സ്‌പോര്‍ട്‌സ് സ്ട്രിപ് ഓള്‍സ്റ്റാര്‍ ബ്ലാക്ക് മോട്ടോര്‍സൈക്കിളാണ് സ്‌പെഷല്‍ എഡിഷനാക്കി മാറ്റിയിരിക്കുന്നത്. പ്രത്യേകം തയ്യാറാക്കിയ ഹെല്‍മെറ്റ്, റൈഡിങ് ജാക്കറ്റ്, ഹെഡ്‌ലൈറ്റ് ഗ്രില്ലെ, പ്രത്യേകം കണ്ണാടികളും ക്രാഷ്ഗാര്‍ഡും എന്നിവയും സ്‌പെഷല്‍ എഡിഷന്‍ വാഹനങ്ങള്‍ക്ക് മാത്രമായി ജാവ യെസ്ഡി മോട്ടോര്‍ സൈക്കിള്‍സ് നിര്‍മിച്ചു നല്‍കിയിട്ടുണ്ട്. 

 

പുറത്ത് മാറ്റങ്ങള്‍ പലതുമുണ്ടെങ്കിലും ഉള്ളില്‍ ജാവ 42വിന്റെ സ്‌പെഷല്‍ എഡിഷന് കാര്യമായ മാറ്റങ്ങളില്ല. 293 സിസി ലിക്വിഡ് കൂള്‍ഡ് സിംഗിള്‍ സിലിണ്ടര്‍ എൻജിനാണ് സ്‌പെഷല്‍ എഡിഷനും നല്‍കിയിരിക്കുന്നത്. 26.95 bhp കുതിരശക്തിയും പരമാവധി 26.84 ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന എഞ്ചിനാണിത്. 6 സ്പീഡ് ഗിയര്‍ ബോക്‌സാണ് സ്‌പെഷല്‍ എഡിഷനും നല്‍കിയിരിക്കുന്നത്. 

 

'മോട്ടോര്‍ സൈക്ലിസ്റ്റുകളെന്ന നിലയില്‍ അരുണാചല്‍ പ്രദേശിലെ റോഡുകളും കാഴ്ച്ചകളും അതിശയിപ്പിക്കുന്നതാണ്. ഈ പ്രദേശത്തിന്റെ സമ്പന്നമായ സംസ്‌കാരത്തിന് ഞങ്ങള്‍ നല്‍കുന്ന ബഹുമാനമാണ് ജാവ 42 സ്‌പെഷല്‍ എഡിഷന്‍. സുഖവും ക്ഷേമവും ആശംസിക്കുന്നതിന്റെ ചിഹ്നം കൂടിയാണ് ലുങ്ത. ഈ സ്‌പെഷല്‍ എഡിഷന്‍ ഓടിക്കുന്നവരുടെയെല്ലാം ജീവിതങ്ങളില്‍ ക്ഷേമമുണ്ടാവുമെന്നാണ് പ്രതീക്ഷ' എന്നാണ് ജാവ യെസ്ഡി മോട്ടോര്‍സൈക്കിള്‍സ് സിഇഒ ആശിഷ് സിങ് ജോഷി സ്‌പെഷല്‍ എഡിഷന്‍ വാഹനങ്ങള്‍ പുറത്തിറക്കിക്കൊണ്ട് പറഞ്ഞത്.

 

English Summary: Jawa 42 Tawang Edition

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com