ഇന്ത്യൻ റോഡിൽ ഇടത്ത്, അമേരിക്കയിൽ വലത്ത്; അതെന്താ അങ്ങനെ?
Mail This Article
ഇന്ത്യയിലെ റോഡുകളിൽ വാഹനം മുന്നോട്ട് നീങ്ങുന്നത് ഇടതുവശം ചേർന്നാണെന്നു നമുക്കേവർക്കും അറിയാം. അതേപോലെ യുഎസ് പോലെയുള്ള ചില രാജ്യങ്ങളിൽ വലതുവശം ചേർന്നാണ് വാഹനം ഓടിക്കുന്നത്. ചിലരാജ്യങ്ങളിൽ ഇടത്തും ചിലയിടത്ത് വലത്തും വണ്ടിയോടിക്കുന്നത് എന്തിനാണെന്ന് ഒരിക്കലെങ്കിലും ചിന്തിച്ചിട്ടുണ്ടാകില്ലേ? ഉത്തരം ചരിത്രവും ആചാരവും കുറച്ചൊക്കെ സയൻസുമായി ബന്ധപ്പെട്ടു കിടക്കുന്നതാണ്. രസകരമായ ആ സംഗതി ഒന്നു നോക്കാം.
കുതിരവണ്ടി ഇടത്തുവശത്ത് ഓടിക്കുക, പോരാട്ടത്തിനു വലത്തുകൈ ഉപയോഗിക്കണം!
കുതിരപ്പുറത്തും കുതിരവണ്ടിയിലും കയറുമ്പോൾ റോഡിന് ഇടതുവശം ചേർന്ന് നിർത്തുന്നതായിരുന്നു പഴയ രീതി. ആളുകളിൽ ഭൂരിഭാഗവും വലംകൈയരാണ് എന്നതാണ് ഇതിന്റെ അടിസ്ഥാനം. വലംകൈ ഉപയോഗിച്ച് ആയുധം ഉപയോഗിക്കാനും പ്രതിരോധിക്കാനും എളുപ്പമാണ്. ഇതു തന്നെയാണ് ഡ്രൈവിങ്ങിന്റെയും അടിസ്ഥാനമായി കണ്ടുപോന്നിരുന്നത്. 19–ാം നൂറ്റാണ്ടിൽ കാറുകൾ അവതരിപ്പിക്കപ്പെട്ടപ്പോഴും ഈ ആചാരം തുടർന്നുപോന്നു.
എന്നാൽ ഇന്ധനം ഉപയോഗിക്കുന്ന കാറുകൾക്ക് വേഗം വർധിച്ചുവന്നതോടെ ചില രാജ്യങ്ങൾ സഞ്ചാരപാത വലതുഭാഗത്തേക്ക് മാറ്റി. ബ്രിട്ടീഷ് പാരമ്പര്യമുള്ളതും അവരിൽ നിന്നു സ്വാതന്ത്ര്യം നേടിയവരുമായ രാജ്യങ്ങളും ഇടതു പാരമ്പര്യം തുടർന്നു. അയർലൻഡ്, മാൾട്ട, ഇന്ത്യ എന്നിവ ഉൾപ്പെടെ ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ ഭാഗമായിരുന്നവർ ഇടതു ഭാഗം ചേർന്നുള്ള യാത്രകൾ തുടർന്നു. ശീലം മാറ്റാനുള്ള അസൗകര്യം, ജനസംഖ്യ കൂടുതലുള്ളയിടങ്ങളിൽ മാറ്റി പരിശീലിപ്പിക്കുന്നതിലെ പ്രായോഗിക ബുദ്ധിമുട്ടുകൾ എന്നിവയെല്ലാമാണ് ഇടതുഭാഗത്തെ യാത്രകൾ ഈ രാജ്യങ്ങളിൽ ഊട്ടിയുറപ്പിക്കപ്പെടാൻ കാരണമായത്.
വലത്തേക്ക് മാറിയവർ!
ഫ്രഞ്ച് വിപ്ലവം പോലെയുള്ള ചരിത്ര സംഭവങ്ങളെ തുടർന്നാണ് വലത്തോട്ടു മാറ്റം ആരംഭിച്ചത്. വിപ്ലവ ആശയങ്ങളുടെ തുടർച്ചയായി 1792ൽ ഫ്രാൻസ് വലതുവശത്തേക്ക് മാറി. സ്വീഡനിൽ ഇടതുഭാഗത്ത് ഡ്രൈവർ സീറ്റ് ക്രമീകരിക്കുന്ന വാഹനങ്ങളുടെ ഇറക്കുമതി വർധിച്ചതും റോഡ് സുരക്ഷയുമായി ബന്ധപ്പെട്ട ചില ആശയങ്ങൾ ഉടലെടുത്തതുമാണ് വലതുവശം ചേർന്നുള്ള യാത്രകൾ ചിലയിടങ്ങളിൽ ഉറപ്പിക്കാൻ കാരണമായത്. മറ്റിടങ്ങളിൽ കൊളോണിയൽ ശക്തികളുടെയും വ്യാപാര സൈനിക സഖ്യങ്ങളുടെയും ഇടകലരലും ഈ മാറ്റത്തിനെ സ്വാധീനിച്ചു.
വലത്താണോ സുരക്ഷിതം?
ഇന്നും തർക്കം നടക്കുന്ന ചോദ്യമാണ് ഇത്. എന്നാൽ മിക്ക ആളുകളും വലത്തുകൈ ഉപയോഗിക്കുന്നവരാണ് എന്നതിനെ അടിസ്ഥാനപ്പെടുത്തിയാണ് വലതുഭാഗം ചേർന്ന് സഞ്ചരിച്ചാൽ സുരക്ഷിതമാകുമെന്ന ആശയത്തിന്റെ അടിസ്ഥാനം. റോഡിന്റെ വലതുഭാഗത്ത് വാഹനം നിയന്ത്രിക്കുന്നത് എളുപ്പവും സ്വാഭാവിക പ്രക്രിയയുമാണെന്ന് ചില പഠനങ്ങൾ പറയുന്നു. മാത്രമല്ല, വലതുഭാഗം ചേർന്ന് സഞ്ചരിക്കുമ്പോൾ എതിരെ വരുന്ന വാഹനങ്ങളെ വ്യക്തമായി കാണാമെന്നതും നേരിട്ടുള്ള കൂട്ടിയിടി കുറയ്ക്കുമെന്നതും വലതാണ് സുരക്ഷിതമെന്ന് കുറച്ചൊക്കെ വിശ്വാസയോഗ്യമാകും. വലതുവശങ്ങളിൽ വാഹനമോടിക്കുന്ന രാജ്യങ്ങളിൽ ഇടതുഭാഗം ചേർന്ന് സഞ്ചരിക്കുന്നവയെ അപേക്ഷിച്ച് അപകട മരണ നിരക്ക് കുറവാണെന്ന് ലോകാരോഗ്യ സംഘടന കണ്ടെത്തുകയും ചെയ്തിട്ടുണ്ട്. ഇടത്തു ലെയ്നിൽ നിന്ന് വലത് ലെയ്നിലേക്ക് സഞ്ചാരം മാറുന്നതുവഴി 40 ശതമാനം അപകടസാധ്യത കുറയ്ക്കാമെന്ന് സ്വീഡിഷ് നാഷനൽ റോഡ് ആൻഡ് റിസർച് ഇൻസ്റ്റിറ്റ്യൂട്ട് നടത്തിയ പഠനങ്ങളും പറയുന്നു.
ഉറപ്പിക്കാമോ?
ഇല്ലെന്നതാണ് വാസ്തവം!. ഒരു രാജ്യത്ത് വാഹനം സഞ്ചരിക്കുന്ന റോഡിന്റെ ഭാഗം സുരക്ഷയെ ബാധിക്കുന്ന നിരവധി ഘടകങ്ങളിൽ ഒന്നു മാത്രമാണെന്ന് പറയാം. റോഡ് നിർമാണം, ട്രാഫിക് നിയമങ്ങൾ, ഡ്രൈവറുടെ സ്വഭാവം തുടങ്ങിയ പല കാര്യങ്ങളും റോഡ് സുരക്ഷയിൽ നിർണായക പങ്ക് വഹിക്കുന്നു. ഇടതും വലതും വാഹനമോടിക്കുന്ന പാരമ്പര്യങ്ങൾ ചരിത്രവും ആദ്യകാല ഡ്രൈവിങ് സമ്പ്രദായങ്ങളുമായും സാമ്രാജ്യത്വ ശക്തികളുടെ പ്രതിഫലനമായും ഇഴചേർന്ന് നിൽക്കുകയാണ്. അതുകൊണ്ടു തന്നെ വാഹനങ്ങൾ റോഡുകളിൽ സഞ്ചരിക്കുന്ന കാലത്തോളം വാഹനമോടിക്കുന്ന ‘ഭാഗത്തിന്റെ’ ചർച്ചകൾ തുടർന്നുകൊണ്ടേയിരിക്കും.
English Summary: Why does India drive on the Left and America on the Right side of the road?