നാനോ ഇടിച്ച ‘ഥാർ’ മറിഞ്ഞോ? ഈ വിഡിയോയിലെ സത്യാവസ്ഥയെന്ത്?
Mail This Article
ഛത്തീസ്ഗഡിലുണ്ടായ നാനോ – ഥാർ വാഹന അപകടം സാമൂഹിക മാധ്യമങ്ങൾ ഏറ്റെടുത്തിരിക്കുകയാണ്. ട്രോളുകളും മീമുകളും തമാശയുമായി വാർത്ത പറപറക്കുന്നു. ടാറ്റയുടെ ചെറുകാറായ നാനോയും മഹീന്ദ്രയുടെ ഫ്ലാഗ്ഷിപ് എസ്‌യുവിയും തമ്മിലുണ്ടായ അപകടത്തിൽ ഥാർ കീഴ്മേൽ മറിഞ്ഞു എന്ന വിധത്തിലാണ് വാർത്തകൾ. എന്നാൽ യാഥാർഥത്തിൽ ഥാറിനെ ഇടിച്ചിടാനുള്ള ‘ആംപിയർ’ നാനോയ്ക്ക് ഉണ്ടോ? ഈ വാർത്ത കണ്ട ഭൂരിഭാഗം ആളുകളും ഒരുവട്ടമെങ്കിലും ഇതു ചിന്തിക്കാതിരിക്കില്ല.
ടാറ്റയുടെ നിർമാണ നിലവാരത്തിനെക്കുറിച്ച് തർക്കമില്ലെങ്കിലും ഥാർ പോലെയൊരു ‘ഘടാഘടീയൻ’ വാഹനത്തെ തള്ളി മറിക്കാനുള്ള കരുത്തൊന്നും പാവം നാനോയ്ക്ക് ഇല്ലെന്നതു തന്നെയാണ് വാസ്തവം. പത്മാപുർ മിനി സ്റ്റേഡിയത്തിനു സമീപം ഉച്ചയോടെയായിരുന്നു അപകടം. അപകടത്തെ തുടർന്ന് നിമിഷങ്ങൾക്കകം വിഡിയോ വൈറലായി. ഇടിയുടെ ആഘാതം കാര്യമായി ഏൽക്കാത്ത നാനോയും തലകീഴായി മറിഞ്ഞു കിടക്കുന്ന ഥാറും ഉൾപ്പെട്ട വിഡിയോ കണ്ടാൽ ആരും ഒന്നു വിശ്വസിക്കും.. എന്നാൽ യഥാർഥത്തിൽ സംഭവിച്ചതെന്താണെന്ന് ഒന്നു പരിശോധിക്കാം.
ഉച്ചസമയമായിരുന്നതിനാൽ റോഡിൽ കാര്യമായ വാഹനത്തിരക്ക് ഉണ്ടായിരുന്നില്ല. വേഗത്തിൽ പാഞ്ഞെത്തിയ ഥാറാണ് അപകടത്തിന്റെ തുടക്കക്കാരൻ. റോഡിലേക്ക് കയറുന്ന നാനോയെ കണ്ട് ഥാർ ഡ്രൈവർ അമിത വേഗത്തിൽ തന്നെ വെട്ടിച്ചുമാറ്റാൻ ശ്രമിച്ചു. വേഗത്തിന്റെ പരിണിതഫലമായി നിയന്ത്രണം വിട്ട ഥാറിന്റെ വശം നാനോയിൽ തട്ടിയ ശേഷം മറിയുകയായിരുന്നെന്ന് ഉദ്യോഗസ്ഥർ പറയുന്നു. ഇതു തന്നെയാകണം സംഭവിച്ചത്. തലകീഴായി മറിഞ്ഞെങ്കിലും ഥാറിൽ ഉണ്ടായിരുന്ന യാത്രികർ സുരക്ഷിതരായിരുന്നു. നാനോ യാത്രക്കാർക്കും പ്രശ്നങ്ങളുണ്ടായില്ല.
വിനയാകുന്ന ഉയർന്ന ഗ്രൗണ്ട് ക്ലിയറൻസ്
മഹീന്ദ്ര ഥാർ പോലെയൊരു വലിയ എസ്‌യുവി തലകീഴായി മറിയുന്നു എന്നത് സുരക്ഷാവീഴ്ചയല്ലേ എന്നു ചോദിച്ച് മഹീന്ദ്ര ആൻഡ് മഹീന്ദ്ര ചെയർമാൻ ആനന്ദ് മഹീന്ദ്രയുടെ സാമൂഹിക മാധ്യമങ്ങളിൽ നിരവധിപ്പേർ എത്തിയിരുന്നു. വാസ്തവം എന്തെന്നാൽ, ഥാർ കാറുകളുടെ വേഗതയിൽ സഞ്ചരിക്കാനുള്ള വാഹനമല്ല എന്നതാണ്. ഉയർന്ന ഗ്രൗണ്ട് ക്ലിയറൻസ് ഉള്ളതിനാൽ വലിയ വളവുകളിലും വേഗത്തിലുള്ള ടേണിങ്ങുകളിലും വാഹനത്തിന്റെ സെന്റർ ഓഫ് ഗ്രാവിറ്റി വശങ്ങളിലേക്ക് നീങ്ങാൻ സാധ്യതയുണ്ട്. അതിന്റെ കൂടെ വശത്തുനിന്ന് ഒരു ചെറിയ മർദ്ദം കൂടി ചേർന്നാൽ വാഹനം മറിയുമെന്ന കാര്യത്തിൽ സംശയം വേണ്ട.
English Summary: Tata Nano topples Mahindra Thar: New video footage of the crash emerges