ഞണ്ടുകളുടെ രാജാവ്! ഹമ്മര്‍ ഇവി എസ്‌യുവി വ്യത്യസ്ത പരസ്യചിത്രം
Mail This Article
വാഹനലോകത്ത് എതിരാളിയില്ലാതെ തുടരുന്ന വാഹനങ്ങളില്‍ ഒന്നാണ് ഹമ്മര്‍. കരുത്തരില്‍ കരുത്തനെന്ന് വിശേഷിപ്പിക്കപ്പെടുന്ന വാഹനത്തിന്റെ പിക്കപ് മോഡലിന്റെ ഇവി പതിപ്പ് പുറത്തിറങ്ങിയിട്ടുണ്ടെങ്കിലും എസ്‍യുവി മോഡലിന്റെ നിർമാണം ആരംഭിക്കുന്നത് ഈ വർഷം ആദ്യമാണ്. ഇപ്പോഴിതാ സമൂഹമാധ്യമങ്ങളിൽ വൈറലാകുകയാണ് ഹമ്മറിന്റെ പുതിയ പരസ്യം. ജിഎംസി അവരുടെ ഔദ്യോഗിക ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍കൂടി പുറത്തുവിട്ട 'ഫ്രീഡം ആംഡ്' എന്ന പരസ്യ ചിത്രമാണ് ഏറെ ആരാധക ശ്രദ്ധ പിടിച്ചു പറ്റിയത്.
മരുഭൂമിയിലൂടെ പതിയെ നീങ്ങുന്ന ഹമ്മര്‍ ഇവിയുടെ അരികിലേക്ക് ചോദ്യവുമായെത്തുന്ന ഡെസെര്‍ട്ട് ക്രാബാണ് വാഹനത്തെ അവതരിപ്പിക്കുന്നത്. ഡ്രൈവറിന്റെ അരികിലേക്ക് സുഹൃത്തുക്കള്‍ക്കൊപ്പം എത്തുന്ന ഈ ഞണ്ട് ഹമ്മറിന്റെ 'ക്രാബ് വോക്' വേണമെന്ന് ആംഗ്യത്തിലൂടെ ആവശ്യപ്പെടുന്നു. വീണ്ടും ഇതു മാത്രം മതിയോ എന്നാവശ്യപ്പെടുന്ന ഡ്രൈവര്‍ ഹമ്മറിന്റെ മാത്രം പ്രത്യേകതയായ ക്രാബ് വോക് ചെയ്ത് കാണിക്കുന്നു.
പിന്നീട് ഇനിയെന്തെങ്കിലും പുതുമയുള്ളതാകാമെന്നു പറഞ്ഞ ശേഷം വാഹനത്തിന്റെ സ്‌പോര്‍ട് മോഡ് ഓണ്‍ ചെയ്യുന്നു. ഞണ്ടുകളെ സീറ്റ് ബെല്‍റ്റ് ഉപയോഗിച്ച് ഡ്രൈവര്‍ സുരക്ഷിതരാക്കുന്നു. തുടര്‍ന്ന് എയര്‍ സസ്പന്‍ഷന്‍ സംവിധാനം ഉപയോഗിച്ച് വാഹനത്തിന്റെ ഗ്രൗണ്ട് ക്ലിയറന്‍സ് കുറയ്ക്കുകയാണ്. ഫ്രീഡം ആംഡ് എന്ന മോഡിലേക്ക്്് എത്തുന്നയുടനെ ആക്‌സിലറേറ്റര്‍ അമര്‍ത്തുമ്പോള്‍ വാഹനത്തിന്റെ കരുത്തു മൂലം പിന്നിലേക്ക് മറിയുന്ന ഞണ്ടുകളെയും ദൃശ്യത്തില്‍ കാണിക്കുന്നുണ്ട്.
ആശ്ചര്യത്തിലാകുന്ന ഞണ്ടുകള്‍ ഇതു വീണ്ടും ആവശ്യപ്പെടുന്നതോടെ ഹമ്മര്‍ ആന്‍ ഇലക്ട്രിഫൈയിങ് എസ്‌യുവി എന്ന പരസ്യം അവസാനിക്കുകയാണ്. 0-60 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ ഈ വലിയ വാഹനത്തിന് ആവശ്യമായ സമയം കേവലം 3.5 സെക്കന്‍ഡുകളാണെന്ന് പരസ്യത്തില്‍ സൂചിപ്പിക്കുന്നു. 2020ലാണ് ഹമ്മര്‍ ഇവി രൂപത്തില്‍ മടങ്ങിവരുന്ന വാര്‍ത്തകള്‍ നിര്‍മാതാക്കള്‍ പുറത്തുവിട്ടത്. വാഹനത്തിന്റെ ഡിസൈന്‍, ഫീച്ചറുകള്‍ എന്നിവയെല്ലാം നിര്‍മാതാക്കള്‍ ഏറെ നാള്‍ മുന്‍പ് തന്നെ ടീസറുകളുടെ രൂപത്തില്‍ പുറത്തുവിട്ടിരുന്നു.
ഒറ്റത്തവണ ചാര്‍ജിങ്ങില്‍ 560 കിലോമീറ്ററാണ് റേഞ്ച്. 800 വോള്‍ട്ട് ചാര്‍ജര്‍ ഉപയോഗിച്ച് 40 മിനിറ്റില്‍ ഫുള്‍ ചാര്‍ജ് സാധ്യമാണ്. കരുത്തിലും പവറിലും എല്ലാം മാറ്റങ്ങളോടെ എത്തുന്ന വാഹനത്തിന്റെ രൂപഭംഗി പരമ്പരാഗത ഇന്ധന വാഹനത്തോടു കിടപിടിക്കുന്ന രീതിയിലാണ് രൂപപ്പെടുത്തിയിട്ടുള്ളത്. 60.28 ലക്ഷം രൂപ (80000 ഡോളര്‍) മുതല്‍ 83.11 ലക്ഷം രൂപ (1,10,295 ഡോളര്‍) വരെയാണ് വാഹനത്തിന്റെ വിലയെന്നാണ് സൂചന.
English Summary: GMC Hummer EV CrabWalk Ad