ADVERTISEMENT

‘അറുപത്തഞ്ചാം വയസ്സിൽ കട്ടപ്പനയിലെ ഞങ്ങളുടെ തോട്ടത്തിലൂടെ പഴയ ട്രെക്കിങ് ജീപ്പ് ഓടിക്കാൻ പഠിച്ച അമ്മമ്മയാണ് എന്റെ ഏറ്റവും വലിയ മോട്ടിവേഷൻ! ഈ എഴുപത്തിമൂന്നാം വയസ്സിലും അമ്മമ്മ വണ്ടിയോടിക്കും. എന്തിനും റെഡി. ‘നമ്മളെക്കൊണ്ട് എല്ലാം പറ്റുമെന്നേ’ എന്നാണ് എല്ലാ കാര്യത്തിലും അമ്മമ്മയുടെ ലൈൻ.  കുടുംബത്തിലെ എല്ലാ സ്ത്രീകളും ഈ ചിന്താഗതിക്കാർ തന്നെ. അമ്മമ്മ തന്ന മോട്ടിവേഷൻ കയറി ചെറുപ്പം തൊട്ടേ എന്റെ കണ്ണും ഹൃദയവും ഉടക്കിയത് അപ്പായുടെ 2000 മോഡൽ മച്ചിസ്‌മോ ബുള്ളറ്റിലാണെന്നു മാത്രം!’ ലിസ് തന്റെ ബുള്ളറ്റ് കഥയ്ക്കു കിക്കർ അടിച്ചു.

ബുള്ളറ്റിൽ വിജയിച്ച്!

കാർ ഒാടിക്കണം എന്നതിനെക്കാളും പണ്ടു മുതലേ ബുള്ളറ്റ് ഒാടിക്കണം എന്നായിരുന്നു ആഗ്രഹം. ലൈസൻസ് എടുത്തിട്ടേ വണ്ടി കൈകൊണ്ടു തൊടാൻ സമ്മതിക്കൂ എന്ന് അപ്പായ്ക്കു നിർബന്ധം.  ഗിയേർഡ് വെഹിക്കിൾ ലൈസൻസ് തന്നെ വേണം എന്നെനിക്കും നിർബന്ധം ഉണ്ടായിരുന്നു. പതിനെട്ടു കഴിഞ്ഞപ്പോൾത്തന്നെ ലൈസൻസിനുള്ള പരിശ്രമം തുടങ്ങി. അടുത്ത വർഷം ലൈസൻസ് കിട്ടിയപ്പോഴും ബുള്ളറ്റ് ഒാടിക്കാനായിരുന്നു ധൃതി. ആ ബുള്ളറ്റിലാണെങ്കിൽ കിക് സ്റ്റാർട്ട് ഓപ്ഷൻ മാത്രമേയുള്ളൂ. സെൽഫ് ഇല്ല. നല്ല വെയ്റ്റുള്ള വണ്ടി. എല്ലാം കൂടിയായപ്പോൾ തുടക്കത്തിൽ കുറച്ചു വെള്ളം കുടിച്ചു. ചേട്ടനാണെങ്കിൽ എപ്പോഴും കളിയാക്കും. ആദ്യം അതെടുത്തു പൊക്കാനുള്ള ആരോഗ്യമുണ്ടാക്ക് എന്നൊക്കെ പറഞ്ഞ്. എനിക്കു വാശി കേറി. കിക്ക് സ്റ്റാർട്ട് ചെയ്തു പഠിത്തമായി. നിനക്കു പറ്റും, തനിയെ ചെയ്യ്... എന്നു പറഞ്ഞ് എന്നെ ഏറ്റവും കൂടുതൽ മോട്ടിവേറ്റ് ചെയ്തത് അപ്പാ തന്നെ. പിന്നെ അമ്മയും. 

liz-jaimon-jacob

പക്ഷേ, കിക് ചെയ്യാനുള്ള ‘നാക്’ ഒന്നു പറഞ്ഞു‌തരാൻ പറഞ്ഞ് പിറകേ നടന്നിട്ടും അപ്പാ പഠിപ്പിച്ചുതന്നില്ല. സ്വയം ചവിട്ടിത്തന്നെ പഠിക്കണം എന്നു പറഞ്ഞു. എല്ലാ ദിവസവും 10 മിനിറ്റ് ഞാൻ ഇതിനുവേണ്ടി മാറ്റിവച്ചു. അങ്ങനെ അത് സക്‌സസ് ആയി. അതിനുശേഷം വണ്ടിയോടിക്കുന്നതിനെക്കുറിച്ചു ചോദിച്ചു. അപ്പോഴും അപ്പാ പഴയ നിലപാടെടുത്തു. ‘പയ്യെ റിലീസ് ചെയ്താൽ മതി. വണ്ടി തനിയെ മുന്നോട്ടു പൊയ്‌ക്കോളും. ഓടിച്ചോ എന്നൊരു പറച്ചിൽ മാത്രം. ഞാൻ കയറി വണ്ടി സ്റ്റാർട്ട് ചെയ്തു. സംഗതി വലിയ പിടിത്തമില്ലാത്തതുകൊണ്ട്  ക്ലച് പെട്ടെന്ന് റിലീസ് ചെയ്തു. വണ്ടി പെട്ടെന്നു നിന്നുപോയി. പിന്നീടു ഞാൻതന്നെ അതിന്റെ ഡ്രൈവിങ് രീതികളൊക്കെ പഠിച്ചെടുത്തു. വീടിനുമുന്നിൽത്തന്നെയുള്ള ചെറിയ റോഡിലൂടെയായിരുന്നു ആദ്യ ഓട്ടം. വണ്ടി തനിയെ വളച്ചും തിരിച്ചും ‘വിജയി’യായി വീട്ടിൽ തിരിച്ചെത്തി.  

ഇപ്പോഴത്തെ കൂട്ട് ടിയാഗോയുമായി

ബുള്ളറ്റ് കൂടാതെ വീട്ടിൽ ഒരു ടിയാഗോയും ഇസുസു വി ക്രോസ് 4x4 ഉം പിന്നൊരു ആക്ടീവയും ആണ് ഇപ്പോഴുള്ളത്. കോളജിലേക്ക് ആക്ടീവയിലായിരുന്നു യാത്ര. പിന്നെയാണു കാറോടിച്ചു തുടങ്ങിയത്. കാറാണ് ഏറ്റവും സുഖം എന്ന് ഇപ്പോൾ തോന്നുന്നു. ആദ്യം വലിയ താൽപര്യമില്ലായിരുന്നു. ഒരു ദിവസം വീട്ടിലേക്ക് ഒരു ഫ്രണ്ട് കാറോടിച്ചു വന്നു. അതു കണ്ടപ്പോൾ എനിക്കും ‘ഒരിത്’. ലൈസൻസ് ഉണ്ടായിട്ടും ഓടിക്കുന്നില്ലല്ലോ എന്ന്. എന്തെങ്കിലും ഒരു എമർജൻസി വന്നാൽ കാർ തന്നെ വേണമെന്ന് എനിക്കു തോന്നി. കാറോടിക്കാൻ അറിഞ്ഞിരിക്കേണ്ടതിന്റെ പ്രാധാന്യം മനസ്സിലായപ്പോൾ പിന്നെ വൈകിച്ചില്ല. ആ ഇൻസ്പിരേഷനിൽ എല്ലാ ദിവസവും വീട്ടിലെ ടിയാഗോ ഓടിച്ചുതുടങ്ങി. ഇപ്പോൾ തനിയെ ലോങ് ഡ്രൈവ് പോകാനൊക്കെ ധൈര്യമായി. ‘എനിക്കു പോകണം, തനിച്ചു പൊയ്‌ക്കോളാം’ എന്നു മാത്രം പറയും. വീട്ടുകാരും അതിന് ഒകെ ആണ്. ആരെയും ആശ്രയിക്കാതെ ജീവിക്കുന്നത് വലിയ സന്തോഷം തരുന്ന കാര്യമാണ്. 

കംഫർട്ടബിൾ ആൻഡ് കൺവീനിയന്റ് ആയ വണ്ടികളോടാണു പൊതുവേ താൽപര്യം. ടൗണിലേക്കൊക്കെ ഇസുസുവും ടിയാഗോയുമായി ചെല്ലുമ്പോൾ ആ വ്യത്യാസം ശരിക്കറിഞ്ഞിട്ടുണ്ട്. സ്പീഡിൽ വാഹനം ഒാടിക്കാനൊക്കെ ഇഷ്ടമാണ്. ഒരു 60-70 ഒക്കെയാണെന്റെ നോർമൽ. എന്നാലും നിയമം പാലിച്ചുകൊണ്ടുള്ള സ്പീഡേ എടുക്കാറുള്ളൂ. അതെനിക്കു നിർബന്ധമുണ്ട്. ഇസുസു ആണ് അടുത്ത ലക്ഷ്യം. ഇപ്പോൾ അമ്മയാണ് അതോടിക്കുന്നത്. 

liz-jaimon-jacob-2

ഇഷ്ടം മാന്വൽ കാർ

കുറച്ചുനാൾ മുൻപ് ഞാനും കസിൻ ചേച്ചിയും കൂടി ഗോവയ്ക്കു പോയി. ട്രെയിനിൽ പോയി അവിടെനിന്ന് ഒരു ഡസ്റ്റർ റെന്റിനെടുത്ത് ഗോവ മൊത്തം കറങ്ങി. ഞാൻ മാന്വൽ ഓടിച്ചു ശീലിച്ചതുകൊണ്ട് ഓട്ടമാറ്റിക് ഓടിക്കാൻ ആദ്യം കുറച്ചു ബുദ്ധിമുട്ടു തോന്നി. ഏതു വണ്ടിയും മാന്വൽ ആണെങ്കിൽ ഓടിക്കാൻ എനിക്കു കുഴപ്പമില്ല. മാന്വൽ ആണ് ഇഷ്ടവും. ഓട്ടമാറ്റിക് ആകുമ്പോൾ കാര്യമായി ഒന്നും ചെയ്യാനില്ലാത്തപോലൊക്കെ തോന്നും. മനസ്സിനൊരു സന്തോഷം തോന്നില്ല.വാഹനങ്ങളിൽ ജീപ്പ് ബ്രാൻഡിന്റെ ലുക്കിനോട് വല്ലാത്തൊരു അട്രാക്‌ഷൻ തോന്നാറുണ്ടെപ്പോഴും. ഫാസ്റ്റ് ആൻഡ് ഫ്യൂരിയസ് 5 ഉം 6 ഉം ഞങ്ങളുടെ ഫാമിലിയുടെ ഫേവ്‌റിറ്റ് മൂവി ആണ്. എപ്പോൾ ടിവിയിൽ വരുമ്പോഴും ഞങ്ങളെല്ലാവരും ഒരുമിച്ചിരുന്ന് ആസ്വദിച്ചുകാണും. അതിനോടു വല്ലാത്തൊരു സെന്റിമെന്റ്‌സ് പോലെ. അതുപോലെതന്നെ ട്രാൻസ്പോർട്ടർ സീരീസും.

പെട്രോൾ തീർന്ന് വഴിയിൽ! 

ഒരിക്കൽ കോളജിൽനിന്നു തിരിച്ചുവരുമ്പോൾ പെട്രോൾ തീർന്നുപോയി. ഞാൻ വണ്ടി സൈഡ് ആക്കി വീട്ടിൽ വിളിച്ചുപറഞ്ഞു, അമ്മാ പെട്രോൾ തീർന്നുപോയി, വീട്ടിലെത്താൻ കുറച്ചു ലേറ്റ് ആകും കേട്ടോ എന്ന്. അമ്മയും ചേട്ടനും വീട്ടിലുണ്ട്. ങാ, ശരി എന്നും പറഞ്ഞ് അവർ ഫോൺ വച്ചു. എന്തുചെയ്യണമെന്ന് എനിക്കൊരു പിടിയുമില്ല. അവർ ഒന്നും പറഞ്ഞതുമില്ല. എനിക്കു ടെൻഷനൊന്നും തോന്നിയില്ല. ഒരു കുപ്പി സംഘടിപ്പിച്ച് ഓട്ടോയിൽ‌ പോയി പെട്രോൾ വാങ്ങിവന്നു. നിന്റെ തന്നെ കുഴപ്പമാണ്, അതു നീ തന്നെ സോൾവ് ചെയ്‌തോളണം എന്ന സ്റ്റാൻഡ് ആണ് വീട്ടുകാർ ഇത്തരം സന്ദർഭങ്ങളിൽ സ്വീകരിക്കാറുള്ളത്. വാഹനങ്ങളുടെ ടയർ മാറ്റിയിടുന്നതുപോലുള്ള ബെയ്‌സിക് കാര്യങ്ങളൊക്കെ പഠിക്കാനുണ്ട്. അത്യാവശ്യഘട്ടങ്ങളിൽ‌ നമുക്കു തന്നെ അതു പരിഹരിക്കാമല്ലോ. 

ആരോഗ്യം പ്രധാനം

ഇസുസുവിനു മുൻപു ഫിയസ്റ്റയും അതിനുമുൻപ് ഒരു ഐക്കണും ആയിരുന്നു വീട്ടിൽ. ഐക്കണിലും ഫിയസ്റ്റയിലും കുറെ ഫാമിലി ട്രിപ്സ് പോയിട്ടുണ്ട്. കർണാടകയും തമിഴ്‌നാടും കേരളവും മുഴുവൻ കറങ്ങി. പണ്ട് എനിക്കു ബുള്ളറ്റിൽ‌ ഹിമാലയം പോകണമെന്നു വലിയ ആഗ്രഹമായിരുന്നു.ബുള്ളറ്റ് ക്രെയ്‌സ് ഉള്ള കസിൻസ് ഉണ്ടെനിക്ക്. കുറെ റൈഡിങ് ഒക്കെ കഴിഞ്ഞപ്പോൾ അവർക്ക് ആരോഗ്യപ്രശ്‌നങ്ങൾ ഉണ്ടാകാൻ തുടങ്ങി. ആരോഗ്യം കളഞ്ഞുള്ള യാത്രയ്ക്കു താൽപര്യമില്ല. ആരോഗ്യം എനിക്ക് അത്രയും പ്രധാനമാണ്. അതുകൊണ്ട് റൈഡ് പോകുമ്പോഴും നല്ലപോലെ റെസ്റ്റ് ചെയ്തുള്ള യാത്രയേ ഞാൻ പ്ലാൻ ചെയ്യൂ. എന്തായാലും വലിയൊരു യാത്ര പോകും. അതുറപ്പാ. മാർച്ചിൽ എന്റെ ബെർത്ത്‌ഡേക്ക് ഞാനും അമ്മയും മണാലി ട്രിപ് പ്ലാൻ ചെയ്തിട്ടുണ്ട്. 

ലിസ് ജയ്‌മോന്‍ ജേക്കബ്  വയസ്സ് 21 ഉയരം 5' 9''

മോഡലിങ്ങിലും അഭിനയത്തിലും താല്‍പര്യം. മിസ് കേരള എന്ന നിലയില്‍ ഇഫക്ടീവ് പാരന്റിങ്ങിനെക്കുറിച്ചും കുട്ടികളിലെ മാനസികാരോഗ്യത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും കൂടുതല്‍ അവബോധമുണ്ടാക്കാന്‍ പ്രവര്‍ത്തിക്കണമെന്നാണു ലക്ഷ്യം. പ്ലസ് ടു വരെ എബനേസര്‍ ഇന്റര്‍ നാഷനല്‍ റെസിഡന്‍ഷ്യല്‍ സ്‌കൂളില്‍ പഠനം. കോട്ടയം ബിസിഎം കോളജില്‍നിന്ന് ഇംഗ്ലിഷ് ലിറ്ററേച്ചറിൽ ബിരുദം. ഇപ്പോള്‍ സതര്‍ലന്‍ഡില്‍ അസോഷ്യേറ്റ് ആയി ജോലി ചെയ്യുന്നു. അച്ഛന്‍ ജയ്‌മോന്‍ ജേക്കബ് (പ്ലാന്റര്‍) അമ്മ സിമി (ഇന്റീരിയര്‍ ഡിസൈനർ) ജേക്കബ്, സന, യോഹാന്‍, യാര എന്നിവര്‍ സഹോദരങ്ങൾ

English Summary: Autobiography Miss Kerala 2023 Liz Jaimon Jacob

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com