ADVERTISEMENT

സീറ്റ് ബെല്‍റ്റുകള്‍ ശരിയായി പ്രവര്‍ത്തിക്കുന്നില്ലെന്ന പരാതികളെ തുടര്‍ന്ന് ടെസ്‌ലക്കെതിരെ അന്വേഷണം. അമേരിക്കയിലെ നാഷണല്‍ ഹൈവേ ട്രാന്‍സ്‌പോര്‍ട്ടേഷന്‍ സേഫ്റ്റി അഡ്മിനിസ്‌ട്രേഷനാണ് (NHTSA) അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നത്. ടെസ്‌ല ഉടമകള്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണ് എന്‍.എച്ച്.ടി.എസ്.എ വൈദ്യുത കാര്‍ നിര്‍മാതാക്കള്‍ക്കെതിരെ അന്വേഷണം. 

അടുത്തിടെ രണ്ട് പരാതികളാണ് എന്‍.എച്ച്.ടി.എസ്.എക്ക് ടെസ്‌ലയുടെ സീറ്റ് ബെല്‍റ്റുകളെക്കുറിച്ച് ലഭിച്ചത്. 2022, 2023 ടെസ്‌ല മോഡല്‍ എക്‌സ് കാറുകളുടെ സീറ്റ് ബെല്‍റ്റുകളെക്കുറിച്ചാണ് കാറുടമകള്‍ പരാതി നല്‍കിയത്. മുന്‍ സീറ്റിലെ സീറ്റ് ബെല്‍റ്റുകള്‍ ശരിയാംവിധം പ്രവര്‍ത്തിക്കുന്നില്ലെന്നായിരുന്നു പരാതി. പരാതിക്കാരുടെ രണ്ട് കാറുകളുടേയും സീറ്റുബെല്‍റ്റുകള്‍ ഉടമകള്‍ക്ക് പുതിയ വാഹനം ലഭിച്ചപ്പോള്‍ മുതല്‍ ശരിയായി പ്രവര്‍ത്തിച്ചിരുന്നില്ലെന്നും എന്‍.എച്ച്.ടി.എസ്.എ പറയുന്നു. 

സീറ്റ് ബെല്‍റ്റുകള്‍ ധരിച്ച ശേഷം അപകടത്തില്‍ പെട്ടോ അല്ലാതെയോ സീറ്റിലുള്ളവര്‍ മുന്നോട്ട് ആഞ്ഞാല്‍ സീറ്റ്‌ബെല്‍റ്റ് പ്രെറ്റെന്‍ഷനറുകളാണ് പിന്നിലേക്ക് വലിച്ചുകൊണ്ട് ആഘാതം കുറക്കുന്നത്. ജീവന്‍ രക്ഷാ ഉപകരണങ്ങളായ പ്രെറ്റെന്‍ഷനറുകളുടെ പ്രവര്‍ത്തനമാണ് ടെസ്‌ല മോഡല്‍ എക്‌സിലെ പ്രധാന പ്രശ്‌നം. ഏതാണ്ട് അരലക്ഷം ടെസ്‌ലയുടെ മോഡല്‍ എക്‌സ് കാറുകള്‍ തിരിച്ചുവിളിക്കേണ്ടി വരുമെന്നാണ് എന്‍.എച്ച്.ടി.എസ്.എ വിശദീകരിക്കുന്നത്. 

ധരിച്ച ശേഷവും മുന്നോട്ടേക്ക് ആയേണ്ടി വരുന്ന സന്ദര്‍ഭങ്ങളില്‍ സീറ്റ് ബെല്‍റ്റുകള്‍ ബലമായി പിടിച്ചു നിര്‍ത്തേണ്ടതിന് പകരം അയഞ്ഞുപോവുന്നുവെന്നതാണ് പ്രധാന പരാതി. ഈ പ്രശ്‌നത്തെ തുടര്‍ന്ന് അപകടങ്ങള്‍ സംഭവിച്ചിട്ടില്ലെന്നും എന്‍.എച്ച്.ടി.എസ്.എ പറയുന്നു. ഇങ്ങനെയൊരു പരാതിയെക്കുറിച്ചും അന്വേഷണത്തെക്കുറിച്ചും ടെസ്‌ല ഔദ്യോഗികമായി പ്രതികരിക്കാന്‍ തയാറായിട്ടില്ല. 

ടെസ്‌ലയുടെ മോഡല്‍ വൈ(2003 മോഡല്‍) വാഹനങ്ങള്‍ക്കെതിരെ വാഹനം ഓടിക്കുമ്പോള്‍ സ്റ്റിയറിംഗ് നീങ്ങി പോകുന്നുവെന്ന ആരോപണവും ഉയര്‍ന്നിട്ടുണ്ട്. ഈ പരാതികളില്‍ 1.20 ലക്ഷം മോഡല്‍ വൈ കാറുകള്‍ക്കെതിരെ പ്രാഥമിക അന്വേഷണത്തിന് എന്‍.എച്ച്.ടി.എസ്.എ ഉത്തരവിട്ടിട്ടുണ്ട്. ടെസ്‌ലയുടെ ഇലക്ട്രിക് സെമി ട്രക്കുകളും ബ്രേക്ക് സംവിധാനത്തിലെ പ്രശ്‌നങ്ങളെ തുടര്‍ന്ന് പുറത്തിറങ്ങി മാസങ്ങള്‍ക്കകം തകരാർ പരിഹരിക്കേണ്ടി വന്നിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം 3.21 ലക്ഷം വാഹനങ്ങളെയാണ് ടെസ്‌ല സോഫ്റ്റ്‌വെയര്‍ പ്രശ്‌നങ്ങളെ തുടര്‍ന്ന് തിരിച്ചുവിളിച്ചത്. 2023ലെ മോഡല്‍ 3, 2020 മുതല്‍ 2023 വരെയുള്ള മോഡല്‍ വൈ വാഹനങ്ങളാണ് ടെസ്‌ല തിരികെ വിളിക്കേണ്ടി വന്നത്.

English Summary: Us Launches Probe into tesla model x over seat belt failures

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com