പുതിയ ഡസ്റ്റർ 2025ൽ, കൂടുതൽ എസ്യുവികളുമായി നിസാനും റെനോയും
Mail This Article
ഇന്ത്യന്‍ വാഹന വിപണിയിലേക്ക് കൂടുതലായി മിഡ് സൈസ് എസ്യുവികള് വരും വര്‍ഷങ്ങളില്‍ അവതരിപ്പിക്കാനൊരുങ്ങി റെനോയും നിസാനും. ഈ വിഭാഗത്തില്‍ പെട്ട നാലു വാഹനങ്ങളാണ് 2026നുള്ളില്‍ ഇരു കമ്പനികളും ചേര്‍ന്ന് പുറത്തിറക്കുക. 2025 ദീപാവലി കാലത്ത് തന്നെ ഡസ്റ്ററിന്റെ പുതിയ പതിപ്പ് എത്തും. മൂന്നു നിരകളിലായി ഇരിപ്പിടങ്ങളുള്ള ഡസ്റ്റര്‍ 2026 ജൂണിലായിരിക്കും വിപണിയിലെത്തുക. ഈ രണ്ട് വാഹനങ്ങള്‍ക്കും നിസാന്റെ പതിപ്പുകളുമുണ്ടായിരിക്കും.
അടുത്തഘട്ടമെന്ന നിലയില്‍ 5,300 കോടി രൂപയുടെ വിപുലമായ നിക്ഷേപ പദ്ധതികളാണ് റെനോയും നിസാനും ഇന്ത്യന്‍ വിപണിയെ കേന്ദ്രീകരിച്ച് നടത്തുന്നത്. ഇന്ത്യയിലേക്കും കയറ്റുമതിക്കും വേണ്ട വിഭവങ്ങള്‍ ഇവിടെ നിന്നും ഉത്പാദിപ്പിക്കാനും പദ്ധതിയുണ്ട്. അഞ്ച് സീറ്റുള്ള എസ്യുവിയും മൂന്നു നിരയുള്ള വലിയ വാഹനവുമായിരിക്കും റെനോയും നിസാനും പുറത്തിറക്കുക. 2026 ആകുമ്പോഴേക്കും പ്രതിവര്‍ഷം 3.5 ലക്ഷം വാഹനങ്ങള്‍ വില്‍ക്കുകയാണ് ഇരു കമ്പനികളുടേയും സംയുക്ത ലക്ഷ്യം.
സിഎംഎഫ്-ബി പ്ലാറ്റ്ഫോമില്‍ പുറത്തിറങ്ങുന്ന പുതിയ ഡെസ്റ്റര് 2025 ദീപാവലി സമയത്താണ് ഉപഭോക്താക്കള്‍ക്ക് ലഭിക്കുക. ഈ ഡെസ്റ്ററിന്റെ നിസാന്‍ പതിപ്പും ഇതേകാലത്ത് പുറത്തിറങ്ങും. ആറുമാസത്തിനകം മൂന്നു നിരകളിലായി ഇരിപ്പിടങ്ങള്‍ സജ്ജീകരിച്ച ഡെസ്റ്ററും പുറത്തിറങ്ങും. ഈ ഡെസ്റ്ററിന്റേയും സമാനമായ മോഡല്‍ നിസാന്‍ പുറത്തിറക്കും.
2023 ഫെബ്രുവരിയിലാണ് പുതിയ ഉൽപന്നങ്ങള്ക്കും സാങ്കേതികവിദ്യകള്‍ക്കുമായി 600 ദശലക്ഷം ഡോളറിന്റെ നിക്ഷേപം നടത്തുമെന്ന് റെനോയും നിസാനും സംയുക്തമായി പ്രഖ്യാപിച്ചത്. തദ്ദേശീയമായി നിര്‍മിക്കുന്ന മൂന്നു വീതം വാഹനങ്ങള്‍ പുറത്തിറക്കുകയാണ് ഈ നിക്ഷേപം കൊണ്ട് ലക്ഷ്യമിടുന്നത്. രണ്ട് സി സെഗ്മെന്റ് എസ്യുവികളും ഒരു ഇലക്ട്രിക് എ-എസ്യുവിയുമായിരിക്കും പുറത്തിറക്കുക.
വാഹന നിര്‍മാണ ശാലകളുടെ ശേഷിയുടെ 49 ശതമാനം ഉപയോഗിക്കുന്നത് 80 ശതമാനമായി (4.5 ലക്ഷം വാഹനങ്ങള്‍) ഉയര്‍ത്താനുള്ള പദ്ധതിയുമുണ്ടെന്ന് നിസാന്‍ മോട്ടോര്‍ കോര്പറേഷന് ഗ്ലോബല്‍ സിഒഒ അശ്വിനി ഗുപ്ത പ്രഖ്യാപിച്ചിരുന്നു. അടുത്ത അഞ്ച് വര്‍ഷത്തിനുള്ളിലാണ് ഈ നേട്ടം ലക്ഷ്യം വെക്കുന്നത്. ആഭ്യന്തര വിപണിയില്‍ രണ്ടു ലക്ഷം വാഹനങ്ങളും കയറ്റുമതിയിലൂടെ രണ്ടര ലക്ഷം വാഹനങ്ങളും വില്‍ക്കാമെന്നാണ് അശ്വിനി ഗുപ്തയുടേയും നിസാന്റേയും കണക്കുകൂട്ടല്‍.
English Summary: New Renault Duster India Launch Likely by Diwali 2025