ADVERTISEMENT

ഇലക്ട്രിക് ഇരുചക്ര വാഹന വിപണിയില്‍ ഓരോ ദിവസവും വിപ്ലവങ്ങളാണ് നടക്കുന്നത്. എന്നാല്‍ ഇതിനിടയില്‍ കാര്യമായി ശ്രദ്ധിക്കാതെ പോകുന്ന ഒന്നാണ് നിര്‍മാതാക്കള്‍ തമ്മിലുള്ള കിടമത്സരം. ഓ  എസ്1 പ്രോ എന്ന മോഡലിനു വലിയ വിലക്കുറവ് പ്രഖ്യാപിച്ച് 5 ദിവസങ്ങള്‍ക്കുള്ളിലാണ് ഏഥര പുതിയ ബേസ് വേരിയന്റ് വിപണിയിലെത്തിച്ചു. അതു കേവലം 1 ലക്ഷം രൂപയില്‍ താഴെ മാത്രം വിലയില്‍.

 

450എക്‌സ് എന്ന മോഡലിനാണ് ഏറ്റവും കുറഞ്ഞ വകഭേദം എന്ന നിലയില്‍ പുതിയ മോഡല്‍ കഴിഞ്ഞ ദിവസം വിപണിയിലെത്തിച്ചത്. ഉത്സവ സീസണുകള്‍ മുന്നില്‍കണ്ടു തന്നെയാണ് ഏഥര്‍ പുതിയ മോഡല്‍ വിപണിയില്‍ അവതരിപ്പിച്ചിട്ടുള്ളത്. അടിസ്ഥാന മോഡലിന് 98,079 രൂപയാണ് വില. വരും ദിവസങ്ങളില്‍ ഇലക്ട്രിക് സ്‌കൂട്ടര്‍ വിപണിയില്‍ വലിയ മത്സര വിപ്ലവങ്ങള്‍ക്ക് തുടക്കമാകുമെന്നു വേണം കരുതാന്‍.

 

പുതിയ മോഡലില്‍ പഴയ മോഡലുകളെ അപേക്ഷിച്ച് ഒരേയൊരു റൈഡ് മോഡ് മാത്രമാണുള്ളത്. ഉയര്‍ന്ന വകഭേദങ്ങള്‍ക്ക് ഇക്കോ, റൈഡ്, സ്‌പോര്‍ട്, റാപ് മോഡുകള്‍ നല്‍കിയപ്പോള്‍ ഈ മോഡലില്‍ ഡിഫോള്‍ട്ടായി ഒന്നുമാത്രമാണുള്ളത്. കരുത്തിലും പവര്‍ട്രെയിനിലും കാര്യമായ മാറ്റങ്ങളൊന്നും ഉണ്ടായിട്ടില്ല. 3.7 കിലോവാട്ട് ബാറ്ററി പായ്ക്ക്, 6.4 കിലോവാട്ട് ഉയര്‍ന്ന പവര്‍, 26 എന്‍എം ടോര്‍ക്ക് എന്നിവയെല്ലാം നിലനിര്‍ത്തി. ഒറ്റത്തവണ ചാര്‍ജിങ്ങില്‍ 146 കിലോമീറ്ററാണ് റേഞ്ച്. 0-100 കിലോമീറ്റര്‍ വേഗതയെടുക്കാന്‍ 3.3 സെക്കന്‍ഡാണ് വാഹനത്തിനു വേണ്ടത്. പരമാവധി വേഗം മണിക്കൂറില്‍ 90 കിലോമീറ്ററാണ്.

 

ഈ വാഹനത്തെ കൂടുതല്‍ ആകര്‍ഷകമാക്കുന്നത് ഈ മോഡല്‍ പ്രോപാക്കിനോടൊപ്പവും ലഭ്യമാണ് എന്നതാണ്. ഫാസ്റ്റ് ചാര്‍ജിങ് ഉള്‍പ്പെടെയുള്ള സന്നാഹങ്ങളും അത്യാധുനിക സൗകര്യങ്ങളുമെല്ലാം ഉള്‍പ്പെടെയുള്ള പ്രോ പാക് കേവലം 30000 രൂപ മാത്രം നല്‍കിയാല്‍ ലഭ്യമാകും. ജിപിഎസ് നാവിഗേഷന്‍, റൈഡ് മോഡുകള്‍, ബ്ലൂടൂത്ത് കണക്റ്റിവിറ്റി, ലൈവ് ട്രാക്കിംഗ്, ഹില്‍ ഹോള്‍ഡ് അസിസ്റ്റ്, പാര്‍ക്ക് അസിസ്റ്റ് തുടങ്ങിയവയെല്ലാം പായ്ക്കിലും വാഹനത്തിനു ലഭ്യമാകില്ല. സ്ലോ ചാര്‍ജിങ് മാത്രമാണ് അടിസ്ഥാനമായി വാഹനത്തിനു ലഭിക്കുന്നത് ബാറ്ററി പൂര്‍ണമായി ചാര്‍ജ് ചെയ്യാന്‍ 15 മണിക്കൂറുകളാണ് ഈ സ്ലോ ചാര്‍ജറിന് ആവശ്യമായി വരിക. പ്രോ പാക്ക് ഉപയോഗിച്ചാല്‍ ഏകദേശം 10 മണിക്കൂര്‍ സമയം വരെ ലാഭിച്ച് 5 മണിക്കൂര്‍ കൊണ്ട് ബാറ്ററി പൂര്‍ണമായി ചാര്‍ജ് ചെയ്യാനാകും.

 

3 വര്‍ഷം അല്ലെങ്കില്‍ 30000 കിലോമീറ്ററാണ് ഏഥര്‍ നല്‍കുന്ന വാറന്റി. പ്രോ പാക്കില്‍ ഇത് 5 വര്‍ഷം അല്ലെങ്കില്‍ 60000 കിലോമീറ്റര്‍ എന്ന നിലയില്‍ ഉയരും. ഒല എസ്1 പ്രോ, ബജാജ് ചേതക്, ടിവിഎസ് ഐക്യൂബ് എന്നിവയാണ് നിലവില്‍ ഇലക്ട്രിക് സ്‌കൂട്ടര്‍ വിഭാഗത്തില്‍ ഏഥറിന് എതിരാളികളായി ഉള്ളത്.

 

English Summary: Ather 450X gets a new entry-level variant: Priced from Rs 98,183

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com