ADVERTISEMENT

വിൽപനയിൽ പത്തു ലക്ഷമെന്ന മാജിക് നമ്പര്‍ കടന്ന് മിനി 3 ഡോർ. ദശലക്ഷം കാറുകള്‍ പുറത്തിറക്കിയതിനൊപ്പം കമ്പനിയുടെ 110–ാം വാര്‍ഷികവും ആഘോഷിക്കുകയാണ് ഓക്‌സ്ഫഡിലെ മിനി നിര്‍മാണ പ്ലാന്റ്. അന്നുവരെയുണ്ടായിരുന്ന കാര്‍ സങ്കല്‍പങ്ങളെ മാറ്റിമറിച്ചാണ് മിനി 1969ല്‍ ബ്രിട്ടനില്‍ പിറവിയെടുത്തത്. സര്‍ അലക് ഇസിഗോനിസ് രൂപകല്‍പന ചെയ്ത മിനി 3 ഡോര്‍ ചെറുകാറിന് ഇന്നും രൂപത്തില്‍ കാര്യമായ മാറ്റങ്ങള്‍ സംഭവിച്ചിട്ടില്ല. 2013 മുതല്‍ പുറത്തിറങ്ങുന്ന ഏറ്റവും പുതിയ മിനി കാറുകളും പാരമ്പര്യത്തിലും തനതായ രൂപത്തിലും തന്നെയാണ് പുറത്തിറങ്ങുന്നത്.

ചെറുകാറുകളിൽ രാജാവ്

ചെറുകാറുകളുടെ കൂട്ടത്തിലെ രാജാവായ മിനി നഗര തിരക്കുകള്‍ക്ക് അനുയോജ്യമായ ആഡംബര വാഹനമായാണ് കരുതപ്പെടുന്നത്. സാങ്കേതികവിദ്യയിലും കാര്യക്ഷമതയിലും കരുത്തിലുമെല്ലാം കാലത്തിനൊത്ത മാറ്റങ്ങളോടെയാണ് 2013ല്‍ ഇപ്പോള്‍ വിപണിയിലുള്ള മിനി 3 ഡോര്‍ പുറത്തിറക്കിയത്. 2000ത്തില്‍ ജര്‍മന്‍ കമ്പനിയായ ബി.എം.ഡബ്ല്യു മിനിയെ ഏറ്റെടുത്തിരുന്നു.

ഇന്നും നഷ്ടപ്പെടാത്ത പുതുമ

കാലമേറെ കഴിഞ്ഞെങ്കിലും ഇന്നും കാര്‍ പ്രേമികളില്‍ മിനിയുടെ രൂപകല്‍പനയില്‍ പുതുമ നഷ്ടപ്പെട്ടിട്ടില്ലെന്നത് ഒരു അദ്ഭുതം തന്നെയാണ്. മിനിയുടെ രൂപത്തില്‍ ആദ്യം മനസിലേക്കെത്തുന്ന ആ ഹെഡ്‌ലൈറ്റുകളും മനോഹരമായ ബോണറ്റ് സ്ട്രിപ്പുകളും ടെയ്ല്‍ ലൈറ്റിലെ യൂണിയന്‍ ജാക്ക് പതാകയുമൊക്കെ ഇപ്പോഴും മാറ്റമില്ലാതെ തുടരുന്നു. യാത്രാ സുഖവും ഉന്നത നിലവാരവും നിരവധി കസ്റ്റമൈസേഷന്‍ ഓപ്ഷനുകളുമെല്ലാം ചേര്‍ന്ന് ഇന്നും മിനിയുടെ ആരാധകരുടെ എണ്ണം കൂട്ടുന്നുണ്ട്.

വൈദ്യുത കാര്‍ നിര്‍മിച്ച് മുന്നോട്ട്...

ആധുനിക ലോകത്തിലും ഏറ്റവും പ്രചാരമുള്ള ചെറുകാറാണ് മിനി 3 ഡോര്‍. ഡീസലിലും ഗ്യാസിലും പ്രവര്‍ത്തിക്കുന്ന എൻജിനുകള്‍ മിനിക്കുണ്ട്. മിനി കൂപ്പര്‍ എസ്.ഇ എന്ന വൈദ്യുത മോഡല്‍ 2020ലാണ് പുറത്തിറങ്ങുന്നത്. ഒറ്റ ചാര്‍ജില്‍ 270 കിലോമീറ്റര്‍ വരെ സഞ്ചരിക്കാന്‍ മിനി കൂപ്പര്‍ എസ്.ഇക്ക് സാധിക്കും. കഴിഞ്ഞ വര്‍ഷം വിറ്റ അഞ്ചിലൊന്ന് മിനി മോഡലുകളും വൈദ്യുതി ഇന്ധനത്തില്‍ പ്രവര്‍ത്തിക്കുന്നവയായിരുന്നു. വൈദ്യുത കാര്‍ നിര്‍മിച്ചു തന്നെയാണ് മിനി കാറുകളില്‍ പത്തു ലക്ഷം എണ്ണം പൂര്‍ത്തിയാക്കുന്നതും.

റോഡില്‍ മാത്രമല്ല റേസിംങ് ട്രാക്കിലും അദ്ഭുതം സൃഷ്ടിച്ചിട്ടുണ്ട് മിനി. റേസ് കാര്‍ ഡിസൈനര്‍ ജോണ്‍ കൂപ്പര്‍ ക്ലാസിക് മിനിയെ അടിസ്ഥാനമാക്കിക്കൊണ്ട് ജി.ടി മോഡല്‍ 1960ല്‍ നിര്‍മിച്ചിരുന്നു. ഇതോടെയാണ് ചെറു ഫാമിലി കാറില്‍ നിന്നും സൂപ്പര്‍ കാറായി മിനി കൂപ്പര്‍ മാറുന്നത്. മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗത്തിലേക്ക് വെറും 5.2 സെക്കന്റില്‍ കുതിച്ചെത്തി മിനി കൂപ്പര്‍ ഏവരേയും ഞെട്ടിച്ചു. പത്തു ലക്ഷം കാറുകള്‍ വിറ്റ ശേഷവും കാര്‍ പ്രേമികളുടെ ഹൃദയത്തില്‍ സവിശേഷ സ്ഥാനമുള്ള മിനി വരും വര്‍ഷങ്ങളിലും ജൈത്ര യാത്ര തുടരുമെന്ന് തന്നെയാണ് പ്രതീക്ഷ.

English Summary: Mini Cooper 3 Door Model Crosses Sales Of 1 Million Units

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com